തിരുവനന്തപുരം: എസ്.സി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ യുവാവിന്റെ സർട്ടിഫിക്കറ്റിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തി ജോലി നഷ്ടപ്പെടുത്തിയെന്ന് പരാതി. അടൂർ തഹസീൽദാർ ബീനാ ഹനീഫിനെതിരെയുള്ള പരാതി കൊല്ലം ഏനാത്ത് സ്വദേശി സുലാൽ മുഖ്യമന്ത്രിക്ക് നൽകി.

സുലാലിന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്. പിതാവിന്റെ സമുദായമായ പാണ സമുദായമാണ് സുലാലിന്റെ സർട്ടിഫിക്കറ്റുകളിൽ. അത്തരത്തിൽ എസ്.സി വിഭാഗത്തിൽപെട്ടയാളാണ് സുലാൽ. ഒരു ജോലി സംബന്ധമായ ആവശ്യത്തിന് വേണ്ടിയാണ് സുലാൽ ജാതി സർട്ടിഫിക്കറ്റിനായി അടൂർ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയത്. എന്നാൽ ജാതി സർട്ടിഫിക്കറ്റിനൊപ്പം നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക അവസ്ഥയിലാണെന്ന് അധികമായി ഉൾപ്പെടുത്തിയുമാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് സുലാൽ ആരോപിക്കുന്നു.

തനിക്ക് ഈ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മതിയെന്നുമുള്ള വിവരം സുലാൽ തഹസീൽദാരോട് നേരിട്ട് പറയുകയും അവരുടെ നിർദ്ദേശപ്രകാരം ഏനാത്ത് വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്, സമുദായ സംഘടനയുടെ കത്ത്, സമുദായത്തിൽപെട്ട രണ്ടുപേരുടെ സാക്ഷിമൊഴി എന്നിവ താലൂക്ക് ഓഫീസിൽ ഹാജരാക്കുകയും ചെയ്തു. എന്നിട്ടും ജാതി സർട്ടിഫിക്കറ്റ് നൽകാൻ തഹസീൽദാർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം തിരക്കി തഹസീൽദാറിനെ സമീപിച്ച സുലാലിന്റെ അമ്മയെ തഹസീൽദാർ അപമാനിച്ചെന്നും പരാതിയിലുണ്ട്. പട്ടികജാതിക്കാരെ പോലെ ജീവിച്ചാൽ മാത്രമേ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകൂ എന്നാണ് തഹസീൽദാർ സുലാലിന്റെ അമ്മയോട് പറഞ്ഞത്.

മനഃപൂർവം ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് ജോലി ലഭിക്കാതിരിക്കാൻ തഹസീൽദാർ ശ്രമിക്കുന്നുവെന്ന് എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കളക്ടർക്കും പട്ടികജാതി കമ്മീഷനും സുലാൽ പരാതി നൽകി. കളക്ടർ ഇടപെട്ട് ആ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും പുതിയ സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പുതിയ തഹസീൽദാർ സ്ഥാനമേറ്റ ശേഷം ഒരു വർഷത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

ഇതിനുള്ളിൽ സിആർപിഎഫിന് വേണ്ടി മറ്റൊരു ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. എനിക്കെതിരെ പരാതി കൊടുത്ത നിങ്ങൾക്ക് ആര് പറഞ്ഞാലും ജാതി സർട്ടിഫിക്കറ്റ് നൽകില്ലെന്ന് തഹസീൽദാർ പറഞ്ഞതായും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നു. സമയത്തിന് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ സിആർപിഎഫിൽ ലഭിയ്‌ക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെട്ടെന്നും ഇവർ പരാതിപ്പെടുന്നു. മുമ്പ് പഠനാവശ്യങ്ങൾക്കും മറ്റുമായി ഒരു ഡസനോളം ജാതി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ വ്യക്തിവിദ്വേഷത്തിന്റെ പേരിലാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും സുലാൽ പറയുന്നു.

എന്നാൽ പരാതി ശരിയല്ലെന്നാണ് ബീനാ ഹനീഫിന്റെ വിശദീകരണം. താൻ നൽകിയ സർട്ടിഫിക്കറ്റ് കളക്ടർ റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടും അവർ പഴയ സർട്ടിഫിക്കറ്റ് തിരിച്ചുകൊണ്ടുവന്നില്ലെന്നും തന്റെ സർട്ടിഫിക്കറ്റ് കൊണ്ട് അവർക്ക് ജോലി നഷ്ടമൊന്നും ഉണ്ടായില്ലല്ലോ എന്നുമാണ് ബീനാ ഹനീഫ് ചോദിക്കുന്നത്. സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന ആരോപണവും അവർ നിഷേധിക്കുന്നു.