പത്തനംതിട്ട: മറ്റു പാർട്ടികളിലും സംസ്ഥാനങ്ങളിലും നടക്കുന്ന അയിത്താചരണം കണ്ട് ഞെട്ടുന്ന പാർട്ടിക്കാരാണ് സിപിഐഎം. എന്നാൽ, അവരുടെ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് പട്ടികജാതിക്കാരനായ ഏരിയാ കമ്മറ്റിയംഗത്തിന് അയിത്തം കൽപ്പിച്ചിരിക്കുന്നു. അടൂരിലാണ് സംഭവം. ഇത് കണ്ട് ഞെട്ടാൻ സിപിഐഎമ്മിൽ ആരുമില്ല.

പാർട്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും പട്ടിക ജാതിക്കാരനായ ഏരിയാ കമ്മിറ്റിയംഗത്തെ വിലക്കിയത് വിവാദമാവുകയാണ്. സിപി ഐഎം അടൂർ ഏരിയ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ വിശ്വംഭരനെയാണ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയത്. മണ്ണടി ലോക്കൽ കമ്മിയിൽപ്പെട്ട പതിനെട്ട് ബ്രാഞ്ചുകളിൽ നാല് എണ്ണം ഉദ്ഘാടനം ചെയ്യാൻ ഏരിയ കമ്മിറ്റി കെ വിശ്വംഭരനെ ചുമതലപ്പെടുത്തിയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം നടന്ന പ്ലാക്കാട്ടേത്ത് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വിശ്വംഭരൻ എത്തിയപ്പോഴേക്കും ഏരിയ കമ്മിറ്റിയംഗമായ അഡ്വ എസ് മനോജ് ഉദ്ഘാടനം നിർവഹിച്ചു കഴിഞ്ഞിരുന്നു.

ഏരിയ നേതൃത്വം ചുമതല നൽകിയ സമ്മേളനം പോലും ഉദ്ഘാടനം ചെയ്യാൻ അനുവദിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് വിശ്വംഭരൻ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കി. പികെ എസിന്റെ ജില്ലാ ഭാരവാഹി കൂടിയാണ് വിശ്വംഭരൻ. ഏരിയ -ജില്ലാ നേതൃത്വത്തിലെ ചിലരുടെ ഏകാധിപത്യ നടപടിയെ ചോദ്യം ചെയ്തതിനാൽ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാണ്ടിമലപ്പുറത്ത് വിശ്വംഭരന്റെവീടിന് സമീപം നടന്ന കേരളോത്സവത്തിന്റെ സമാപനത്തിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

പാർട്ടിയിലെ ചില നേതാക്കളുടെ ധാർഷ്ട്യവും ഏകാധിപത്യ പ്രവണതയും മൂലം മണ്ണടി ലോക്കൽ കമ്മിറ്റിയിലെ മിക്ക ബ്രാഞ്ച് സമ്മേളനങ്ങളിലും വിഭാഗീയത ശക്തമായിരിക്കുകയാണ്. മണ്ണടി മുടിപ്പുര ബ്രാഞ്ചു സമ്മേളനത്തിൽ നിന്നും പതിനഞ്ചോളം പ്രതിനിധികൾ ഇറങ്ങിപ്പോയത് വിഭാഗീയതയ്ക്ക് ആക്കം കൂട്ടുന്നു. പാർട്ടിയിലെ മുതിർന്ന അംഗങ്ങളോട് ഏരിയാ കമ്മിറ്റിയംഗം നടത്തിക്കൊണ്ടിരിക്കുന്ന ധിക്കാരപരമായ സമീപനവും പല ബ്രാഞ്ചുകളിലും പ്രതിനിധികൾ ചർച്ചയ്ക്കിടയാക്കി.

ഈ ഏരിയാ കമ്മിറ്റിയംഗം കൊല്ലം സ്വദേശിയായ അടുത്ത ബന്ധുവിനെ മണ്ണടിയിൽ പാർട്ടി അംഗമായി ഉൾപ്പെടുത്തി ജില്ലാ നേതൃത്വത്തിന്റെ ശുപാർശയിൽ ഹൈക്കോടതിയിൽ ഗവ. പ്ലീഡറാക്കിയതിലും പാർട്ടി ലോക്കൽ കമ്മിറ്റിയംഗങ്ങളിലുൾപ്പെടെ വലിയ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. മണ്ണടിയിൽ ആർഎസ്എസിനെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വത്തിലെ ചിലർ സഹായിക്കുന്നതും മുതിർന്ന പാർട്ടിഅണികൾക്കിടയിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്.