സാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പഞ്ചാബിലെ മൊഹീന്ദർ സിഘ് ഗില്ലും ദൽജീന്ദർ കൗറും. ഒരു കുഞ്ഞിനുവേണ്ടിയുള്ള ഇവരുടെ കാത്തിരിപ്പ് സഫലമായത് 46 വർഷത്തിനുശേഷമാണ്. 72-ാം വയസ്സിൽ ഒരു കുഞ്ഞിന് ദൽജീന്ദർ ജന്മം നൽകുമ്പോൾ ലോകം ഈ മാതാവിനെ നമിക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 16-നാണ് അർമാൻ എന്ന ആൺകുഞ്ഞിന്റെ ജനനം. ഹിസാറിലെ വന്ധ്യതാ ക്ലിനിക്കിൽ രണ്ടുവർഷം ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായ ശേഷമാണ് ദൽജീന്ദർ ഗർഭം ധരിച്ചത്. എല്ലാവരും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആവശ്യപ്പെട്ടപ്പോഴും സ്വന്തം കുഞ്ഞെന്ന മോഹം ഇവരിൽ നിറഞ്ഞുനിൽക്കുകയായിരുന്നു.

1970 ഒക്ടോബർ ഏഴിനാണ് ദൽജീന്ദറും മൊഹീന്ദറും വിവാഹിതരായത്. രണ്ടുതവണ ദൽജീന്ദർ ഗർഭിണിയായെങ്കിലും അലസിപ്പോയി. അപ്പോഴും പ്രതീക്ഷ കൈവിടാതെ ഇവർ കാത്തിരുന്നു. ഏറ്റവും പ്രായം കൂടിയ അമ്മയെന്ന ലോകറെക്കോഡാണ് ഇതോടെ ഇവരെ തേടിയെത്തിയത്.

ഹരിയാണക്കാരിയായ രജോ ദേവിയുടെ റെക്കോഡാണ് ദൽജീന്ദർ ഭേദിച്ചത്. 2008-ൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ 70 വയസ്സായിരുന്നു രജോ ദേവിയുടെ പ്രായം. ഹിസാറിലെ ക്ലിനിക്കിൽത്തന്നെയായിരുന്നു രജോ ദേവിയും പ്രസവിച്ചത്. ആറുമാസം മുമ്പ് ഭർത്താവ് ബാലറാമിനും മകൾ നവീനുമൊപ്പം രജോ ക്ലിനിക്കിലെത്തിയിയിരുന്നു.

ഇത്രയും പ്രായം ചെന്നശേഷം ഗർഭം ധരിക്കുന്നതിനെ പലരും ചോദ്യം ചെയ്യുന്നുണ്ടെന്ന് ക്ലിനിക്കിന്റെ ഉടമയായ അനുരാഗ് ബൈഷ്‌ണോയ് പറയുന്നു. എന്നാൽ, ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമുള്ളവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ 90 ശതമാനം പേരും ഈ ചികിത്സയെ അനുകൂലിക്കുമെന്നും അദ്ദേഹം പറയുന്നു.