ഡാളസ്: ഡാളസിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഏകദിന റിക്കാർഡ് വർധന. ഡിസംബർ 2 ശനിയാഴ്ച 2842 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണ സംഖ്യയും ഉയർന്നിട്ടുണ്ട്. ശനിയാഴ്ച മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നതായി ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് റിപ്പോർട്ട് ചെയ്തു. മുപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ള ഒമ്പത് പേരാണ് മരിച്ചത്. മറ്റുള്ളവർ അറുപത് വയസിനു മുകളിലുള്ളവരും.

ഡാളസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 174477 ആയി. ടെക്സസ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ട ഹാരിസ് കൗണ്ടിക്ക് താഴെയാണ് ഡാളസ് കൗണ്ടിയുടെ സ്ഥാനം.ഈയിടെ പൊതുജനങ്ങൾ താങ്ക്സ് ഗിവിങ്, ക്രിസ്മസ്, പുതുവത്സര നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തതാണ് രോഗവ്യാപനം വർധിക്കുന്നതിന് ഇടയായിട്ടുള്ളത്.

മാസ്‌കും, സോഷ്യൽ ഡിസ്റ്റൻസിംഗും തുടർന്നും കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.