ഡാളസ്: ഒരു ദിവസത്തിൽ 18 പൂജകൾ, 41 ദേവന്മാർക്കർപ്പിക്കുന്ന ബൃഹത്തായ ഉദയാസ്തമന പൂജ, ക്ഷേത്ര തന്ത്രി കരിയന്നൂർ ദിവാകരൻനമ്പൂതിരിയുടെ പ്രധാന കാർമികത്വത്തിൽ നിർവഹിക്കാൻ, വേദമന്ത്രങ്ങൾ സ്വായത്തമാക്കിയ അനേകം ശാന്തിമാർ ഡാളസിൽ എത്തിച്ചേരുന്നു.

നാട്ടിൽനിന്ന് എത്തുന്ന മേളക്കാരുടെ അകമ്പടി ഈ പൂജകളിൽ ഉടനീളം ഉണ്ടായിരിക്കും. പ്രതിഷ്ഠാദിന വാർഷികത്തോടനുബന്ധിച്ച് പത്തു ദിവസത്തേക്കാണ് ഈ പൂജ നടത്തപ്പെടുന്നത്. ഉദയാസ്തമന പൂജ നടത്തുന്ന ഭക്തൻ, ഒരു ദിവസത്തെ ഉത്സവത്തിനു സമാനമായ പൂജാദി കർമങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കുമ്പോൾ, ദേവപ്രസാദമായി സർവൈശ്വര്യങ്ങൾ വ്യക്തിക്കും സമൂഹത്തിനും ലഭിക്കുന്നു എന്നതാണു വിശ്വാസം.

ശ്രീ കൃഷ്ണഭക്തരുടെ ആധിക്യം കൊണ്ട് 25 വർഷത്തേക്കുള്ള ബുക്കിങ് പൂർത്തിയായിരിക്കുകയാണ്. പുതിയ ബുക്കിംഗുകൾ സ്വീകരിക്കാതിരിക്കുന്ന ഗുരുവായൂർ, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ, ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ലഭ്യമാക്കാൻ സാധിക്കുന്നത് ഭഗവൽ പ്രസാദം കൊണ്ടുമാത്രമാണന്നു കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ളയും ട്രസ്റ്റി ചെയർമാൻ ഹരി പിള്ളയും അഭിപ്രായപ്പെട്ടു.