മസ്‌കിറ്റ് (ഡാലസ്) : ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ കൈപ്പുഴയിൽ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം 23 ന് വൈകിട്ട് ഗാർലന്റ് കിയ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കൈപ്പുഴ സംഗമത്തിന്റെ സംഘാടകരിൽ പ്രമുഖനായ തിയോഫിൻ ചാമക്കാല സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും ആമുഖ പ്രസംഗത്തിൽ വിശദീകരിച്ചു.

കൈപ്പുഴ ഗ്രാമത്തിന്റെ ആവേശമായി നടന്നുവന്നിരുന്ന ബിസിഎം ഫുട്ബോൾ ടൂർണ്ണമെന്റ് തുടർന്ന് കൊണ്ടു പോകുന്നതിനുള്ള പ്രേരണയും സാമ്പത്തിക സഹായവും നൽകി എന്നുള്ളത് ഡാലസിലെ കൈപ്പുഴ നിവാസികളെ സംബന്ധിച്ചു അഭിമാനപൂർവ്വം അവകാശപ്പെടാവുന്നതാണ്. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ റിട്ട. അദ്ധ്യാപകൻ തോമസ് പവ്വത്തിൽ മുഖ്യാതിഥിയായിരുന്നു. വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്തുക്കളേയും പ്രദേശവാസികളേയും ഒന്നിച്ചു കാണുന്നതിനും ആവേശഭരിതമായ ഓർമ്മകൾ പങ്കുവെയ്ക്കുന്നതിനും കഴിഞ്ഞതിൽ തോമസ് സംഘാടകരെ പ്രത്യേകം അഭിനന്ദിച്ചു.

സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാളായ മാത്തുക്കുട്ടി ചാമക്കാല, 1985 ൽ രൂപീകൃതമായ സംഘടനയുടെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ചു സവിസ്തരം പ്രതിപാദിച്ചു. തുടർന്ന് കവിയും സാഹിത്യകാരനും കൈപ്പുഴ നിവാസിയുമായ ജോസ് ഓച്ചാലിൽ, കൈപ്പുഴ പ്രദേശവുമായുള്ള ബന്ധവും വിവിധ അനുഭവങ്ങളും പങ്കുവെച്ചു. തൊമ്മച്ചൻ മുകളേൽ (കെസിഎ പ്രസിഡന്റ്), കുഞ്ഞുമോൻ പവ്വത്തിൽ, ജോസി ചാമക്കാല കിഴക്കേ തിൽ, കിഷോർ തറയിൽ, ബേബി അതിമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.