ഡാലസ്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാലസ് ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം മെയ്‌ 7 (ഞായറാഴ്ച) ന് നടന്നു. നോർത്ത് സ്റ്റെമ്മൻസ് ഹെബ്രോൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഹാളിൽ വച്ചായിരുന്നു ഉദ്ഘാടനസമ്മേളനം.

പാസ്റ്റർ കെ. വി. തോമസിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്കുശേഷം ജോർജ് ടി.മാത്യുവിന്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. റൈറ്റേഴ്സ് ഫോറം ചെയർമാൻ തോമസ് മുല്ലയ്ക്കൽ ആമുഖപ്രസംഗവും സെക്രട്ടറി രാജു തരകൻ (എക്സ്പ്രസ് ഹെറാൾഡ് ചീഫ് എഡിറ്റർ) സ്വാഗതവും മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.

ഡാലസിലെ അനുഗ്രഹീത ഗായിക സ്വപ്ന തരകന്റെ ശ്രുതിമധുരഗാനത്തിനു ശേഷം സംഘടനയുടെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ പ്രസിഡന്റ് തോമസ് മുല്ലയ്ക്കൽ വിശദീകരിച്ചു.

ഡാലസിലെ പുതിയ എഴുത്തുകാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും
രചനകൾ സംഘടനയുടെ മുഖപത്രമായ റൈറ്റേഴ്സ് കോർണറിൽ പ്രസിദ്ധീകരിക്കുന്നതിനും എഴുത്തുകാർക്കുള്ള പഠനശിബിരങ്ങൾ  സംഘടിപ്പിക്കുന്നതിനും മുൻഗണന നല്കുമെന്ന് തോമസ് മുല്ലയ്ക്കൻ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സംഘടനയുടെ പ്രഥമ സംരംഭമായ റൈറ്റേഴ്സ് കോർണർ മാസികയുടെ ആദ്യ പ്രതി ഡാലസിലെ പ്രമുഖ വചനപണ്ഡിതനും കൺവൻഷൻ പ്രസംഗകനും നിരവധി ക്രിസ്തീയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ വിയ്യപുരം ജോർജ്ജുകുട്ടി മാധ്യമപ്രവർത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ സെക്രട്ടറിയുമായ പി. പി. ചെറിയാന് നൽകി പ്രസിദ്ധീകരണ ഉദ്ഘാടനം
നിർവ്വഹിച്ചു.

രജി എൻ. ഏബ്രഹാം, യോഹന്നാൻകുട്ടി ദാനിയേൽ, സി. പി. മോനായി, എസ് പി. ജെയിംസ് (മുൻ പ്രസിഡന്റ്) സാം മാത്യു(പബ്ലിക് റിലേഷൻസ്) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. ജെയ്സൺ മാത്യുവിന്റെ ഗാനത്തിനുശേഷം മുഖ്യാതിഥിയായി പങ്കെടുത്ത പാസ്റ്റർ തോമസ് മാമ്മൻ തിരുവചനാടിസ്ഥാനത്തിൽ എഴുത്തുകാരുടെ പരമപ്രധാന ലക്ഷ്യങ്ങൾ
എന്തായിരിക്കണമെന്നും സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും
പ്രഭാഷണം നടത്തി.

സംഘടനാ ട്രഷറർ വെസ് ലി മാത്യു നന്ദി പറഞ്ഞു. ഡാലസിലെ വിവിധ
ചർച്ചുകളിൽ നിന്നുള്ള പ്രവർത്തകരും സഭാ ശുശ്രൂഷകരും ഉദ്ഘാടന
സമ്മേളനത്തിൽ പങ്കെടുത്തു.