- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃഷ്ടി പ്രദേശത്തെ കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.38 അടിയായി; മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയും; മുല്ലപ്പെരിയാർ രാവിലെ തുറക്കും; ഇടുക്കിയും പിന്നാലെ; കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് കൂടിയാകുമ്പോൾ വീണ്ടും പ്രളയ ഭീതി; മലയോരത്ത് അതീവ ജാഗ്രത; പേമാരിയിൽ വലഞ്ഞ് കേരളം
ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ , ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മഴ ഇനിയും തുടരുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ വീണ്ടും ഭീതി ഉയരുകയാണ്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടിയിലേക്ക് എത്തുകയാണ്. റൂൾകർവ്വ് പ്രകാരം 141 അടി വെള്ളം ഇപ്പോൾ സംഭരിക്കാം. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ തുറക്കാൻ സാധ്യത ഏറെയാണ്. ഇടുക്കിയിലും നീരൊഴുക്ക് ശക്തം. 2400 അടിയിലേക്ക് ജലനിരപ്പ് ഉയരുകാണ്. ഇതും ഉടൻ തുറക്കും. വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.38 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയായി ഉയർന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലേക്ക് എത്തിയതിനാൽ ഷട്ടറുകൾ രാവിലെ 8ന് തുറക്കും. അണക്കെട്ടു തുറക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി കല്ലാർ അണക്കെട്ട് രാത്രി തുറന്നു. സെക്കൻഡിൽ 10,000 ലീറ്റർ വെള്ളമാണ് ഒഴുക്കുന്നത്.
കനത്ത മഴയിൽ കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളി ടൗണിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങി. മഴ വീണ്ടും കൂടുകയും ഡാമുകൾ തുറക്കുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും. കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാളും ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടാണെങ്കിലും ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ നല്ല മഴ തുടരുന്നത് ഇടുക്കി ഡാമിലും മുല്ലപ്പെരിയാർ അണക്കെട്ടിലും പ്രതിസന്ധി രൂക്ഷമാക്കും. രണ്ട് ഡാമിന്റേയും വ്ൃഷ്ടി പ്രദേശത്ത് ഇപ്പോഴും നല്ല മഴയുണ്ട്. അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു. കല്ലാർ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെന്റീമീറ്റർ വീതം ഇരു ഷട്ടറുകളും ഉയർത്തി. 10 ക്യൂമെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്.
കല്ലാർ റിസർവോയറിൽ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലർട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. കല്ലാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ