പാലക്കാട്: ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ കുത്തൊഴുക്കിൽ ബൈക്കും യാത്രികനും ഒലിച്ചു പോയി. അഗ്‌നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. പാലക്കാട് പെരുമാട്ടിയിലാണ് അപകടമുണ്ടായത്.

പെരുമാട്ടി മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലൂടെ ബൈക്കിൽ പോകവേ മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. ഡാമിൽ നിന്നു തുറന്നുവിട്ട വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ബൈക്കും മുനിയപ്പനും പാലത്തിനു താഴേക്ക് ഒലിച്ചു പോകുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തിൽ പിടിച്ചുനിൽക്കാൻ സാധിച്ചെങ്കിലും കരയിലെത്താനായില്ല. തുടർന്ന് അഗ്‌നിശമന സേനാംഗങ്ങളെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.



ചിറ്റൂർ അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. അപ്പുണ്ണി, ബി.ആർ അരുൺകുമാർ, പി.എസ്. സന്തോഷ് കുമാർ, എസ്. രമേശ്, വി. രമേഷ്, പി. എം. മഹേഷ്, എൻ.ആർ റഷീദ്, എം. സുജിൻ, പി.സി. ദിനേശ്, ഹോംഗാർഡ് മാരായ എം. രവി, സി. ഗോപാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



സിവിൽ ഡിഫൻസ് അംഗം ബാബു നന്ദിയോടും പരിസരവാസികളായ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മീനാക്ഷിപുരം പൊലീസ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നിലംപതി പാലം താതാകാലികമായി അടച്ചിട്ടു.