- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ഉയർത്തി; ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം; ഇടമലയാർ അണക്കെട്ടിൽ നിന്നും നാളെ രാവിലെ വെള്ളം തുറന്നുവിടും; നദികളിൽ ഇറങ്ങുന്നതിന് നിരോധനം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും ഉയർത്തി. ഇടുക്കി അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിവന്നതോടെ വൈകുന്നേരം 03.30ഓടെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്കൊഴുക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി. 1,5 ഷട്ടറുകൾ 40 സെന്റീമീറ്റർ വീതവും 2.3,4 ഷട്ടറുകൾ 120 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയിട്ടുള്ളത്.
ഉച്ചയ്ക്ക് 3 -ന് 2386.10 അടിയായിരുന്നു. സംഭരണ ശേഷിയുടെ 85.86 ശതമാനമാണ്.ഈ സാഹചര്യത്തിലാണ് 5 മണിയോടെ കൂടുതൽ വെള്ളമൊഴുക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇടുക്കിക്ക് പിന്നാലെ ഇടമലയാർ അണക്കെട്ടിൽ നിന്നും നാളെ രാവിലെ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാ9 സാധ്യത. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാj തീരത്ത് ജാഗ്രത പുല4ത്തണമെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഇടുക്കിയിൽ നിന്നും നാളെ 500 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് സൂചന. ഇടമലയാറിൽ നിന്നും നാളെ (ഓഗസ്റ്റ 09) രാവിലെ 10 മണിക്ക് 50 മുതൽ 100 ക്യുമെക്‌സ് വരെ ജലം പെരിയാറിലേക്ക് ഒഴുക്കും.
കാലാവസ്ഥ റിപ്പോർട്ട് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസവും ഗ്രീൻ അലർട്ടാണ്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഡാമുകളിൽ നിന്നുള്ള വെള്ളത്തെ ഉൾക്കൊള്ളാ9 പെരിയാറിനാകുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. ഇടുക്കിയിൽ നിന്നുള്ള ജലപ്രവാഹം നിയന്ത്രിതമായ തോതിലായതിനാൽ ജില്ലയിലെ പെരിയാർ തടത്തിൽ ഇത് തിങ്കളാഴ്‌ച്ച കാര്യമായി പ്രതിഫലിച്ചിട്ടില്ല. എന്നാൽ വൈകിട്ട് മുതൽ 300 ക്യുമെക്‌സ് നിരക്കിലാണ് വെള്ളം പുറന്തള്ളുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നെത്തുന്ന വെള്ളത്തിന് പുറമെ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം തുറന്നു വിടുന്നത്. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നുമുള്ള ജലം ഭൂതത്താ9കെട്ട് ബാരേജ് പിന്നിട്ട് മലയാറ്റൂർ, കാലടി വഴിയാണ് ആലുവയിലേക്കും തുടർന്ന് വേമ്പനാട് കായലിലേക്കുമെത്തുന്നത്.
ഇടുക്കിയിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് വർധിക്കുകയും ഇടമലയാർ ചൊവ്വാഴ്‌ച്ച രാവിലെ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ പെരിയാറിലും കൈ വഴികളിലും വലിയ തോതിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. പെരിയാർ തീരമേഖലയിൽ മൈക്ക് അനൗൺസ്‌മെന്റ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്‌ച്ച അവധിയാണെങ്കിലും ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാവരും പ്രവർത്തനരംഗത്തുണ്ടാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
നേര്യമംഗലം മുതൽ പെരിയാറിലെ ജലനിരപ്പ് നിരീക്ഷിക്കാൻ ജലസേചന വകുപ്പ് സംവിധാനം ഏർപ്പെടുത്തി. പൂയംകുട്ടി, തട്ടേക്കാട് തുടങ്ങിയ മേഖലകളിലും ജലനിരപ്പ് നിരീക്ഷിക്കും. ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, ആലുവ മാർത്താണ്ഡവർമ്മ, മംഗലപ്പുഴ എന്നിവിടങ്ങളിലും 24 മണിക്കൂറും ജലനിരപ്പ് അളക്കുന്നുണ്ട്. പൊലീസിന്റെയും ഫയർ ആൻഡ് റെസ്‌ക്യു സർവീസസിന്റെയും പട്രോളിംഗുമുണ്ടാകും. പെരിയാർ നദിയും കൈവഴികളും കടന്നു പോകുന്ന സ്ഥലങ്ങളിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണമുണ്ട്. നദിയിൽ ഇറങ്ങുന്നത് കർശനമായി തടയും. 21 അംഗ ദേശീയ ദുരന്ത പ്രതികരണ സേന ജില്ലയിൽ എത്തിയിട്ടുണ്ട്. സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ സേനയെ വിന്യസിക്കും. പെരിയാർ നദിയിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്യാമ്പുകൾ തുടരാനും കളക്ടർ നിർദേശിച്ചു.
യോഗത്തിൽ എറണാകുളം റൂറൽ എസ്. പി വിവേക് കുമാർ, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം ) ഉഷ ബിന്ദുമോൾ, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ബാജി ചന്ദ്രൻ, തഹസീൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
നദികളിൽ ഇറങ്ങുന്നതിന് നിരോധനം
ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ നദിയിലും കൈ വഴികളിലും ഇറങ്ങരുതെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഡാമുകളിൽ നിന്നുള്ള വെള്ളം നദിയിൽ എത്തുന്നതിനാൽ ജല നിരപ്പ് സാരമായി ഉയർന്നില്ലെങ്കിലും വെള്ളം ഒഴുകുന്ന ശക്തി കൂടുതലായിരിക്കും എന്നത് കണക്കിൽ എടുത്താണ് ഈ നിർദ്ദേശം. പുഴയിൽ ഇറങ്ങുന്നതിനും നീന്തുന്നതിനും നിരോധനമുണ്ട്. പുഴയിൽ കുളിക്കുവാനോ തുണിയലക്കുവാനോ പാടില്ല. ഈ പ്രദേശങ്ങളിൽ വിനോദ സഞ്ചാരപ്രവർത്തനങ്ങൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.