രാജ്യത്ത് പൊതുമാപ്പ് കാലവധി അവസാനിച്ചതോടെ വ്യാപക പരിശോധനയുമായി അധികൃതർ രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദമ്മാമിൽ നടത്തിയ പരിശോധനയിൽ അഞ്ഞുറോളം പേർ പിടിയിലായതായി അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്തവരെയാണ് അറസ്റ്റ് ചെയ്തത്.

നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ ശക്തമാക്കിയതായി കിഴക്കൻ പ്രവിശ്യ പൊലീസ് വക്താവ് സിയാദ് അൽ റീഖൈതി പറഞ്ഞു.ഇഖാമയും മറ്റു മതിയായ രേഖകളുമില്ലാ ത്തവരുമാണ് പിടിയിലായ വിദേശികളിൽ അധികവും. അനധികൃതമായി മറ്റ് സ്‌പോൺസർമാരുടെ കീഴിൽ ജോലി ചെയ്തവരും ഇവരിലുണ്ട്. വ്യാപാര കേന്ദ്രങ്ങൾ, മാളുകൾ,
മെഡിക്കൽ ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന സംഘമത്തെിയത്.

ദമ്മാം, അൽഖോബാർ, അൽ അഹ്‌സ എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സ്ഥാപനത്തിന്റെ രേഖകളിലെ ക്രമക്കേടുകൾ, അനുവദിച്ചതിലും കൂടുതൽ ജീവനക്കാരുടെ സാന്നിധ്യം, സ്വദേശി ജീവനക്കാരുടെ അനുപാതത്തിലെ കുറവ്, മതിയായ സുരക്ഷ ക്രമീകരണങ്ങളുടെ അഭാവം എന്നിവയാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കാരണം. നഗരത്തിന്റെ പുറത്തുള്ള കൃഷിയിടങ്ങളിൽ ഇത്തവണ ശക്തമായ പരിശോധനയാണ് നടത്തിയത്.