മുംബൈ: പുരുഷാധിപത്യം നിറഞ്ഞുനിൽക്കുന്ന ഗുസ്തി മേഖലയിലേക്ക് പെൺമക്കളെ ഇറക്കിവിടുന്ന അച്ഛന്റെ കഥപറയുന്ന ആമിർ ഖാൻ ചിത്രം ദംഗൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു. ക്രിസ്മസ് റിലീസായി വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.

ദംഗലിന്റെ പൂർണ രൂപമാണ് ഹാഷിം അഹ് എന്ന ഉപഭോക്താവ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. മൂന്നര ലക്ഷത്തിലധികം പേർ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. പതിനെട്ടായിരം പേർ ഡൗൺലോഡ് ചെയ്യുകയുമുണ്ടായി. വൻതോതിൽ ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. പാക്കിസ്ഥാനിൽ നിന്നുമാണ് ദംഗലിന്റെ മുഴുനീള പതിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് പ്രാഥമിക സൂചന.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അയ്യായിരത്തോളം സ്‌ക്രീനുകളിലാണ് ദംഗൽ റിലീസ് ചെയ്തിരിക്കുന്നത്. റിലീസിംഗിനു മുമ്പേ ചിത്രം മുടക്കമുതൽ തിരിച്ചുപിടിച്ചിരുന്നു. ബോളിവുഡിലെ ഏറ്റവും ഉയർന്ന സാറ്റ്ലൈറ്റ് റേറ്റ് നേടിയാണ് ദംഗൽ റിലീസിന് മുമ്പുതന്നെ മുടക്ക് മുതൽ തിരിച്ച് പിടിച്ചിരിക്കുന്നത്. 70 കോടി മുടക്ക് മുതൽ കണക്കാക്കുന്ന ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുന്നത് 75 കോടിക്കാണ്. സീ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.

നിതേഷ് തിവാരി സംവിധാനം ചെയ്ത് ആമിർ ഖാൻ കേന്ദ്രവേഷം കൈകാര്യം ചെയ്യുന്ന ദംഗലിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ എത്തി മണിക്കൂറുകൾക്കകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മഹാവീർ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശബാന ആസ്മിയും കരൺ ജോഹറുമാണ് ചിത്രം കണ്ട് ആദ്യം അഭിപ്രായം പറഞ്ഞ രണ്ടുപേർ. ദംഗലിന് മുന്നേ ഗുസ്തി പശ്ചാത്തലമാക്കിയ സുൽത്താൻ എന്ന ചിത്രവുമായെത്തി ചരിത്രം തീർത്ത താരമാണ് മസിൽമാൻ സൽമാൻ ഖാൻ. എന്നാൽ ദംഗൽ സുൽത്താനേയും കടത്തിവെട്ടുമെന്ന വിവരങ്ങളാണ് തുടക്കത്തിൽ ലഭിക്കുന്നത്.