ചെർണോബിൽ: ഒറ്റരാത്രികൊണ്ട് ചെർണോബിലിനെ സമ്പൂർണ നിയന്ത്രണത്തിലാക്കിയാണ് റഷ്യ ഇപ്പോൾ യുക്രൈനിൽ മുന്നേറ്റം നടത്തുന്നത്. റഷ്യൻ സൈന്യം കീഴടക്കിയ ചെർണോബിൽ ആണവനിലയത്തിലെ ജീവനക്കാർ അതീവ അപകടകരമായ അവസ്ഥയിലാണ് ഉള്ളത്. പുടിന്റെ സേന സൈറ്റിൽ ഭീകരാക്രമണം നടത്താൻ തയ്യാറെടുക്കുകയാണെന്നാണ് കീവിന്റെ രഹസ്യാന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. ആണവച്ചോർച്ചയെ തുടർന്നു സോവിയറ്റ് കാലത്തു പ്രവർത്തനം നിർത്തിയതാണു ചെർണോബിൽ നിലയം. അവിടെ ആണവച്ചോർച്ച തടയാനുള്ള സുരക്ഷാസംവിധാനം വൈദ്യുതി വിതരണം നിലച്ചതോടെ തകരാറിലായെന്നാണ് ആശങ്ക. നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണു നിലയം.

വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ലെന്നും ആണവവികിരണത്തിനു സാധ്യത കൂടുതലാണെന്നും യുക്രൈൻ ആവർത്തിച്ചു. എന്നാൽ, ബെലാറസിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി തകരാറുകൾ പരിഹരിച്ചെന്നും വിതരണം പുനഃസ്ഥാപിച്ചുവെന്നും റഷ്യൻ ഊർജ്ജ മന്ത്രാലയം അവകാശപ്പെട്ടു. എങ്കിലും ആണവ നിലയം റഷ്യ കീഴടക്കിയതോടെ സാധാരണയായി 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ രണ്ടാഴ്ചയിലേറെയായി റഷ്യയുടെ തോക്കിന് മുനയിൽ കഴിയുകയാണ്. റഷ്യൻ ആക്രമണത്തിനിടെയാണു നിലയത്തിലേക്കുള്ള വൈദ്യുതിലൈനുകൾ തകർന്നത്.

ചെർണോബിലിൽ ഒരു 'മനുഷ്യനിർമ്മിത ദുരന്തം' സൃഷ്ടിക്കാൻ തന്റെ സൈനികരോട് പുടിൻ ഉത്തരവിട്ടിട്ടുണ്ടെന്ന് യുക്രേനിയൻ രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, യുക്രെയ്നെതിരെ രാസായുധം പ്രയോഗിച്ചാൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. യുക്രെയ്നുമേൽ അധിനിവേശം തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതൽ നടപടിയുമായാണ് യുഎസ് രംഗത്തിറങ്ങിയിരിക്കുന്നത്. വ്യാപാര മേഖലയിൽ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്ന് ബൈഡൻ പറഞ്ഞു. വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയും നിരോധിക്കും.

റഷ്യൻ പാർലമെന്റ് അംഗങ്ങൾക്കും ബാങ്കിങ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തും. അതേസമയം, യുക്രെയ്നിലെ റഷ്യൻ അധിനിവേശം തടയാൻ യുഎസിന്റെ നേരിട്ടുള്ള ഇടപെടൽ ബൈഡൻ നിഷേധിച്ചു. നാറ്റോ സഖ്യത്തെ പിണയ്ക്കുന്ന അത്തരം നീക്കങ്ങൾ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ബൈഡൻ വ്യക്തമാക്കി. റഷ്യൻ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രെയ്ൻ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബൈഡൻ നിലപാടു വ്യക്തമാക്കിയത്.