ഡെന്മാർക്ക് പൊതുമേഖലാ സർവ്വീസിലെ തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സേവന വേതന വ്യവസ്ഥയിൽ വന്നേക്കുന്ന തർക്കങ്ങളാണ് പണിമുടക്കിന് കാരണം. ഏപ്രിൽ നാല് മുതൽ നടത്തുന്ന സമരം വിദ്യാഭ്യാസ മേഖല അടക്കമുള്ള നിരവധി മേഖലകളെയാണ് ബാദിക്കുക.

അദ്ധ്യാപകരും സമരത്തിൽ പങ്കാളികളാകുന്നതുകൊണ്ട് ഏകദേശം 100,000 ത്തോളം വിദ്യാർത്ഥികൾക്കും സമരം ബാധിക്കുമെന്ന് ഉറപ്പാണ്. തൊഴിലാളികൾ സമരഭീഷണി മുഴക്കിയതോടെ വരുന്ന അവധി ദിവസങ്ങളിൽ പോലും അവധിയെടുപ്പിക്കാതെ പണിയെടുപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നതെന്നാണ് സൂചന. അധികാരികളും ട്രേഡ് യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കങ്ങൾ ദിവസങ്ങളായി തുടരുകയാണ്.

മുനിസിപ്പൽ, റീജിയൻ, സ്റ്റേറ്റ് ജീവനക്കാർ എന്നിവരാണ് പണിമുടക്കിൽ പങ്ക് ചേരുക. ഇവരുടെ ലേബർ കോൺട്രാക്ടിൽ വന്നിരിക്കുന്ന പുതിയ ശമ്പളവ്യവസ്ഥയിലും സേവന വ്യവസ്ഥയിലുമുള്ള എതിർപ്പാണ് സമരത്തിന് പിന്നിലെ കാരണം. ഏപ്രിൽ നാലിന് ആരംഭിക്കുന്ന സമരം 10 വരെയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇതിന് മുമ്പ് യൂണിയനുമായി ചർച്ച് തീരുമാനമായാൽ സമരം പിൻവലിക്കപ്പെടും.

ഡാനിഷ് തൊഴിൽ നിയമപ്രകാരം വ്യവസായ മേഖലകളിൽ സമരം ഔദ്യോഗികമായി ആരംഭിച്ച് കഴിഞ്ഞാൽ മറ്റ് അവധി ദിനങ്ങൾ ലഭ്യമാകില്ല. അതുകൊണ്ട് തന്നെ ജീവനക്കാർ ഏപ്രിൽ മെയ് മാസങ്ങളിൽ അവധിയാഘോഷിക്കാമെന്ന മോഹം വേണ്ടെന്നാണ് അധികൃതർ പറയുന്നു.