കോപ്പൻഹേഗൻ: മുസ്ലിം വിദ്യാർത്ഥിനികൾ നിഖാബ് ധരിക്കുന്നത് സ്‌കൂൾ തടഞ്ഞത് ഏറെ വിവാദമായി. എന്നാൽ ബുർഖ ധരിക്കുന്നത് തടഞ്ഞത് മതപരമായ ഏതെങ്കിലും കാര്യം സംബന്ധിച്ചല്ലെന്നും മെച്ചപ്പെട്ട ആശയവിനിമയം നടത്തണമെങ്കിൽ മുഖം മൂടിയിരിക്കുന്നത് ശരിയല്ലെന്നുള്ള ധാരണകൊണ്ടാണ് ഇതു തടഞ്ഞതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വടക്കൻ കോപ്പൻഹേഗനിലെ ലിങ്‌ബി മേഖലയിലുള്ള ഒരു സ്‌കൂളിലാണ് വിദ്യാർത്ഥിനികൾ തലമറയ്ക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഹിജാബ് ധരിച്ചുകൊണ്ട് ഇനി ക്ലാസുകളിൽ പങ്കെടുക്കേണ്ടതില്ലെന്നും അവർക്ക് വേണമെങ്കിൽ ഇ-ലേണിങ് സംവിധാനത്തിലൂടെ പഠനം പൂർത്തിയാക്കാമെന്നും സ്‌കൂൾ അധികൃതർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സ്‌കൂൾ അധികൃതർ കുറച്ചു നാൾ മുമ്പു തന്നെ ഉത്തരവിറക്കിയെങ്കിലും അടുത്തകാലത്താണ് ഇതു സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്‌കൂളിന്റെ നയത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരിക്കുകയാണ്.

സ്‌കൂളിലെ ആറു വിദ്യാർത്ഥിനികൾക്കാണ് മുഖം മറയ്ക്കരുതെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. മുസ്ലിം വിദ്യാർത്ഥിനികളോട് ബുർഖ ധരിക്കരുതെന്ന് ആവശ്യപ്പെട്ട സ്‌കൂൾ അധികൃതർക്ക് പറയാൻ അവകാശമില്ലെന്ന് ഉയർത്തിക്കാട്ടി പല രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്

നിലവിൽ ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിൽ മാത്രമാണ് മുസ്ലിംകൾ പർദ ധരിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. സ്വിറ്റ്‌സർലണ്ട്, ഇറ്റലി, സ്‌പെയിൽ എന്നീ രാജ്യങ്ങളിൽ ചില മേഖലകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.