ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂൾ പഠിക്കുന്ന കാലത്ത് നാട് വിട്ട് പോയതാണെന്നും ഉള്ള അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂർ സ്വദേശികളായ വയോധികദമ്പതികൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി.

എന്നാൽ ഇവരുടെ ഹർജി കഴിഞ്ഞ വർഷം ഏപ്രിലിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. അന്ന് ധനുഷ് ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ചായിരുന്നു ദമ്പതികളുടെ രണ്ടാമത്തെ ഹർജി.

മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ധനുഷ് ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കതിരേശനും മീനാക്ഷിയും പറയുന്നു. 1985 നവംബർ ഏഴിന് മധുരയിലാണ് ധനുഷ് ജനിച്ചതെന്നാണ് ഇവരുടെ വാദം. കാളികേശൻ എന്നാണത്രെ യഥാർത്ഥ പേര്. ശിവഗംഗ ജില്ലയിലെ ആറുമുഖംപിള്ളെ ഹയർസെക്കണ്ടറി സ്‌കൂളിലാണ് ധനുഷ് പഠിച്ചത്. അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്ന മകൻ നാട് വിട്ടു പോകുകയായിരുന്നുവത്രെ.

ധനുഷിന്റേത് എന്ന് പറയപ്പെടുന്ന പഴയ കുടുംബ ചിത്രം ദമ്പതികൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അദ്ധ്യാപകരും തങ്ങളെ സഹായിക്കാൻ തയ്യാറാണെന്നും അവർ കോടതിയിൽ പറയുന്നു

സംവിധായകൻ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായ താൻ ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28 നാണ് ജനിച്ചത് എന്നാണ് ധനുഷ് ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റിലുള്ളത്. വെങ്കടേഷ് പ്രഭു എന്നായിരുന്നു യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് ധനുഷ് എന്ന പേര് സ്വീകരിച്ചത്