- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്കൊയിൻ ഇടപാടിൽ ആര് ആർക്കു കൊടുത്തുവെന്ന് മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല; വിവരം നൽകുന്നവരും വിവരം ഉപയോഗിക്കുന്നവരും ഡാർക് വെബിൽ എപ്പോഴും മറയത്ത്; അനൂപ് മുഹമ്മദിന്റേയും റിജേഷ് രവീന്ദ്രന്റേയും ഫോണുകളിൽ ഡാർക് വെബ്ബിന്റെ സാന്നിധ്യം; നയതന്ത്ര കടത്തിലൂടെ എത്തിച്ച സ്വർണം 'ചോരി ബസാറു'കളിൽ ലേലത്തിനും വച്ചു; നിർണ്ണായക കണ്ടെത്തലുമായി എൻസിബി; ഇന്റർനെറ്റിലെ അധോലോകത്തിലേക്ക് അന്വേഷണവുമായി എൻഐഎ
കൊച്ചി: സ്വർണക്കടത്തിനും ലഹരി ഇടപാടുകൾക്കും മറയാകുന്നത് ഡാർക് വെബ്ബുകൾ. ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, ഡി. അനിഖ, റിജേഷ് രവീന്ദ്രൻ എന്നിവർ അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ പരിശോധിച്ചപ്പോഴാണ് ഇതു കണ്ടെത്തിയത്. തുടർന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഹൈടെക് സൈബർ കുറ്റാന്വേഷണ വിഭാഗത്തിന്റെ സഹകരണം തേടി. അനൂപിനും റിജീഷിനും തിരുവനന്തപുരത്തെ സ്വർണ്ണ കടത്ത് പ്രതികളുമായും ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന്റെ അടുത്ത സുഹൃത്താണ് അനൂപ്. ബിനീഷിനേയും ഇഡി ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഡാർക് വെബ്ബിലെ ഇടപാടുകൾ എൻസിബി തിരിച്ചറിയുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികൾ ഡാർക് വെബിലെ 'ചോരി ബസാറു'കളിൽ സ്വർണം ലേലത്തിനു വച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. സൈബർ ലോകത്തെ അധോലോകം എന്നറിയപ്പെടുന്ന ഡാർക് വെബ്‌സൈറ്റുകൾ പരതി ഇടപാടുകാരുടെ വിശദാംശങ്ങൾ കണ്ടെത്തുക എളുപ്പമല്ല. ഡാർക് വെബ് സന്ദർശിക്കുന്നവരുടെ ഇന്റർനെറ്റ് വിലാസം (ഐപി അഡ്രസ്) കണ്ടെത്താനും ആകില്ല. കറൻസിക്കു പകരം ബിറ്റ്‌കോയിൻ വഴിയാണ് ഇടപാട്. അതുകൊണ്ടാണ് ഈ സംവിധാനം മയക്കുമരുന്ന് സ്വർണ്ണ കടത്ത് ശ്രംഖല ഉപയോഗിക്കുന്നത്.
നിയമവിരുദ്ധമായ കാര്യങ്ങളുടെ കൂടാരമാണ് ഡാർക്ക് വെബ്. ഇത്തരത്തിലുള്ളവയുടെ വില്പനയും ഇടപാടുകളും സേവനങ്ങളും എല്ലാം നൽകുന്ന ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ ചേർന്നതാണ് ഡാർക് വെബ്. ടോർ വെബ്സൈറ്റുകളാണ് ഡാർക്ക് വെബിലുള്ളത്. ഒരു ടോർ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ ഇത്തരം വെബ്സൈറ്റുകളിലേക്ക് പ്രവേശനം സാധിക്കുകയുള്ളു. സാധാരണ കാണുന്ന വെബ്സൈറ്റുകളെ പോലെയല്ല ഡാർക്ക് വെബിലെ വെബ്‌സൈറ്റുകൾ. അതിനാൽ ടോർ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ആരും അറിയാതെ എന്തും ചെയ്യാവുന്ന ഇടമായതിനാൽ സൈബർ ക്രിമിനലുകളുടെ കൂടാരമാണ് ടോർ വെബ്സൈറ്റുകൾ.
സിൽക്ക് റോഡ് എന്ന വാണിജ്യ വെബ്‌സൈറ്റ് തരംഗമായതോടെ വാണിജ്യപരമായ ഡാർക്ക്‌നെറ്റ് മാർക്കറ്റുകൾ, മയക്കുമരുന്നുകൾ വിൽക്കാനും, മറ്റ് കടത്തുകൾക്കുമായി ഉയർന്നുതടങ്ങി. മറ്റ് ചിലവ സോഫ്റ്റവെയറുകളും, ആയുധങ്ങളും വിറ്റുതുടങ്ങി. ലോകത്ത് നിലവിലുള്ള ഇന്റർനെറ്റിന്റെ 80 ശതമാനത്തിൽ അധികം വിവരം ഗൂഗിൾ പോലുള്ള സാധാരണ സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ ലഭിക്കില്ല. അവ പൊതുജനങ്ങൾക്ക് നേരിട്ട് കാണാനും കഴിയില്ല. ഡിപ് വെബിലും ഡാർക്ക് വെബിലുമാണ് അവയുള്ളത്.
ഫേസ്‌ബുക്കിലെ പ്രൈവറ്റ് ഷെയറുകൾ, പ്രൈവറ്റ് ചാറ്റുകൾ, ക്ലോസ്ഡ് ഗ്രൂപ്പുകൾ. വാട്സാപ്പ് മെസ്സേജുകൾ, നെറ്റ് ബാങ്കിങ് ഡാറ്റകൾ, പാസ്വേഡ് ഉപയോഗിച്ച് പ്രവേശിച്ചാൽ മാത്രം ലഭിക്കുന്ന കാര്യങ്ങൾ തുടങ്ങി വിവിധ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്പ് വെബ്ബിലാണ് ഉള്ളത്. ഇവ സാധാരണമായി ഗൂഗിൾ സെർച്ച് ലിങ്കുകളിൽ പ്രത്യക്ഷപ്പെടുകയില്ല. ഇന്റർനെറ്റിലെ അപകടച്ചുഴിയാണ് ഡാർക്ക് വെബ്.
മയക്കുമരുന്നുകൾ, ആയുധങ്ങൾ, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏർപ്പെടുത്തൽ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏർപ്പാടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാർക്ക് വെബ്. ബിറ്റ്‌കൊയിൻ എന്ന ഇന്റർനെറ്റ് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് ഡാർക്ക് വെബിലെ വിനിമയങ്ങൾ നടത്തുന്നത്. ബിറ്റ്കൊയിൻ ഇടപാടിൽ ആര് ആർക്കു കൊടുത്തുവെന്ന് മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല. വിവരം നൽകുന്നവരും വിവരം ഉപയോഗിക്കുന്നവരും ഡാർക് വെബിൽ എപ്പോഴും മറയത്താണ്.
അതുകൊണ്ട് ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങൾ നിരോധിച്ചിട്ടുള്ള വിവിധ രാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് വലിയൊരു ആശ്രയമാണ് ഡാർക്ക് വെബ്. ഡാർക് വെബിൽ ഒരു രാജ്യത്തിന്റെയും നിയമങ്ങൾ പ്രയോഗിക്കാനാവില്ല. വാങ്ങുന്നവനും വിൽക്കുന്നവനുമെല്ലാം തിരിച്ചറിയപ്പെടാത്ത സുരക്ഷിത ഇടങ്ങളിലിരുന്നാണ് ഇടപാട് നടത്തുന്നത്. എന്തു ചെയ്താലും ആരും അറിയില്ല എന്നതിനാൽ ഡാർക് വെബിൽ എന്തും സാധ്യമാണ്.
കൊലപാതകങ്ങളുടെ ക്വട്ടേഷൻ ഏറ്റെടുക്കലും, അവയവ വിൽപ്പനയും, കുട്ടികളെ തട്ടിക്കൊണ്ടു പോയി വിൽപ്പന നടത്തുവരുടെ ഇടപാടുകളും, വ്യാജ രേഖകൾ നിർമ്മിച്ച് നൽകലും തുടങ്ങി നിയമവിരുദ്ധമായ എന്തും നടക്കുന്ന ഇടമാണ് ഇത്. അതിനാൽ തന്നെ ഡാർക്ക് വെബ് ഇന്റർനെറ്റിലെ അധോലോകമാണ്.
മറുനാടന് മലയാളി ബ്യൂറോ