ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസ കത്തോലിക്ക ചർച്ചിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ മേരി മക്‌ലിപ്പിന്റെയും സംയുക്ത തിരുനാളും ഇടവകദിനത്തോടനുബന്ധിച്ചു നടക്കുന്ന സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് 'ദർശനം 2015' ന്റെ ഒരുക്കങ്ങളും പൂർത്തിയായി.

ഓഗസ്റ്റ് ഒന്നിനു (ശനി) ക്രേഗ് സലി സ്റ്റേ ഹൈസ്‌കൂൾ ഹാളിൽ വൈകുന്നേരം നാലിന് ചെംസൈഡ് വെസ്റ്റ് (685 ഹാമിൽട്ടൺ റോഡ്) ഫാ. തോമസ് മണിമല പ്രസുദേന്തി വാഴ്ച നിർവഹിക്കും. തുടർന്നു ഫാ. ഫെർണാണേ്ടായുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം ആറിന് 'ദർശനം 2015' അരങ്ങേറും.

സെന്റ് അൽഫോൻസ ഇടവക ദിനവും ഓസ്‌ട്രേലിയയിൽ സീറോ മലബാർ രൂപത സ്ഥാപിക്കപ്പെട്ടതിന്റെ ഒന്നാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ദർശനം 2015 സംഘടിപ്പിക്കുന്നത്. പ്രാചീന ക്രിസ്ത്യൻ കലാരൂപങ്ങളായ ചവിട്ടുനാടകം, മാർഗംകളി, ഡ്രാമ, ക്രിസ്ത്യൻ ഫ്യൂഷൻ ഡാൻസ്, വിവിധ ക്രിസ്ത്യൻ സമൂഹങ്ങൾ പങ്കെടുക്കുന്ന ഭക്തിഗാന മത്സരം തുടങ്ങിയവ കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ക്യൂൻസ്‌ലാൻഡ് കാബിനറ്റ് മന്ത്രി ആന്റണി ലിൻഹാം മുഖ്യാതിഥിയായിരിക്കും. ബ്രിസ്‌ബെയ്ൻ ലോർഡ് മേയറുടെ പ്രതിനിധി ആദംഅലൻ, കൗൺസിലർ ഫിയോണ കിം തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തും.

രണ്ടിന് (ഞായർ) ഉച്ചകഴിഞ്ഞ് 2.30ന് നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ആഘോഷമായ പ്രദക്ഷിണം, വെടിക്കെട്ട്, സ്‌നേഹവിരുന്ന് തുടങ്ങിയവ നടക്കും.

തിരുനാൾ ശുശ്രൂഷകൾക്കു ഫാ. പീറ്റർ കാവുമ്പുറം, ഫാ. തോമസ് മണിമല, ഫാ. പോൾ ചക്കാനിക്കുന്നേൽ സിഎംഐ, ഫാ. ഫെർണാണോ തുടങ്ങിയവർ നേതൃത്വം നൽകും.

വികാരി ഫാ. പീറ്റർ കാവുമ്പുറം, ജനറൽ കൺവീനർ ജോർജ് വർക്കി, ട്രസ്റ്റിമാരായ സന്തോഷ് മാത്യു, ഷൈജു തോമസ്, കൺവീനർമാരായ അജിമോൻ ആന്റണി, ജോമോൻ എടക്കര, ആഫ ചെറുവത്തൂർ, ആന്റണി, അസിൻ പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി.