ഡാർവിൻ: ഡാർവിനിൽ വാടകനിരക്കിൽ ഇനിയും ഇടിവുണ്ടാകുമെന്ന് പ്രോപ്പർട്ടി അനസലിസ്റ്റ് ഗ്രൂപ്പ് എസ്‌ക്യുഎം റിസർച്ച് വ്യക്തമാക്കുന്നു. ക്രിസ്മസ് ആകുമ്പോഴേയ്ക്കും വാടക നിരക്കിൽ വൻ ഇടിവുണ്ടാകുമെന്നും റിസർച്ച് വെളിപ്പെടുത്തുന്നു. ഈ മാസം എസ്‌ക്യുഎം പുറപ്പെടുവിച്ച പ്രസ്താവനയിൽ ഡാർവിനിലെ ഹൗസ് റെന്റിൽ 10.4 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത് എന്നാണ്. യൂണിറ്റുകൾക്ക് 12.2 ശതമാനവും.

ഹൗസ് റെന്റിലും യൂണിറ്റ് റെന്റിലും ഇടിവ് നേരിട്ടതോടെ നിലവിൽ ശരാശരി ഹൗസ് റെന്റ് 556 ഡോളറും യൂണിറ്റ് റെന്റ് 433 ഡോളറുമാണിപ്പോൾ. 2013 ജനുവരി മുതൽ ഡാർവിനിൽ വാടകയിനത്തിൽ ഏറെ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇതുവരെ 22.5 ശതമാനം ഇടിവ് ഹൗസ് റെന്റിലും 15 ശതമാനം ഇടിവ് യൂണിറ്റ് വാടകയിനത്തിലും ഉണ്ടായതായി എസ്‌ക്യുഎം മാനേജിങ് ഡയറക്ടർ ലൂയിസ് ക്രിസ്റ്റഫർ വ്യക്തമാക്കി.

വാടകനിരക്കിൽ ഇനിയും ഇടിവുണ്ടാകുമെന്നും ഈ വർഷം അവസാനം ക്രിസ്മസിന് മുമ്പ് അഞ്ചു ശതമാനം കൂടി ഇടിവ് രേഖപ്പെടുത്തുമെന്നുമാണ് ക്രിസ്റ്റഫർ ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്മസ് ആകുമ്പോഴേയ്ക്കും പ്രതീക്ഷകൾക്കും മേലേ വാടക നിരക്ക് ഇടിഞ്ഞിരിക്കുമെന്നുമാണ് വ്യക്തമാകുന്നത്.

നിലവിൽ ഡാർവിനിൽ വീടുകൾക്കുള്ള വേക്കൻസി റേറ്റ് 2.9 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേസമയം ഇത് നാലു ശതമാനമായിരുന്നുവെന്നാണ് ക്രിസ്റ്റഫർ പറയുന്നത്. മൂന്നു വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. അപ്പാർട്ട്‌മെന്റുകളുടെ എണ്ണത്തിൽ വന്ന വർധനയും മൈനിങ് മേഖലയിൽ ഉണ്ടായിരിക്കുന്ന തളർച്ചയുമാണ് വാടക നിരക്ക് ഇത്ര കണ്ട് ഇടിയാൻ കാരണമായി പറയുന്നത്. കമോദിറ്റി പ്രൈസ് ഇടിവുമായി ബന്ധപ്പെട്ടാണ് ഡാർവിനിൽ വാടക നിരക്കിൽ ഇടിവുണ്ടായിരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.