പെർത്ത്: ഗതാഗതനിയമ ലംഘനം നടത്തുന്നവർക്കെതിരേ ശക്തമായ തെളിവുകൾ ശേഖരിക്കാനും മറ്റുമായി പൊലീസ് വാഹനങ്ങളിൽ ഡാഷ് ക്യാമറ ഘടിപ്പിക്കാനുള്ള നിർദേശവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ പൊലീസ്. രജിസ്റ്റർ ചെയ്യാത്ത കാറുകളുടേയും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളേയും തിരിച്ചറിയാനും ഈ സംവിധാനം സാധിക്കുമെന്നാണ് വെസ്റ്റേൺ ഓസ്‌ട്രേലിയ പൊലീസ് വ്യക്തമാക്കുന്നത്. ഈ നിർദേശത്തെ പിന്തുണച്ചുകൊണ്ട് ട്രാഫിക് പൊലീസും വെസ്‌റ്റേൺ ഓസ്‌ട്രേലിയ പൊലീസ് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

പൊലീസ് കമ്മീഷണറായ കാൾ ഓ കാലഗന് അയച്ച ഒരു കത്തിലാണ് എല്ലാ ട്രാഫിക് എൻഫോഴ്സ്മെന്റ് വാഹനങ്ങളിലും ഡാഷ് ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ഹൈടെക് പൊലീസ് കാറുകളിൽ നിലവിൽ തന്നെ നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറകൾ പുറത്ത് ഘടിപ്പിച്ചിട്ടുണ്ട്. ഗതാഗതനിയമലംഘകർക്കെതിരേയും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കേതിരേയും ശക്തമായ തെളിവായി ഈ ഡാഷ് ക്യാമറകൾ ഉപയോഗപ്പെടുത്താമെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇതിന് പുറമെ പൊലീസിന്റെ ഒരു നീക്കം അവലോകനം ചെയ്യണമെങ്കിലും ഇത്തരം ക്യാമറകളിൽ പകർത്തപ്പെടുന്നവ ഉപകരിക്കുമെന്നും യൂണിയൻ അഭിപ്രായപ്പെടുന്നു. പൊലീസിന്റെ നീക്കങ്ങൾക്കെതിരെ യുണ്ടാകുന്ന പരാതികളോട് പ്രതികരിക്കാനുമീ ക്യാമറയിലെ വസ്തുതകൾ ഉപകാരപ്പെടുന്നതാണ്.പൊലീസ് കാറുകളിൽ ഡാഷ് ക്യാമറകൾ യുഎസിൽ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ ഓസ്ട്രേലിയൻ സ്റ്റേറ്റുകളിൽ വിക്ടോറിയയിൽ മാത്രമാണിത് ഉപയോഗിക്കുന്നത്