ദുബായ്: വാഹനങ്ങളുടെ ഡാഷ് ബോർഡിൽ ക്യാമറകൾ ഘടിപ്പിക്കുന്നത് നിയമാനുസൃതമാക്കിക്കൊണ്ട് ഫെഡറൽ ട്രാഫിക് കൗൺസിൽ ഉത്തരവിറക്കി. റോഡുകളിൽ നടക്കുന്ന സംഭവങ്ങൾ റെക്കോർഡ് ചെയ്യുക വഴി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഇതുവഴി സാധിക്കുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ വ്യക്തമാക്കി. വാഹനഉടമകൾ തങ്ങളുടെ ക്യാമറയുള്ള മൊബൈൽ ഫോൺ വിൻഷീൽഡിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചാലും മതിയാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

വാഹനങ്ങളുടെ മുന്നിൽ മനപ്പൂർവം എടുത്തുചാടിയ ശേഷം വാഹനഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ വിലയിരുത്തി. ഡാഷ് ബോർഡ് ക്യാമറകൾ ഘടിപ്പിച്ചാൽ ഇത്തരക്കാരെ പിടികൂടാൻ സാധിക്കുമെന്നും ഫെഡറൽ കൗൺസിൽ ചെയർമാൻ മേജർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സഫിൻ പറഞ്ഞു.

വാഹനാപകടമുണ്ടാക്കാൻ കാരണമായ വാഹനത്തെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. പ്രത്യേകിച്ച് വാഹനങ്ങൾ യാത്രക്കാരുടെ ദേഹത്തേയ്ക്ക് ഓടിക്കയറുന്ന സംഭവങ്ങളിൽ ഈ വീഡിയോകൾ നിർണ്ണായകമാകും.