ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും ദുരൂഹതകൾ ഒഴിയുന്നില്ല. ജയലളിതയുടെ മരണവും സ്വത്തുക്കളുടെ തുടരവകാശവും സംബന്ധിച്ച തർക്കങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല. അതിനിടെയിലാണ് ജയലളിതയുടെ മകളെന്ന അവകാശവാദവുമായി ഇപ്പോൾ ഒരു യുവതി രംഗത്ത് എത്തിയിരിക്കുന്നത്.

ജയലളിതയുടെയും ശോഭൻ ബാബുവിന്റെയും മകൾ താനെന്ന വെളിപ്പെടുത്തലാണ് ബംഗലൂർ സ്വദേശിനിയായ അമൃത എന്ന യുവതി നടത്തിയിരിക്കുന്നത്. തന്റെ വാദം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റിന് വരെ തയ്യാറാണെന്ന് അമൃത പറഞ്ഞു. ജയലളിതയുടെ 75 ദിവത്തെ അപ്പോളോ ആശുപത്രിയിൽ നടന്ന ചികിത്സയെക്കുറിച്ചും തുടർന്നുണ്ടായ മരണത്തിലും അന്വേഷണം വേണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമൃത കത്തയച്ചു.

ജയലളിത അമ്മയുടെ മരണത്തിന് ശേഷം വളരെ വിഷാദത്തിലായിരുന്നുവെന്നും അതിന് നടൻ ശോഭൻ ബാബുവിന്റെ സഹായത്താലാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും കത്തിൽ അമൃത ചൂണ്ടിക്കാട്ടുന്നു. ചില പ്രശ്‌നങ്ങളാൽ അവർക്ക് വിവാഹിതരാകാൻ കഴിഞ്ഞില്ലെന്നും എന്നാൽ അവരുടെ സ്‌നേഹത്തിന്റെ ഫലമായാണ് താൻ ജനിച്ചതെന്നും അമൃത പറയുന്നു. ജയലളിതയുടെ സഹോദരി ശൈലജയും ഭർത്താവ് സാരഥിയുമാണ് തന്നെ സഹായിച്ചതെന്നും അമൃത കത്തിൽ പറയുന്നു.

1996 ൽ ശൈലജ പറഞ്ഞപ്രകാരമാണ് ആദ്യമായി ജയലളിതയെ കാണുന്നത്. അന്ന് കെട്ടിപ്പിടിച്ച് സ്‌നേഹിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. പിന്നീട് ഒരുപാട് തവണ കണ്ടെങ്കിൽ ജയലളിത തന്റെ മാതാവാണെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ അമ്മയുടെ സ്വത്തുക്കൾക്ക് വേണ്ടി അടികൂടുന്നവരെ കണ്ട് സഹിക്കാൻ പറ്റാത്തത്‌കൊണ്ട് തന്റെ ബന്ധുക്കളാണ് ഇപ്പോൾ ഈ സത്യം പറഞ്ഞതെന്ന് അമൃത കത്തിൽ പറയുന്നു.

ജയലളിതയുടെ മരണത്തിൽ സംശയമുണ്ടെന്നും ശശികലയുടെയും നടരാജന്റെയും ഗൂഢാലോചനയാണ് മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും അമൃത കത്തിൽ പറയുന്നു. തമിഴ്‌നാട്ടിൽ അമൃതയുടെ കത്ത് വിവാദമായിരിക്കുകയാണ്.

പനിയും നിർജ്ജലീകരണവും കാരണമെന്ന് പറഞ്ഞാണ് പോയസ് ഗാർഡനിൽ നിന്നും ജയലളിതയെ ആശുപത്രിയിൽ എത്തിച്ചത്. അണു ബാധയത്തെുടർന്ന് ആരോഗ്യനില വഷളാവുകയും ലണ്ടനിൽ നിന്നും ന്യൂഡൽഹി എയിംസിൽനിന്നും വിദഗ്ധ ഡോക്ടർമാരത്തെി ചികിത്സ നൽകുകയും ചെയ്തു. പിന്നീട് ആരോഗ്യനില വീണ്ടെടുത്ത ശേഷം പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ജയലളിത മരിച്ചതെന്നാണ് അപ്പോളോ ആശുപത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.