- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛന്റെ പാത ഞാനും പിന്തുടരും; സേനയിൽ ചേരും; എല്ലാകാര്യത്തിലും അച്ഛനാണ് എന്റെ മാതൃക'; ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റാകുമെന്ന് കമാൻഡർ പൃഥ്വി ചൗഹാന്റെ മകൾ
ആഗ്ര: പിതാവിന്റെ വഴി പിന്തുടർന്ന് വ്യോമസേനയിൽ ചേരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കുനൂർ ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ വിങ്ങ് കമാൻഡർ പൃഥ്വി സിങ് ചൗഹാന്റെ മകൾ പന്ത്രണ്ടു വയസ്സുകാരി ആരാധ്യ. തനിക്കും അച്ഛനെ പോലെ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റാകണമെന്നാണ് ആഗ്രഹമെന്ന് മകൾ പറഞ്ഞു. പിതാവിന്റെ സംസ്‌കാരത്തിന് ശേഷമായിരുന്നു ഏഴാം ക്ലാസുകാരിയുടെ പരാമർശം.
മാർക്കിന്റെ പിന്നാലെ പോകാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അച്ഛൻ തന്നോട് പറഞ്ഞിരുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാർക്ക് താനെ ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അച്ഛന്റെ വാക്കുകൾ പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. എല്ലാകാര്യത്തിലും അച്ഛനാണ് എന്റെ മാതൃകയെന്നും ആരാദ്ധ്യ പറഞ്ഞു.
ആരാധ്യയും ഏഴു വയസ്സുകാരൻ സഹോദരൻ അവിരാജും ചേർന്നാണ് പി.എസ് ചൗഹാന്റെ ചിതയ്ക്ക് തീകൊളുത്തിയത്. വ്യോമസേനയുടെയും ഉത്തർപ്രദേശ് സർക്കാരിന്റേയും പ്രതിനിധികൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ ആണ് വ്യോമസേന വിങ് കമാൻഡറായ പൃഥ്വി സിങ് ചൗഹാനും ജീവൻ നഷ്ടമാകുന്നത്. 42 കാരനായിരുന്ന പൃഥ്വി സിങ് ചൗഹാൻ ജനിച്ചതും വളർന്നതും ആഗ്രയിലാണ്. രണ്ട് മക്കളാണ് പൃഥ്വിക്കുള്ളത്. ഏഴ് വയസ്സുകാരൻ അവിരാജും 12കാരിയായ ആരാദ്ധ്യയും.
2006-ലാണ് പി.എസ് ചൗഹാനും കുടുംബവും മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് ആഗ്രയിലെത്തിയത്. 2000ലാണ് അദ്ദേഹം വ്യോമസേനയിൽ ചേർന്നത്. എലൈറ്റ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് പൃഥ്വി സിങ് ചൗഹാന്റെ സൈനിക ജീവിതം ആരംഭിച്ചത്. 2015-ൽ വിങ് കമാൻഡറായി സ്ഥാനക്കയറ്റം ലഭിച്ചു. കോയമ്പത്തൂരിലെ എയർഫോഴ്സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റർ യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു. ബുധനാഴ്ച, സുലൂർ എയർബേസിൽ നിന്ന് വെല്ലിങ്ടണിലേക്ക് പറന്നുയർന്ന എംഐ 17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു അദ്ദേഹം.