സെലിബ്രിറ്റികൾ ചെയ്യുന്നതെന്തും വിവാദമാക്കാനാണ് സോഷ്യൽ മീഡിയയ്ക്ക് ഇഷ്ടം. അതേറ്റു പിടിച്ച് ചൂടൻ ചർച്ചകൾ വരെ നടക്കുന്ന കാലമാണിത്. അത്തരത്തിലൊരു വിവാദമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. പ്രശസ്ത ഫുട്‌ബോൾ കളിക്കാരൻ ഡേവിഡ് ബെക്കാം തന്റെ മകളുടെ ചുണ്ടിൽ ഉമ്മ വയ്ക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന വിവാദം. ഏഴു വയസുകാരിയുടെ ചുണ്ടിൽ അച്ഛൻ ചുംബിക്കുന്നതിനെതിരേ സാദാചാര വാദികളും പിന്തുണച്ചുകൊണ്ട് ബെക്കാം ഫാൻസും രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തിരിക്കുന്നത്. എന്നാൽ ഇതേറ്റു പിടിച്ച് റബേക്കാ വാർഡിയെ പോലുള്ള സെലിബ്രിറ്റികളും എത്തിയിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത.

നാല്പത്തിമൂന്നുകാരനായ ഡേവിഡ് ബെക്കാം മകളുമൊത്ത് ഐസ് സ്‌കേറ്റിംഗിന് പോയപ്പോൾ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് ചർച്ചകൾക്കു തുടക്കമാകുന്നത്. ഏഴു വയസുകാരി ഹാർപർക്ക് ചുണ്ടിൽ മുത്തം കൊടുക്കുന്നതാണ് ചിത്രം. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹപ്രകടനത്തെ മോശമായി ചിത്രീകരിക്കാനും ഇതോടെ ആളുകൾ എത്തുകയായിരുന്നു. അച്ഛൻ മകളുടെ ചുണ്ടിൽ ഉമ്മ കൊടുത്തത് ശരിയല്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ഇതിലെന്താണ് തെറ്റെന്ന് പറഞ്ഞ് ബെക്കാം ഫാൻസും രംഗത്തെത്തുകയായിരുന്നു.

ചുണ്ടിൽ ചുംബിക്കാൻ ഇതു താങ്ങളുടെ ഭാര്യയാണോ എന്നുവരെ പടത്തിനുതാഴെ കമന്റിട്ടവരുണ്ട്. എന്നാൽ മകളുടെ ചുണ്ടിൽ അച്ഛൻ ഉമ്മകൊടുത്താൽ എന്താ പ്രശ്‌നമെന്ന് ബെക്കാം ഫാൻസ് തിരിച്ചു ചോദിക്കുന്നു. സ്‌നേഹനിധിയായ ഒരച്ഛനും മകളും തമ്മിലുള്ള മനോഹര ചിത്രമാണിത്. നിഷ്‌ക്കളങ്കമായ ഈ ചിത്രത്തെ മോശമാക്കാൻ ആളുകൾക്ക് എന്താണിത്ര ആവേശമെന്നും ചിലർ കമന്റിൽ ചോദിക്കുന്നു.

ഫാൻസും വിമർശകരും തമ്മിൽ സോഷ്യൽ മീഡിയയിൽ അടി കൂടുന്നതിനിടെ ഓൺലൈൻ ഡിബേറ്റുമായി മറ്റൊരു സെലിബ്രിറ്റി കൂടിയായ റെബേക്ക വാർഡി എത്തിയതോടെ വിവാദത്തിന് പുതിയ മാനം കൈവരുകയായിരുന്നു. ഇത്തരമൊരു ഹൃദ്യമായ ചിത്രത്തെ ആൾക്കാർ മോശം കണ്ണോടെ കാണുന്നത് ഒരസുഖമാണെന്നും വാർഡി തുറന്നടിച്ചു.

90കളിൽ പ്രശസ്തമായിരുന്ന സ്‌പൈസ് ഗേൾസിലെ താരമായിരുന്ന ബെക്കാമിന്റെ ഭാര്യ വിക്ടോറിയ. ബെക്കാം- വിക്ടോറിയ ദമ്പതികൾക്ക് ഹാർപർ കൂടാതെ മൂന്ന് ആൺകുട്ടികളുണ്ട്. ബ്രൂക്ക്‌ലിൻ (19), റോമിയോ(15), ക്രൂസ്(13).