ലണ്ടൻ: ബൂട്ടണിഞ്ഞ കാലത്ത് ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന സമ്പന്നനായിരുന്നു മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം. കളിക്കളം വിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ബെക്കാമിന്റെ വരുമാനത്തിൽ ഒരു കുറവുമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ബെക്കാം അഞ്ഞൂറ് കോടി സമ്പാദ്യമുണ്ടാക്കുന്നതായി ഫോബ്‌സ് മാസികയുടെ പുതിയ കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന മുൻ കായികതാരങ്ങളിൽ രണ്ടാമാനായാണ് ഫോബ്‌സ് മാസിക 39-കാരനായ ബെക്കാമിനെ എണ്ണുന്നത്. 600 കോടി രൂപയിലേറെ സമ്പാദ്യമുള്ള മുൻ അമേരിക്കൻ ബാസ്‌ക്കറ്റ്ബാൾ താരം മൈക്കൽ ജോർഡൻ ആണ് ഒന്നാമൻ.

20 വർഷം നീണ്ട ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ച ശേഷം ബെക്കാമിന്റെ സമ്പാദ്യത്തിൽ വലിയൊരു പങ്ക് പരസ്യ കരാറുകളിലൂടെയാണ്. കളിക്കളത്തിലെ അവസാന പതിറ്റാണ്ടു കാലം വൻ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി തുടർന്നതിനു പുറമെ നിരവധി പരസ്യങ്ങളിലൂടെയാണ് ബെക്കാൻ പണം വാരിക്കൂട്ടിയത്. എന്നാൽ തന്റെ ഒറു വർഷത്തെ ഏറ്റവും വലിയ വരുമാനം ബെക്കാം സ്വന്തമാക്കുന്നത് വിരമിച്ച ശേഷമുള്ള ആദ്യത്തെ ഒറ്റം വർഷത്തിനുള്ളിലാണ്. ഈ സാമ്പത്തിക വർഷം നേടിയ 500 കോടി രൂപയോളം വരുന്ന തുകയാണ് ബെക്കാമിന്റെ എക്കാലത്തേയും ഉയർന്ന സമ്പാദ്യം. ഇതിനു മുമ്പത്തെ ഏറ്റവും ഉയർന്ന സമ്പാദ്യം 2012-ൽ നേടിയ 300 കോടിയിലേറെ രൂപയായിരുന്നു.

കഴിഞ്ഞ വർഷത്തെ ബെക്കാമിന്റെ സമ്പാദ്യം ഉയർത്തുന്നതിൽ നിർണ്ണായകമായത് രണ്ട് പരസ്യ കരാറുകളാണ്. പ്രമുഖ മദ്യ ബ്രാൻഡായ ഡിയാഗോ അവതരിപ്പിച്ച പുതിയ വിസ്‌കിയുടെ പരസ്യമായിരുന്നു ഒന്ന്. രണ്ടാമത്തേത് ഹോങ്കോങ്ങിലെ ഗ്ലോബൽ ബ്രാൻഡ്‌സ് ഗ്രൂപ്പ് അവതരിപ്പിച്ച് പുതിയ ബ്രാൻഡഡ് വസ്ത്രങ്ങളുടെയും ആഢംബര വസ്തുക്കളുടേയും പരസ്യമായിരുന്നു. ഈ പരസ്യ കരാറുകളിലൂടെ ബെക്കാമിന് രണ്ടു സംരംഭങ്ങളിലും ഓഹരിയും ലഭിച്ചിട്ടുണ്ടെന്ന് ഫോബ്‌സ് പറയുന്നു. സ്പോർട്സ് ഉൽപ്പന്നങ്ങലുടെ പരസ്യങ്ങളിൽ ഏറെ സ്വീകാര്യനായി തന്നെ ബെക്കാം ഇപ്പോഴും തുടരുന്നു.

അഡിഡാസ്, സ്‌കൈ സ്പോർട്സ്, ബ്രീറ്റ്‌ലിങ് വാച്ചസ്, സാംസങ്ങ് എന്നീ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിലെല്ലാം ബെക്കാം പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രമുഖ കോസ്‌മെറ്റിക് കമ്പനിയായ കോട്ടി ബെക്കാം ബ്രാൻഡിൽ പ്രത്യേക സുഗന്ധ ദ്രവ്യങ്ങൾ തന്നെ വിപണിയിലിറക്കുന്നുണ്ട്. ഇതിലൂടെ പ്രതിവർഷം ബെക്കാം 40 കോടിയോളം സമ്പാദിക്കുന്നതായും ഫോബ്‌സ് പറയുന്നു.