കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും. ഡേവിഡ് ജെയിംസുമായി മാനേജ്‌മെന്റ് പുതിയ കരാർ ഒപ്പിട്ടു. 2021 വരെയാണ് കരാറിന്റെ കാലാവധി. എഎഫ്‌സി കപ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് യോഗ്യത നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് പുതിയ കരാർ ഒപ്പിട്ടശേഷം ഡേവിഡ് ജെയിംസ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ റെനി മ്യുലെൻസ്റ്റീൻ പാതിവഴിയിൽ രാജിവച്ചതിനെ തുടർന്നാണ് പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസ് എത്തിയത്. ഇദ്ദേഹത്തിനു കീഴിൽ ടീം കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സെമി യോഗ്യത നേടാനായിരുന്നില്ല. ഇതിനു പിന്നാലെ, താൻ കണ്ടതിൽ വച്ച് ഏറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസ് എന്നു തുറന്നടിച്ച് സൂപ്പർതാരം ദിമിതർ ബെർബറ്റോവ് രംഗത്തെത്തുകയും ചെയ്തു. തൊട്ടുപുറകെയാണ് കാലാവധി നീട്ടിക്കൊണ്ടുള്ള കരാർ.

വരാനിരിക്കുന്ന സൂപ്പർകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതാണ് ഡേവിഡ് ജെയിംസിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. ഐഎസ്എൽ ആദ്യ സീസണിൽ ഡേവിഡ് ജെയിംസിനു കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ വരെയെത്തിയിരുന്നു.