കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജയിംസിനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. റെനി മ്യൂലൻസ്റ്റീന്റെ രാജിയോടെയാണ് പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സിന് നിയമിക്കേണ്ടി വന്നത്. മ്യൂലൻസ്റ്റീന്റെ രാജിക്ക് പിന്നാലെ ഡേവിഡ് ജെയിംസ് കേരളത്തിലെത്തിയിരുന്നു.

ഐഎസ്എൽ ഒന്നാം സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ പരിശീലകനും ഗോൾകീപ്പറുമായിരുന്നു ഡേവിഡ് ജെയിംസ്. അന്ന് ബ്ളാസ്റ്റേഴ്സ് ഫൈനലിലെത്തുകയും ചെയ്തു. ടീമിന്റെ ആദ്യ മാർക്വീ താരം കൂടിയായിരുന്നു ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്മന്റെുമായി നടത്തിയ ചർച്ചയിൽ ടീമിന്റെ കോച്ചാവാൻ ഇംഗ്ലീഷ് താരം സമ്മതം മൂളി.

ടൂർണമന്റെിൽ താളംകിട്ടാതെ ടീം ഉഴലുന്നതിനിടെ കോച്ച് റെനെ മ്യൂലെൻസ്റ്റീൻ സ്ഥാനമൊഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലായിരുന്നു. ലീഗിൽ പതിനൊന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി ബാക്കിയുള്ളത്. സീസണിൽ ഏഴ് മത്സരങ്ങളിൽ ഒന്നു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. പത്തംഗ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പ് ടീമിന്റെ സ്ഥാനം. വ്യാഴാഴ്ച പുണെ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

2015നു സമാനമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇപ്പോഴത്തെ സ്ഥിതി. ഇംഗ്ലണ്ട് അണ്ടർ 20 ടീം കോച്ചായിരുന്ന പീറ്റർ ടെയ്്‌ലറിനെയാണ് അന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മന്റെ് നിയമിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചശേഷം തുടർച്ചയായ നാല് തോൽവികളിൽ ബ്ലാസ്‌റ്റേഴ്‌സ് കൂപ്പുകുത്തിയപ്പോഴാണ് പീറ്റർ ടെയ്്‌ലറുടെ സ്ഥാനം തെറിച്ചത്. അസിസ്റ്റന്റ് കോച്ച് ട്രെവൻ മോർഗനായിരുന്നു അടുത്ത മത്സരത്തിൽ കോച്ചിന്റെ താൽക്കാലിക ചുമതല. തുടർന്ന് ബ്ലാസ്‌റ്റേഴ്‌സ് ഗ്രാസ്‌റൂട്ട് പരിശീലകനായിരുന്ന ടെറി ഫെലാനെ പരിശീലക സ്ഥാനത്തേക്ക് അവരോധിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി മാറ്റിയെഴുതാൻ കഴിഞ്ഞില്ല. രണ്ടാം സീസണിൽ അവസാനസ്ഥാനക്കാരായി ടൂർണമന്റെ് അവസാനിപ്പിക്കാനായിരുന്നു അവരുടെ വിധി.