കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കനെതിരെയുള്ള മുൻ പരിശീലകൻ റെനെ മ്യൂളൻസ്റ്റീനിന്റെ പ്രസ്താവനക്കെതിരെ കടുത്ത അമർഷത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം. ടീമിൽ ഏറ്റവും അധ്വാനിച്ചു കളിക്കുന്ന താരമാണ് ജിങ്കൻ. അതുകൊണ്ട് തന്നെ അദ്ദേഹം ആരാധകരുടെയും പ്രിയങ്കരനാണ്. ഇന്നലത്തെ മത്സര ശേഷം സംഭവത്തിൽ പ്രതികരണവുമായി മലയാളി താരം സി.കെ വിനീതും സന്ദേശ് ജിങ്കനും രംഗത്തു വന്നിരുന്നു. റെനെയുടെ വിവാദ പരാർശത്തിൽ പരിശീലകൻ ഡേവിഡ് ജെയിംസും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ഇന്നലെ മത്സരശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഡേവിഡിന്റെ പ്രതികരണം. കഥകളെല്ലാമൊന്നും ഞാൻ വായിച്ചിട്ടില്ല. പക്ഷെ ഞാൻ സന്ദേശുമായി സംസാരിച്ചിരുന്നു. ഒന്നിനെ കുറിച്ചും ആശങ്ക വേണ്ടെന്ന് അവനോട് പറഞ്ഞിട്ടുണ്ട്.ഡേവിഡ് പറയുന്നു. സന്ദേശ് നന്നായി കളിച്ചിരുന്നു. ഒരു ക്യാപ്റ്റനിൽ നിന്നും ഞാൻ ഇതാണ് പ്രതീക്ഷിക്കുന്നത്. അവനെ കുറ്റം പറയാൻ കഴിയില്ല. സന്ദേശ് നന്നായി കളിച്ചെന്നാണ് ഞാൻ കരുതുന്നത്. അവന് ജയിക്കണമായിരുന്നു.അഇ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ജിങ്കാന്റെ പ്രകടനത്തെ കുറിച്ചുള്ള ഡേവിഡിന്റെ പ്രതികരണം.

അതേസമയം, താൻ ഇല്ലാതിരുന്ന സമയത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും അതിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷമാണ് താനിപ്പോൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജിങ്കാനെതിരായ മദ്യപാന ആരോപണത്തിൽ താൻ താരങ്ങളെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു ഡേവിഡിന്റെ പ്രതികരണം. താരങ്ങൾക്ക് സ്വയം നോക്കാൻ അറിയാമെന്നും അല്ലെങ്കിൽ അവർക്ക് കളിക്കാൻ കഴിയില്ലെന്നും പരിശീലകൻ പറയുന്നു.

ക്ലബ്ബിലെ പരസ്പരമുള്ള ആശയവിനിമയം വളരെ നല്ലതാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉടനെ തന്നെ അത് കണ്ടു പിടിക്കും. ഞാൻ സന്ദേശിനോട് പറഞ്ഞത് ഞാൻ അവിടെയില്ലായിരുന്നു അതുകൊണ്ട് എനിക്കിതൊന്നും പ്രശ്നമല്ലെന്നുമായിരുന്നു. ഡേവിഡ് കൂട്ടിച്ചേർത്തു.