കൊച്ചി: തുടർയായ തോൽവികൾക്കൊടുവിൽ മുഖ്യപരിശീലകൻ ഡേവിഡ് ജെയിംസിനെ കൈവിട്ട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ഡേവിഡ് ജെയിംസിനെ പരിശീലക സ്ഥാനത്തു നിന്നും മാറ്റുന്നതായി കാണിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി. ഡേവിഡ് ജെയിംസും ടീം മാനേജ്മെന്റും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്നണ് ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ ഡേവിഡ് ജെയിംസിനിത് രണ്ടാമൂഴമായിരുന്നു. 2014ൽ ക്ലബ്ബ് നിലവിൽ വന്നപ്പോഴും ഈ മുൻ ഇംഗ്ലീഷ് താരമായിരുന്നു ഹെഡ് കോച്ച്. എന്നാൽ ആദ്യ സീസണു ശേഷം അദ്ദേഹം മടങ്ങിവന്നില്ല.

ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതിരുന്ന നാലാം സീസണിന്റെ പകുതിക്ക് വച്ചാണ് റെനെ മൂല്യൻസ്റ്റീനു പകരം ഡേവിഡ് ജെയിംസ് ക്ലബ്ബിലേക്ക് തിരിച്ചുവന്നത്. എന്നാൽ, ജനുവരി മൂന്നിന് ഹെഡ് കോച്ചായി ചുമതലയേറ്റ ഡേവിഡ് ജെയിംസിനെയും മൂല്യൻസ്റ്റീന്റെ വിധിതന്നെ പിന്തുടരുകയായിരുന്നു.

സീസണിലെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് ഹെഡ് കോച്ചിനെ മാറ്റണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായിരുന്നു. അഞ്ചാം സീസണിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. ആദ്യ മത്സരത്തിൽ ജയിച്ച ടീം പിന്നീടുള്ള പതിനൊന്ന് മത്സരങ്ങളായി ജയമെന്തെന്നറിഞ്ഞിട്ടില്ല. ഞായറാഴ്ച നടന്ന മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ 6-1നാണ് കേരള ടീം തകർന്നടിഞ്ഞത്. സീസണിൽ 12 മത്സരങ്ങളിൽ നിന്ന് ഒരു ജയവും അഞ്ചു തോൽവിയും ആറു സമനിലയുമായി ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ എട്ടാം സ്ഥാനത്താണ്. ക്ലബ്ബിന്റെ പ്ലേ ഓഫ് സാധ്യതകളും അസ്തമിച്ചു.

ഡേവിഡ് ജെയിംസ് ടീമിന് നൽകി വന്ന സേവനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും കേരളാ ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുൺ ത്രിപുരനേനി അറിയിച്ചു. ടീമംഗങ്ങൾക്കും മാനേജ്മെന്റിനും ബ്ലാസ്റ്റേഴ്സ് ആരാധകർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഡേവിഡ് ജെയിംസ് വിടവാങ്ങുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.