തിരുവനന്തപുരം: ഐ.എസ്.എൽ പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ് ടീമിന്റെ കുന്തമുനയായിരുന്ന ഡേവിഡ് ജെയിംസ് തിരിച്ചുവരുന്നു. 46കാരനായ ജെയിംസിനെ പരിശീലക സ്ഥാനത്തേക്കായി മാത്രമാണ് പരിഗണിക്കുന്നതെന്നാണ് വിവരം.

ആദ്യ സീസണിൽ ജയിംസിന്റെ കീഴിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് ഫൈനലിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് അധിക സമയത്തെ ഒറ്റ ഗോളിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുകയായിരുന്നു . ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് ഗോളിയായി മൈതാനത്തിറങ്ങുമ്പോൾ 44 വയസ്സുണ്ടായിരുന്നെങ്കിലും പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് മൈതാനത്ത് ജെയിംസ് പുറത്തെടുത്തത്.

സീസണിലെ ഏറ്റവും അധികം ക്ലീൻ ഷീറ്റുകളുമായി ജെയിംസ് ഗോൾ കീപ്പർമാരുടെ പട്ടികയിൽ ഒന്നാമതായിരുന്നു. സ്പാനിഷ് ക്ലബ് ലെവന്റെയുടെ മുൻ കോച്ച് യുവാൻ ഇഗ്നാസിയോ മാർടിൻസിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ജയിംസിനെ തേടിയിറങ്ങുന്നത്. രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ശോഭിക്കാനായിരുന്നില്ല. താരമായും പരിശീലകനായും തിളങ്ങിയ ജെയിംസ് ടീമിലേക്ക് തിരിച്ചെത്തിയാൽ അത് ഗുണമാകുമെന്ന് ഉടമകളും വിശ്വസിക്കുന്നതായാണ് സൂചന.

സച്ചിൻ തെണ്ടുൽക്കറുടെ താൽപര്യപ്രകാരമായിരുന്നു ജയിംസിനെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ വൻ അഴിച്ചുപണികളാണ് ടീമിൽ നടത്തിയിരുന്നത്. ഡേവിഡ് ജയിംസിനു പകരം ഇംഗ്ലണ്ടുകാരൻ തന്നെയായ പീറ്റർ ടെയ്ലറെ പരിശീലകനാക്കിയെങ്കിലും ടീമിന്റെ തുടരെയുള്ള തോൽവികളെ തുടർന്ന് ടെയ്ലർ പാതിവഴിയിൽ പരിശീലക സ്ഥാനമുപേക്ഷിച്ച് മടങ്ങുകയായിരുന്നു. ടെയ്ലർക്ക് പകരം ഇംഗ്ലീഷുകാൻ തന്നെയായ ടെരി ഫെലാൻ പരിശീലക സ്ഥാനത്തെത്തിയിട്ടും ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്തേക്ക് തന്നെ പതിച്ചു. എന്തായാലും മലയാളത്തിൽ 'നന്ദി നമസ്‌കാരം' എന്ന് പറഞ്ഞ് സംഭാഷണങ്ങൾ അവസാനിപ്പിച്ച് എല്ലാ മലയാളികളുടേയും ഇഷ്ടം പിടിച്ചു പറ്റിയ ജെയിംസ് തിരിച്ചെത്തിയാൽ ടീമിന്റെ ശനിദശ തന്നെ മാറും എന്നു തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.