ദുബായ്: യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മേശപ്പുറത്തുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്ത് മാറ്റിയത്. വലിയ വാർത്താ പ്രാധാന്യമാണ് ക്രിസ്റ്റ്യാനോയുടെ ഇടപെടൽ നേടിയത്. ഓഹരി വിപണിയിൽ ഉൾപ്പെടെ കനത്ത നഷ്ടമാണ് കൊക്ക കോള കമ്പനിക്ക് അന്നുണ്ടായത്.

ട്വന്റി 20 ലോകകപ്പിനിടെ സമാന സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് കായിക ലോകം. അന്ന് കുപ്പികളെടുത്ത് മാറ്റിയത് റൊണാൾഡോയായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം അത് ചെയ്തത് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറായിരുന്നു.

 

മേശയിൽ പരസ്യത്തിനായി വച്ചിരുന്ന കോള കുപ്പി വന്നയുടനെ തന്നെ ഡേവിഡ് വാർണർ മാറ്റുകയായിരുന്നു. എന്നാൽ തിരികെ മേശയിൽ തന്നെ വെക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഇതോടെ വാർണർ കോള കുപ്പി തിരികെ വെക്കുകയായിരുന്നു.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ വാർണർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് തന്റെ മുമ്പിലുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്ത് മാറ്റിയത്. പക്ഷേ ഉടൻ തന്നെ വാർണർക്കടുത്തെത്തിയ ഐ.സി.സി അധികൃതരിൽ ഒരാൾ കുപ്പികൾ തിരികെ വെയ്ക്കാൻ വാർണറോട് ആവശ്യപ്പെടുകയും ചെയ്തു.

വാർത്താസമ്മേളനത്തിനെത്തിയപ്പോൾ തനിക്ക് ഈ കുപ്പികൾ മാറ്റിവെയ്ക്കാൻ സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് വാർണർ കുപ്പികൾ മാറ്റാനൊരുങ്ങിയത്. എന്നാൽ ഉടൻ തന്നെ ഐ.സി.സി അധികൃതരിൽ ഒരാൾ താരത്തിനടുത്തെത്തി എന്തോ പറഞ്ഞു. ഇതോടെ ഇത് ക്രിസ്റ്റിയാനോയ്ക്ക് നല്ലതാണെങ്കിൽ തനിക്കും നല്ലതാണ് എന്ന് പറഞ്ഞ് താരം കുപ്പികൾ തൽസ്ഥാനത്ത് വെയ്ക്കുകയായിരുന്നു.

ഏറെ നാളുകൾക്ക് ശേഷം വാർണർ ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. വാർണർ 42 പന്തിൽ നിന്ന് 65 റൺസെടുത്തിരുന്നു. ഈ വർഷത്തെ ട്വന്റി20 ലോകകപ്പിലെ പ്രധാന സ്‌പോൺസർമാരിൽ ഒരാളാണ് കൊക്ക കോള. 2023 വരെയാണ് ഐ.സി.സിയുമായി കൊക്ക കോളയ്ക്ക് കരാറുള്ളത്.

നേരത്തെ യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ക്രിസ്റ്റിയാനോ മുമ്പിലെ മേശയിൽവെച്ചിരുന്ന കൊക്ക കോള കുപ്പികൾ എടുത്ത് മാറ്റിയത്. ഇതിനു പിന്നാലെ കമ്പനിയുടെ വിപണിമൂല്യത്തിൽ നാല് ദശലക്ഷം ഡോളറിന്റെ ഇടിവുണ്ടായിരുന്നു.