മെൽബൺ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഓസ്‌ട്രേലിയൻ താരങ്ങളിൽ ഒരാളാണ് ഡേവിഡ് വാർണർ. ഐപിഎൽ ടീമിൽ ഇടം പിടിച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുമായി വാർണർ കൂടുതൽ അടുത്തത്. ഇന്ത്യൻ സിനിമകളുടെയും സിനിമാ ഗാനങ്ങളുടേയും ആരാധകൻ കൂടിയായ വാർണർ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി എത്തി സാമൂഹ്യ മാധ്യമങ്ങളിൽ കൈയടി നേടാറുണ്ട്. ഇതിനൊപ്പം ചിലപ്പോൾ വാർണറിന്റെ കുടുംബവും പങ്കുചേരാറുണ്ട്.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന വാർണർ തെലങ്കു സൂപ്പർ താരങ്ങളുടെ നൃത്തച്ചുവടുകൾ അനുകരിച്ചും പാട്ടിനൊപ്പം നൃത്തം ചെയ്തുമാണ് മുമ്പ് ആരാധകരെ കൈയിലെടുത്തിരുന്നത്.

എന്നാൽ ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആവേശച്ചൂടിനിടയിലും ആരാധകരെ ഇത്തരമൊരു വീഡിയോയിലൂടെ ഞെട്ടിച്ചിരിക്കുയാണ് ഡേവിഡ് വാർണർ. ആദ്യ ഇന്നിങ്‌സിൽ 94 റൺസടിച്ച് തിളങ്ങിയ ഓപ്പണർ ഡേവിഡ് വാർണർക്ക് രണ്ടാം ഇന്നിങ്‌സിൽ പരിക്കുമൂലം ബാറ്റിംഗിനിറങ്ങാനായിരുന്നില്ല.

പരിക്കുമൂലം കിട്ടിയ ഇടവേളയിലാണ് ഇന്ത്യൻ ആരാധകരെ കൈയിലെടുക്കാൻ പുതിയ വീഡിയോയുമായി താരം രംഗത്തെത്തിയത്. ഇത്തവണ ഫേസ് സ്വാപ്പ് വഴിയാണ് വീഡിയോയുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by David Warner (@davidwarner31)

പാട്ടിനൊപ്പം നൃത്തം ചെയുന്ന തെലുങ്ക് സൂപ്പർ താരം അല്ലു അർജ്ജുന്റെ മുഖത്തിന് പകരം ഫേസ് സ്വാപ് വഴി തന്റെ മുഖം വച്ചാണ് വാർണർ ഇത്തവണ സാഹസത്തിന് മുതിർന്നത്. വാർണറുടെ പുതിയ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.


ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് നായകൻ വിരാട് കോലി പോലും വാർണറുടെ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. കുഴപ്പമൊന്നുമില്ലല്ലോ ലെ സുഹൃത്തെ എന്നാണ് ചിരിക്കുന്ന ഇമോജി ഇട്ടുകൊണ്ട് കോലിയുടെ ചോദ്യം. മുൻ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ ജോൺസണും വിഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഒന്ന് നിർത്തൂ, പ്ലീസ് എന്നാണ് ജോൺസന്റെ കമന്റ്.

ലോക് ഡൗൺ കാലത്ത് ഇത്തരം നിരവധി വീഡിയോകൾ വാർണർ പുറത്തിറക്കിയിരുന്നു. ഐപിഎൽ താരലേലത്തിന് മുന്നോടിയായി സൺറൈസേഴ്‌സ് ഹൈദരാബാദ് വിട്ട വാർണർ ഇത്തവണ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.