- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യയിൽ പവർപ്ലേയിൽ പന്ത് എറിയുന്നതിലും ഭേദം ടീമിലുള്ളവർക്ക് കാപ്പി ഉണ്ടാക്കുന്നത്'; പേസും ബൗൺസും കുറഞ്ഞ, ബാറ്റിങ്ങിനെ അതിരറ്റു സഹായിക്കുന്ന ഇന്ത്യൻ വിക്കറ്റുകളെക്കുറിച്ച് ഡേവിഡ് വില്ലി

മുംബൈ: ഇന്ത്യൻ വിക്കറ്റുകളിൽ പവർപ്ലേ ഓവറുകൾ ബോൾ ചെയ്യുന്നതിലും എളുപ്പം ടീമിലെ മുഴുവൻ താരങ്ങൾക്കും കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതാണെന്നു റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇംഗ്ലിഷ് ഓൾറൗണ്ടർ ഡേവിഡ് വില്ലി. പേസും ബൗൺസും കുറഞ്ഞ, ബാറ്റിങ്ങിനെ അതിരറ്റു സഹായിക്കുന്ന ഇന്ത്യൻ വിക്കറ്റുകളിൽനിന്നു പേസ് ബോളർമാർക്കു കാര്യമായ പിന്തുണ ലഭിക്കാറില്ല, പ്രത്യേകിച്ച് ആദ്യ ഓവറുകളിൽ.
പേസും ബൗൺസുമുള്ള വിക്കറ്റുകളിൽ ബോൾ ചെയ്തു പരിശീലിച്ച ഡേവിഡ് വില്ലിയെപ്പോലെയുള്ള താരങ്ങൾക്ക് ഇന്ത്യയിലെ ബോളിങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത് ഒട്ടും എളുപ്പവുമല്ല. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 3 ഓവറിൽ 28 റൺസാണു വില്ലി വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. എന്നാൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വില്ലി മെച്ചപ്പെട്ടു. രണ്ട് ഓവറിൽ ഏഴു റൺസ് മാത്രമാണ് താരം വഴങ്ങിയത്.
രാജസ്ഥാൻ റോയൽസിനെതിരെ ഇന്നു നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്ത്യയിലെ ബോളിങ് വെല്ലുവിളികളെക്കുറിച്ച് വില്ലി പ്രതികരിച്ചത് ഇങ്ങനെ, 'ഇന്ത്യയിൽ പവർപ്ലേ ഓവറുകൾ ബോൾ ചെയ്യുന്നതിലും എളുപ്പം ടീമിലെ മറ്റു താരങ്ങൾക്കെല്ലാം കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതാണ്. ടീമിലെ ഒത്തിണക്കം നിലനിർത്താനുള്ള ചുമതലയാണ് എനിക്കു നൽകിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഇതു പ്രതിഫലിക്കുമെന്നു കരുതാം' 32 കാരനായ ഇംഗ്ലിഷ് ഓൾറൗണ്ടർ പറഞ്ഞു.
രാജസ്ഥാൻ റോയൽസ് സ്റ്റാർ ബാറ്റർ ജോസ് ബട്ലറെക്കുറിച്ചുള്ള വില്ലിയുടെ പ്രതികരണം ഇങ്ങനെ, 'മുംബൈക്കെതിരെ നേടിയ സെഞ്ചുറിയുടെ ആത്മവിശ്വാസത്തിലാകും ബട്ലർ ഇറങ്ങുക. മികച്ച താരമാണു ബട്ലർ. ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ഇതു തെളിയിച്ചിട്ടുമുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ എനിക്കു ബട്ലറെ പുറത്താക്കാനാകും എന്നാണു പ്രതീക്ഷിക്കുന്നത്.'


