ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചെന്ന വാർത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. കാറാച്ചിയിലെ ആശുപത്രിയിൽ ദാവൂദ് ചികിൽസയിലാണ്. ഗുരുതരമായ ഹൃദയാഘാതമാണ് ദാവൂദിനുണ്ടായത്. എന്നാൽ ഗുണ്ടാ തലവൻ മരിച്ചിട്ടില്ലെന്നാണ് സൂചന. വെന്റിലേറ്ററിലുള്ള അധോലോക നായകന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടും ഇന്ത്യൻ ഏജൻസികൾ പറയുന്നു. കറാച്ചിയിൽ പാക് സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ് ദാവൂദിന്റെ ചികിൽസ പുരോഗമിക്കുന്നത്. പാക് സൈന്യവും ദാവൂദും തമ്മിലെ ബന്ധത്തിന് ഇത് തെളിവാണെന്നും ഇന്ത്യ വിശദീകരിക്കുന്നു.

ദാവൂദ് പൂർണ്ണ ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീൽ പറഞ്ഞിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂസ് 18 ചാനലാണ് ദാവൂദിന് സുഖമില്ലെന്ന വാർത്ത പുറത്തുവിട്ടത്. കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ചികിത്സയിൽ കഴിയുന്നതെന്നും റിപോർട്ടിൽ പറയുന്നു. കാലിലെ വ്രണത്തെത്തുടർന്ന് 61 കാരനായ ദാവൂദ് ചികിത്സയിലാണെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുണ്ടായിരുന്നു. ഗുരുതരമായ ഗാൻഗ്രീൻ രോഗത്താൽ ദാവൂദിന് നടക്കാൻ ബുദ്ധിമുട്ടാണെന്നും സൂചനയുണ്ടായിരുന്നു.

മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്ന് നിരവധി തവണ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഒരു ദേശീയ ചാനൽ ഇതിന് മുൻപ് പുറത്ത് വിട്ടിരുന്നു. പാക്കിസ്ഥാനിൽ തന്നെയാണ് ദാവൂദ് ഉള്ളതെന്നും സ്ഥിതീകരിച്ചതാണ്. എന്നാൽ ഇല്ലയെന്ന നിലപാടിലാണ് സംരക്ഷണമൊരുക്കുന്ന പാക്ക്.

മുംബൈ സ്ഫോടന പരമ്പരകളുടെ സുത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദിനെ വിട്ടു കിട്ടണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും പാക്ക് തയ്യാറായിട്ടില്ല. ഒളിത്താവളങ്ങൾ മാറ്റുന്ന ദാവൂദ് കഴിഞ്ഞ കുറേ വർഷങ്ങളായി പാക്കിസ്ഥാനിൽ തന്നെയാണ് ഉള്ളതെന്നും പാക്ക് ഏജൻസിയാണ് സുരക്ഷ ഒരുക്കുന്നതെന്നും ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയ്ക്ക് തെളിവു നൽകിയെങ്കിലും പാക്കിസ്ഥാൻ വഴങ്ങിയിട്ടില്ല.

2013 -ൽ ദാവൂദിനെ പിടികൂയാനായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ-നടത്തിയ ശ്രമം ലക്ഷത്തിൽ എത്താതെ പോയത്. ദാവൂദിനെ പിടികൂടാൻ റോയുടെ പിന്തുണയോടെ 9 അംഗ സംഘം ദാവൂദിന്റെ മൂക്കിൻ തുമ്പത്തുവരെ എത്തിയെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയതിനാൽ ദൗത്യം ഉപേക്ഷിച്ചു എന്നാണ് സി.എൻ.എൻ -ഐ.ബി.എൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സുഡാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് കറാച്ചിയിൽ എത്തിയ ദൗത്യ സംഘത്തിന് ദാവൂദിന്റെ താമസ സ്ഥലവും കാർ നമ്പരും ലഭിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിമിന് അഭയം നൽകിയിട്ടില്ല എന്ന് പാക്കിസ്ഥാൻ വാദിച്ചിരുന്ന സമയത്താണ് ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ സഹായത്തോടെ റോ ആക്രമണം ആസൂത്രണം ചെയ്തത്. എന്നാൽ അവസാന നിമിഷം ലഭിച്ച ഫോൺകോള്നെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു എന്നാണ് വെളിപ്പെടുത്തൽ. അതിന് ശേഷവും ദാവൂദിന് പിന്നാലെയായിരുന്ന റോ. അതിനിടെയാണ് അസുഖ വിവരം പുറത്തുവരുന്നത്.