ധോലോക നായകന്മാരുടെ കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ അധോലോക നായികമാരെയോ! ലോകത്ത് പരുഷന്മാരെ വെല്ലുവിളിക്കുന്ന രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിനായികമാർ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അത് തുലോം കുറവായിരുന്നു. ഫൂലൻദേവിയെപ്പോലെ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഏറെ പേരെടുത്തവർ ഉണ്ടായിരുന്നെങ്കിലും ക്രിമിനൽ ആയിട്ടല്ല ജാതീയതക്കും ഫ്യൂഡലിസത്തിനും എതിനായ പ്രതിഷേധത്തിന്റെ തീജ്ജ്വാലയായാണ് അവർ വിലയിരുത്തപ്പെടുന്നത്. ഇതിനിടയിൽ മറഞ്ഞുകിടക്കയായിരുന്നു, ഇന്ത്യയിലെ യഥാർഥ അധോലോക നായിക. അവരാണ് ഹീസന പാർക്കർ. കൊള്ളയും കൊലയും കൂട്ടിക്കൊടുപ്പുമായി 5000 കോടിയിലേറെ സ്വത്തുണ്ടാക്കിയ, 88 കേസുകൾ ഉണ്ടായിട്ടും ഒന്നിൽപോലും പൊലീസന് തൊടാൻ കഴിയാതിരുന്നു കുറ്റകൃത്യങ്ങളുടെ ചേച്ചി എന്ന് അറിയപ്പെട്ടിരുന്ന മുബൈയുടെ 'ക്രൈം ആപ'. ആപ എന്നാൽ അർഥം ചേച്ചിയെന്ന്.

ഹസീനാ പാർക്കറുടെ ചരിത്രം അധികം എഴുതപ്പെട്ടിട്ടില്ലെങ്കിലും, അവരുടെ സഹോരനന്റെ പേര് കേട്ടാൽ മുബൈയും ഇന്ത്യയും മാത്രമല്ല ലോകം തന്നെ കിടുങ്ങും. മറ്റാരുമല്ല, സാക്ഷാൽ ദാവൂദ് ഇബ്രാഹീം. ഒരു കാലത്ത് ഡി കമ്പനിയുടെ ബിനാമി ആയിരുന്നു ഹസീന പിന്നീട് ദാവൂദുമായി ഉടക്കുകയും സ്വന്തം നിലയിൽ 'ബിസിനിസ്' ചെയ്ത് കോടികൾ സമ്പാദിക്കുകയും ചെയ്തു. 2014ൽ 55ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ച ഹസീനയെക്കുറിച്ച് അവർ ജീവിച്ചിരുന്ന സമയത്ത് അധികം എഴുതപ്പെട്ടില്ല. എന്നാൽ മരണത്തിനുശേഷം മൂന്ന് പുസ്തകങ്ങളും ഒരു സിനിമയുമാണ്, ഈ അധോലോക വല്ല്യേച്ചിയെക്കുറിച്ച് എഴുതപ്പെട്ടത്. 2017ലിറങ്ങിയ ഹസീന പാർക്കർ എന്ന സിനിമയിൽ ഹസീനയുടെ വേഷത്തിൽ ബോളിവുഡ് നടി ശ്രദ്ധ കപൂർ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോൾ ഈ അധോലോക വല്ല്യേച്ചി വീണ്ടും വാർത്തകളിൽ നിറയുന്നത് അവരുടെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്താവുന്നതോടെയാണ്. ഹസീനയുടെ ഈ വിവാദ ഭൂമി വാങ്ങിയെന്ന ആരോപണത്തിൽ മഹാരാഷ്ട്രയിലെ ഒരു മന്ത്രിയെ എൻഐഎ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ശിവസേന- എൻസിപി- കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്രം നടത്തുന്ന നീക്കം എന്നൊക്കെ ഇതിനെതിരെ മഹാരാഷ്ട്ര ഭരണപക്ഷം പ്രസ്താന ഇറക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ- അധോലോക ബന്ധത്തിന് വ്യക്തമായ ഉദാഹരണമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഹസീന പാർക്കറുടെ ഞെട്ടിപ്പിക്കുന്ന ജീവിത കഥ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുകയും ചെയ്തു.

സാദാ വീട്ടമ്മയിൽനിന്ന് അധോലോകത്തേക്ക്

സത്യത്തിൽ ഹസീന് പാർക്കറോ, എന്തിന് ദാവൂദ് ഇബ്രാഹിമോ, ഇതുപോലെ ഒരു ക്രിമിനൽ ആയി വളരുമെന്ന് നാട്ടുകാരോ കടുംബ ബന്ധുക്കളോ കരുതിയിരുന്നില്ല. രത്നഗിരിയിലെ പൊലീസ് കോൺസ്റ്റബിൾ മുഹമ്മദ് ഇബ്രാഹിം കസ്‌കറിനും, ഭാര്യ ആമീനബിക്കും മക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥർ ആക്കാനായിരുന്നു ആഗ്രഹം. സത്യത്തിൽ കിരീടത്തിലെ സേതുമാധവന്റെ കഥയോട് വിദുരഛായയുണ്ട് ദാവൂദ് ഇബ്രാഹീമിനും. രത്നഗരിയിൽ സമാധാനമായി കഴിഞ്ഞിരുന്ന ആ കടുംബം, 12 മക്കളുമൊത്ത് മുംബൈ ഡോംഗ്രിയിലേക്ക് മാറിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇബ്രാഹീം ക്സക്കാറിന് മുബൈയിലക്ക് സ്ഥലംമാറ്റം കിട്ടിയില്ലായിരുന്നെങ്കിൽ ദാവൂദ് ഇബ്രാഹീം എന്ന ക്രിമിനൽ ഉണ്ടാകുമായിരുന്നില്ല!

12 മക്കളിൽ മൂന്നാമത്തെ മകനായിരുന്നു ദാവൂദ്. ഹസീന ഏഴാമത്തവൾ. കുട്ടിക്കാലത്ത് പെങ്ങന്മാരെ ജീവിനായിരുന്നു ദാവൂദിന്. മൂത്ത പെങ്ങൾ സൗദയെ സ്‌കൂൾ ഹെഡ്‌മാസ്റ്റർ പലപ്പോഴും മർദിക്കുകയും പരിഹസിക്കയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതായനായ ദാവൂദ് പിതാവിന്റെ ലാത്തി കട്ടെടുത്ത് ഹെഡ്‌മാസ്റ്ററെ നന്നായി മർദിച്ച് അവശനാക്കി. ലോകത്തെ വിറപ്പിച്ച അധോലോക നായകന്റെ ആദ്യ കുറ്റകൃത്യം. പഠിക്കാൻ മിടുക്കനായിരുന്നു ദാവൂദ് അതോടെ പഠനവും ഉപേക്ഷിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അയാൾ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തി. അന്ന് അതിന് പറ്റിയ സാഹചര്യമായിരുന്നു മുംബൈയിൽ.

ലക്കി ലൂസിയാനോ, തൊട്ട് കപ്പോൺവരെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തരായ ക്രമിനലുകളെ ഒക്കെ നോക്കിയാൽ അറിയാം അവർ വളർന്നത് ബ്ലാക്ക് മാർക്കറ്റിലുടെയാണ്. നമ്മുടെ കൊച്ചു ദാവൂദിന്റെയും ആദ്യ ബിസിനിസ് സിനിമാ ടിക്കറ്റ് ബ്ലാക്കിൽ എടുത്ത് വിൽക്കയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു അടിപിടിക്കേസിൽ മകനെ പിടികൂടി സ്റ്റേഷനിലിട്ട് തല്ലുക കുടിചെയ്തു പിതാവ് മുഹമ്മദ് ഇബ്രാഹിം. ഇവിടെയും കിരീടം സിനിമയുടെ ലാഞ്ചനകൾ പ്രകടം!

കള്ളക്കടത്തു സാധനങ്ങളുടെ ഹോൾസെയിൽ വിൽപനകേന്ദ്രമായിരുന്നു അന്നു ഡോംഗ്രി. അധോലോക ദാദമാരായിരുന്ന ഹാജി മസ്താനും കരിം ലാലയും അടക്കി വാണ സ്ഥലം. കള്ളക്കടത്തിലൂടെ മസ്താനൊപ്പം വളരണമെന്നായി ദാവൂദിന്റെ ആഗ്രഹം. മസ്താന്റെ പേരിൽ ഡോംഗ്രിയിലെത്തിയ കള്ളക്കടത്തുസാധനം പത്തൊൻപതാം വയസ്സിൽ മറിച്ചു വിറ്റ് ദാവൂദ് കളത്തിലിറങ്ങി. ഇതറിഞ്ഞ പിതാവ് മുഹമ്മദ് ഇബ്രാഹിം മകനെ വീണ്ടും പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ മസ്താൻ വലിയ തലവേദനയാണെന്നും അയാൾക്കെതിരെ ചില ആൺകുട്ടികൾ വരുന്നതു നല്ലതാണെന്നും പറഞ്ഞു പൊലീസ് ഇൻസ്പെക്ടർ തിരിച്ചയച്ചെന്നാണു കഥ. അതായത് പരോക്ഷമായി ഒരു സ്റ്റേറ്റ് സ്പോൺസേഡ് ഡോൺ ആണ് അയാൾ.

എന്തായാലും മസ്താൻ-ദാവൂദ് പോര് തെരുവിൽ ചോരപ്പുഴയൊഴുക്കിയെന്നതു വാസ്തവം. പിന്നീടങ്ങോട്ട് വെച്ചടിവെച്ചടി വെച്ച് ദാവൂദ് കയറിപ്പോയി. പക്ഷേ മുംബൈയുടെ എല്ലാമായി വിലസുമ്പോഴും സ്വന്തം സഹോദരിമാർ വീട്ടമ്മമാരായി ജീവിക്കണം എന്നാണ് ദാവൂദ് ആഗ്രഹിച്ചത്. ദാവൂദിന്റെത് കുടുംബപരമായ അധോലോക സംവിധാനം ആയിരുന്നു. പക്ഷേ സ്ത്രീകൾ അധോലോക രംഗത്തേക്ക് ഇറങ്ങരുതെന്ന് ദാവൂദ് കർശനമായി നിർദ്ദേശിച്ചു. പക്ഷേ ഹസീനയടേത് മറ്റൊരു വിധിയായിരുന്നു.

ഭർത്താവിന്റെ കൊലയിൽ കാര്യങ്ങൾ മാറുന്നു

ദാവൂദ് അധോലോകത്തിന്റെ ഭാഗമായ കാലത്ത് നാലു സഹോദരന്മാരെയും ഒപ്പം കൂട്ടിയിരുന്നു. പക്ഷേ നാല് സഹോദരിമാരും അവരുടെ കുടുംബവും മറ്റു സഹോദരന്മാരും കുറ്റകൃത്യങ്ങളിൽ നിന്ന് അകന്നു നിൽക്കണം. ഈ രീതിയിലായിരുന്ന ഡി കമ്പനിയുടെ കുടുംബ സമവാക്യം. പക്ഷേ 1991ൽ ഹസീനയുടെ ഭർത്താവ് ഇസ്മായിൽ പാർക്കറെ ദാവൂദിന്റെ എതിരാളി അരുൺ ഗാവ്‌ലിയുടെ സംഘം കൊന്നതോടെ ഈ ഫോർമുല തെറ്റി. കൊലയാളികൾ ചികിത്സയിലായിരുന്ന ജെജെ ആശുപത്രിയിൽ ദാവൂദ് സംഘം പ്രതികാര വെടിവയ്പ് നടത്തി. മുംബൈ ഞെട്ടിവിറച്ച ഗുണ്ടാപ്പോരാട്ടത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ കൊല്ലപ്പെട്ടു.

ഈ സംഭവങ്ങൾക്കു പിന്നാലെ, പൊടുന്നനെ ഹസീന വീട്ടമ്മ റോൾ വെടിഞ്ഞു. എതിരാളികൾക്ക് ശക്തമായ തിരിച്ചടി കൊടുക്കാനായിരുന്നു ഇത്. പക്ഷേ ദാവൂദിന് ഇതിൽ എതിർപ്പായിരുന്നു. പക്ഷേ 'എന്റെ ഭർത്താവിനെ രക്ഷിക്കാൻ കഴിയാതിരുന്നു നീ അധികം സംസാരിക്കേണ്ട' എന്നായിരുന്നു ഹസീനയുടെ നിലപാട്. ഹസീനയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ അരുൺ ഗാവ്‌ലി പിന്നീട് പാർട്ടി രൂപീകരിച്ചതും 2004ൽ എംഎൽഎ ആയതും മറ്റൊരു കഥ. കൊലക്കേസിൽ ജീവപര്യന്തം തടവിലാണിപ്പോൾ ഗാവ്‌ലി.

അധോലോകത്തേക്കു നേരി എന്ന മേഖലയിൽ താമസിക്കാൻ തീരുമാനിച്ചതും അവിടെ ക്രൈം സിൻഡിക്കറ്റിനു രൂപം കൊടുത്തതും എല്ലാം പെട്ടെന്നായിരുന്നു. ഗോർഡൻ ഹാൾ എന്ന അപാർട്മെന്റ് കണ്ട് ഇഷ്ടപ്പെട്ട ഹസീന, കെട്ടിടം കുത്തിത്തുറന്ന് അവിടെ താമസമാക്കി. അന്ന് ആരും അതു ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്തതു ദാവൂദിന്റെ സഹോദരി എന്ന ലേബലിൽ ആണെങ്കിൽ പിന്നീട് ഹസീന 'നാഗ്പാഡയുടെ തലതൊട്ടമ്മ'യെന്നു സ്വന്തം നിലയിൽ കുപ്രസിദ്ധി നേടി. ആപ എന്നുകേട്ടാലും മുംബൈ നടുങ്ങുന്ന സ്ഥിതിയായി. കണ്ടാൽ ഒരു സധാരണ വീട്ടമ്മ. വെള്ളക്കല്ല് മുക്കൂത്തിയും വലിയ കമ്മലും ഡിസൈൻ സാരിയുമായി വരുന്ന ഒരു പാവം. പക്ഷേ കൈയിലിരിപ്പോ. കൊള്ളയും കൊലയും കുറ്റകൃത്യങ്ങളും.

ഡാൻസ് ബാറുകളിലൂടെ നേടിയത് കോടികൾ

ദാവൂദിനെ വെല്ലുന്ന സ്വന്തമായി ഒരു ഗുണ്ടാ സംഘമായിരുന്ന ഹസീനയുടെ കരുത്ത്. ക്വട്ടേഷനും മോചനദ്രവ്യവും ഗുണ്ടാപിരിവുമായി കിട്ടുന്ന പണം അവർ ഡാൻസ് ബാറുകളിൽ നിക്ഷേപിച്ചു. ബംഗ്ലാദേശിൽനിന്നു നേപ്പാളിൽനിന്ന് യുവതികളെ കൊണ്ടുവന്ന് മുബൈയിൽ വ്യഭിചാര ശാലകൾ തുടങ്ങി. ഈ കൂട്ടിക്കൊടുപ്പ് പണം തന്നെയായിരുന്നു ഹസീന സംഘത്തിന്റെ മൂലധനം.

ചേരി വികസന സമിതിയുടെ കീഴിൽ കരാറെടുക്കുന്ന ബിൽഡർമാരെയാണു ഹസീന പിന്നീട് കയ്യിലെടുത്തത്. തന്റെ അനുമതിയില്ലാതെ ചേരിയിൽ ഒരു ഇഷ്ടികക്കട്ട പോലും വയ്ക്കാനാകില്ലെന്നു വിറപ്പിച്ചതോടെ കോടികളുടെ കമ്മിഷനുമായി അവർ ഗോർഡൻ ഹാളിൽ ക്യൂ നിന്നു. ഗൾഫിലും റഷ്യൻ മേഖലകളിലും ബോളിവുഡ് സിനിമകളുടെ റൈറ്റ് വിൽക്കുന്നതും ഹസീന സംഘം ഏറ്റെടുത്തു. കെട്ടിടനിർമ്മാതാക്കളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു അടുത്ത രീതി.

കേബിൾ നെറ്റ്‌വർക്കുകൾ തമ്മിലുള്ള കുപ്രസിദ്ധമായ പോര് തുടങ്ങിയ നാളുകളായിരുന്നു അത്. അവർക്കും ഹസീന ഇടനിലക്കാരിയായി. ഓരോ സംഘത്തിനും നിശ്ചിത മേഖല 'അതിരു തിരിച്ച്' കൊടുത്തതോടെ ആ വകയിലും കമ്മിഷൻ കുമിഞ്ഞു കൂടി. രാജ്യമെമ്പാടുമുള്ള ഹവാല ഇടപാടുകളും ഹസീന വഴിയായി. നാഗ്പാഡയിലെയും സമീപത്തെയും എല്ലാ കുടുംബങ്ങളിലെയും കാര്യങ്ങളിൽ ആപ ഇടപെട്ടു. വീട്ടിലെ പെൺകുട്ടി ഒളിച്ചോടിയാൽ കാമുകനെ വിരട്ടിയോടിച്ച് കുട്ടിയെ തിരികെയെത്തിക്കാനും അതിർത്തിയുടെ പേരിലുള്ള അയൽതർക്കങ്ങൾ പരിഹരിക്കാനും അവർ ആപയെ തേടി.

88 കേസുകൾ ഹസീനയ്ക്കെതിരെ രജിസ്റ്റർ ചെയ്തെങ്കിലും പലതിലും ഇവർക്കെതിരെ കോടതിയിൽ മൊഴി നൽകാൻ ആരും തയാറായില്ല. മുന്നോട്ടുവന്ന ചിലരെയാകട്ടെ ഗുണ്ടകൾ പേടിപ്പിച്ചു തുരത്തുകയും ചെയ്തു. ഇതിനിടെ 10 വർഷത്തോളം ഹസീന പൊതുസ്ഥലത്തൊന്നും പ്രത്യക്ഷപ്പെടാതെ കഴിഞ്ഞു. നാഗ്പാഡയിൽ അവരുണ്ടെന്ന് അറിഞ്ഞിട്ടു പോലും പൊലീസിന് ഒന്നും ചെയ്യാനുമായില്ല. ഹസീനയ്ക്ക് മുംബൈയിൽ കണ്ണായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ ഉൾപ്പെടെ 5000 കോടിയുടെ സ്വത്തുണ്ടെന്നാണ് ഏകദേശ കണക്ക്. ആ സ്വത്തിന്റെ ക്രയ വിക്രയങ്ങളാണ് ഇപ്പോൾ മഹാരാഷ്ട്രാ മന്ത്രിയുടെ അറസ്റ്റിൽ കൊണ്ടെത്തിച്ച വിവാദങ്ങളിലലേക്ക നീങ്ങിയത്.

പ്രേരണയായത് ജനാബി ആപ്പ

ഏത് വിഷയത്തിലും ആർക്കും പ്രേരണയായി ഒരാൾ ഉണ്ടാവും. ഹസീനയെ അക്കാലത്ത് വനിതകൾക്ക് തീരെയില്ലാത്ത, അധോലോകത്തേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചതും മുബൈയിലെ ഒരു ലോക്കൽ വനിതാ ഡോൺ ആണെന്ന്, അവരുടെ ആത്മകഥ എഴുതിയ ശോഭാ റായ് എന്ന മാധ്യമ പ്രവർത്തക പറയുന്നു. ജെനാബി ആപ്പ എന്ന് മുബൈക്കാർ വിളിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു അത്. ആദ്യകാലത്ത് ദാവൂദ്പോലും സഹായം തേടിച്ചെന്നത് ഇവിടെയാണ്.

ജെന എന്ന ജെനാബി ആപ്പയെ ഇന്ത്യാ വിഭജനത്തിന്റെ ഇരയായിരുന്നു. ഭർത്താവ് അവരെയും 5 മക്കളെയും ഉപേക്ഷിച്ചു പാക്കിസ്ഥാനിലേക്കു പോയതോടെ കുടുംബം പോറ്റാൻ വഴിയില്ലാതെ അവർ ധാന്യക്കള്ളക്കടത്തിലേക്കു തിരിഞ്ഞു. പിന്നീടു ചാരായക്കടത്തും തുടങ്ങി.

തെക്കു നിന്നെത്തിയ വരദരാജ മുതലിയാർ ബോംബെ അധോലോകത്തിന്റെ ദാദ ആയ കാലമായിരുന്നു അത്. മുതലിയാരുമായുള്ള ചങ്ങാത്തം കൂടിയതോടെ ജെനാബി ശക്തയായി. മസ്താനും കരിംലാലയും ദാവൂദും ഉൾപ്പെടെയുള്ള ഗുണ്ടാത്തലവന്മാർ അവരുടെ വാക്കുകൾ അനുസരിച്ചു. ദാവൂദ് അവരെ മാസി (അമ്മായി) എന്നും മസ്താൻ അവരെ ആപ (ചേച്ചി) എന്നും വിളിച്ചു. അതുകൊണ്ടാണു സഹായം തേടി ദാവൂദ് അവിടെത്തന്നെ ചെന്നതും. ജെനാബിയുടെ മധ്യസ്ഥതയിലാണ് മസ്താനും ദാവൂദും ഒത്തുതീർപ്പിലെത്തിയത്. ബോംബെയുടെ മേഖലകൾ വിഭജിച്ചെടുക്കാമെന്നു ധാരണയായി. നാളുകൾ കഴിഞ്ഞ് ദാവൂദിന്റെ സഹോദരനെ മസ്താന്റെ ഗുണ്ടകൾ കൊല്ലും വരെ ഇരു കൂട്ടരും സമാധാന ഉടമ്പടി പാലിക്കുകയും ചെയ്തു.

ഒരു ഗുണ്ടാസംഘത്തെയും നയിക്കാതെയാണു ജെനാബി മുംബൈയുടെ ആപ ആയതും ദാദമാരെയടക്കം വിരൽത്തുമ്പിൽ നിർത്തിയതും. പിൽക്കാലത്ത് ഹസീന പാർക്കർ ആപയെന്ന പേര് ഏറ്റെടുത്തു. അതുപക്ഷേ, ദാവൂദ് ഇന്ത്യയിൽ വിട്ടുപോയ ഗുണ്ടാപ്പടയെ ഏറ്റെടുത്തുനയിച്ചു കൊണ്ടായിരുന്നു. മുംബൈ സ്ഫോടനം ജെനാബിയുടെ ഉള്ളുതകർത്തു. ദാവൂദിന്റെ പക്ഷം ചേർന്നു നിന്നതിലൂടെ താനും കുറ്റം ചെയ്തോ എന്ന ചിന്ത അലട്ടിയ അവർ ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. അക്കാലത്ത് അധോലോകക്കളത്തിലേക്കു ചുവടുവച്ച ഹസീനയെ ആകട്ടെ, സഹോദരന്റെ തെറ്റ് ഒരു തരത്തിലും ബാധിച്ചില്ല. അവർ ക്രിമിനൽ പ്രവർത്തനങ്ങൾ നിർബാധം തുടർന്നു. പക്ഷേ അവരുടെ അവസാന കാലം പുത്രന്റെ മരണവും മറ്റുമായി ദുരിതമയമായിരുന്നു.

മകന്റെ മരണത്തിൽ ഹൃദയം തകർന്നു

ഡി കമ്പനിയുടെ കഷ്ടകാലം തുടങ്ങിയത് മുംബൈ സ്ഫോടനത്തോടെയാണ്. അതോടെ ഇന്ത്യ വിട്ട ദാവൂദ് ഇബ്രാഹിമിനെ പിടികൂടാൻ പലപ്പോഴും പൊലീസ് ഹസീനയെ നിരീക്ഷിച്ചിരുന്നു. ദാവൂദ് ദുബായിൽ എത്താറുണ്ടെന്ന സൂചനകൾ പൊലീസിനു ലഭിച്ചിരുന്നു. ഹസീനയുടെ തുടർച്ചയായുള്ള ദുബായ് യാത്രകൾ ദാവൂദിനെ കാണാനാണെന്ന സംശയത്തിൽ ക്രൈംബ്രാഞ്ച് അവരെ ചോദ്യം ചെയ്തു. എന്നാൽ, ദാവൂദുമായി ഒരു ബന്ധവുമില്ലെന്നും കുറ്റകൃത്യപട്ടികയിൽ പെടാത്ത സഹോദരങ്ങളുമായി മാത്രമേ സംസാരിക്കാറു പോലുമുള്ളൂ എന്നും ഹസീന മൊഴി നൽകി. ഇതിനിടെ, ക്രൈംബ്രാഞ്ച് ഓഫിസിൽ വച്ചു ഹസീനയുടെ ബാഗിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ പാസ്പോർട്ട് കാണാതായി.

കുറ്റകൃത്യപശ്ചാത്തലം കണക്കിലെടുത്ത് പിന്നീടു പുതിയ പാസ്പോർട്ട് അനുവദിച്ചുമില്ല. ക്രൈംബാഞ്ച് സംഘത്തിന്റെ ആസൂത്രിത നീക്കത്തിലൂടെ പാസ്പോർട്ട് തട്ടിയെടുത്തതാണെന്നാണു റിപ്പോർട്ടുകൾ. ഇത് മൂംബൈ പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. അതേസമയം, സഹോദരി ഗുണ്ടാസംഘത്തെ നയിക്കുന്നത് ദാവൂദിന് ഇഷ്ടമില്ലായിരുന്നെന്നും പ്രചരണങ്ങളുണ്ട്. 4 സഹോദരിമാർക്കും മാസച്ചെലവിനായി 2 കോടി രൂപ വീതം ദാവൂദ് ഹവാല വഴി എത്തിച്ചു കൊടുത്തിരുന്നത്രേ. പിന്നീട് ഈ പണം നിലച്ചതാണ്, നേരിട്ട് ബിസിനസിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത് എന്നും പറയുന്നു.

മകൻ ഡാനിഷ് പാർക്കർ 2006ൽ അപകടത്തിൽ മരിച്ചതു ഹസീനയ്ക്കും ദാവൂദ് കുടുംബത്തിനും വലിയ ആഘാതമായിരുന്നു. അനന്തരവന്മാരിൽ ഏറെ പ്രിയമുള്ള ഡാനിഷിനെ അധോലോക ഇടപാടുകൾ ഏൽപിക്കാൻ ദാവൂദ് പദ്ധതിയിടുന്നതിനിടെയാണു സംഭവം. എതിരാളികൾ കൊലപ്പെടുത്തിയതാണോ എന്ന ചോദ്യമുൾപ്പെടെ ദുരൂഹതകൾ ഇപ്പോഴും ബാക്കി. അതിലൊന്നാണു ഡാനിഷ് സഞ്ചരിച്ച കാറിന്റെ ഉടമസ്ഥത. തിരുവനന്തപുരം സ്വദേശി മനോജിന്റെ പേരിൽ തിരുവനന്തപുരം രജിസ്റ്റ്രേഷനിലുള്ള കാറിൽ പോകവേ ആയിരുന്നു അപകടം. കംപ്യൂട്ടർ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്നു 2005ൽ വീടു വിട്ട മനോജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനും കണ്ടെത്താനായില്ല.

അയൽവാസിയുടെ നാക്ക് മുറിച്ച കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിടെയായിരുന്നു ഡാനിഷിന്റെ മരണം. ലഹരിക്കടിമയായിരുന്നെന്നും കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നുമുള്ള നിഗമനങ്ങളിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു. മൂത്തമകന്റെ വേർപാടിനെ തുടർന്ന് കുറെനാൾ ഹസീന രോഗബാധിതയായി കിടപ്പിലായി. ചെറുപ്പം മുതലുള്ള ചെന്നിക്കുത്ത് ഇതിനിടെ കൂടുകയും ചെയ്തു. നാഗ്പാഡ വിടാൻ ആലോചിച്ചെങ്കിലും വേണ്ടെന്നു വച്ച ഹസീന പാർക്കർ, പിന്നീടു പിന്നണിയിൽ ഇരുന്നാണു ഗുണ്ടാപ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഹസീനയുടെ മരണ ശേഷം അവരുടെ ചില കെട്ടിടങ്ങൾ അധികൃതർ കണ്ടുകെട്ടി. നാഗ്പാഡയിലെ ഫ്ളാറ്റ് ലേലം ചെയ്തു. ദാവൂദിന്റെ കുടുംബവീടായ 'ഇബ്രാഹിം മാൻഷൻ' ഉൾപ്പെടെയുള്ള വസ്തുവകകളും ലേലത്തിൽ പോയി. ചിലതാകട്ടെ, പലവട്ടം ലേലത്തിനു വച്ചിട്ടും ഡി കമ്പനിയെ ഭയന്ന് ആരും വാങ്ങാനെത്തിയില്ല.

വീണ്ടും വാർത്തകളിൽനിറയുന്ന ഡി കമ്പനി

ഡി കമ്പിനി ക്ഷയിച്ചു നശിച്ചു എന്നായിരുന്നു 2020നുശേഷമുള്ള പൊതു വിലയിരുത്തലുകൾ. ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചു എന്നുപോലും ഇതിനിടെ വാർത്തകൾ വന്നു. പക്ഷേ പണ്ടേപ്പോലെ ശൗര്യമില്ലെങ്കിലും പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇരുന്നുകൊണ്ട് ദാവൂദ് ഇന്ത്യക്കെതിരെ പലതും പ്ലാൻചെയ്യുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ച വാർത്തകളും 2022 ആദ്യം പുറത്തു വന്നിരുന്നു. ജനുവരി ഏഴിന് ആ സംഘത്തിനെതിരെ മുംബൈ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. മുംബൈയും ഡൽഹിയും കേന്ദ്രീകരിച്ച് ആക്രമണത്തിനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും അപായപ്പെടുത്തുക എന്നതും 'ദാവൂദ് ഗ്യാങ്ങിന്റെ' ലക്ഷ്യമായിരുന്നെന്ന് പൊലീസ് പറയുന്നു.

ദാവൂദിന്റെ ഇന്ത്യാവിരുദ്ധ സംഘം വെറും അഭ്യൂഹം മാത്രമല്ലെന്നു തെളിയിച്ച്, കേസ് എൻഐഎ ഏറ്റെടുത്തു. രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ഉൾപ്പെടെ ദാവൂദിനു ധനസഹായം നൽകുന്നതായുള്ള സൂചന എൻഐഎയ്ക്കു ലഭിച്ചതിനു പിന്നാലെയായിരുന്നു ഇത്. ദാവൂദും വിദേശത്തുനിന്ന് വൻതോതിൽ ഇന്ത്യയിലേക്ക് ഹവാല പണം എത്തുക്കുകയാണ്. ഇന്ത്യയിൽ രാഷ്ട്രീയസാമ്പത്തിക അസ്ഥിരത ലക്ഷ്യമിട്ടാണിത്.

ഇതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ദാവൂദിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിനെയും ഇഡി ചോദ്യം ചെയ്തു. തട്ടിക്കൊണ്ടു പോകൽ കേസിൽപ്പെട്ട് താനെ ജയിലിലായിരുന്ന കസ്‌കറിനെ, ദാവൂദിന്റെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾക്കായാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്നു പല നിർണായക വിവരങ്ങളും ഇഡിക്കു ലഭിച്ചതായാണു വിവരം. 'ദാവൂദ് ഗ്യാങ്ങിന്റെ' ഇന്ത്യയിലെ നീക്കം ഏകോപിപ്പിച്ചിരുന്നതും കസ്‌കർ ആണെന്നാണു വിവരം.

അതിനിടെയായിരുന്നു മഹാരാഷ്ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ്. ഇതിനു മുന്നോടിയായിത്തന്നെ എൻഐഎയും ഇഡിയും കുരുക്ക് മുറുക്കിയിരുന്നു. ഫെബ്രുവരി 16ന് മുംബൈയിലെ പത്തിടത്ത് ഇഡിയുടെ എഴുപതോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. അതിലൊന്ന് കസ്‌കറിന്റെ വസതിയാണ്. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ മകന്റെ വീട്ടിലും പരിശോധന നടന്നു. തട്ടിക്കൊണ്ടുപോകൽ, ഹവാല, ലഹരിമരുന്ന് വിൽപന, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിലൂടെ അനധികൃതമായി ദാവൂദിന്റെ കൂട്ടാളികളിൽ പലരും പണം സമ്പാദിച്ചതായും ഇഡി കണ്ടെത്തി. ദാവൂദ്, അയാളുടെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ, സഹോദരൻ അനീസ് ഇബ്രാഹിം എന്നിവരായിരുന്നു ഇതിനു പിന്നിലെന്ന് എൻഐഎയും കണ്ടെത്തി.

കള്ളപ്പണം തടയൽ നിയമപ്രകാരമാണ് അറുപത്തിയേഴുകാരനായ മന്ത്രിക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. എന്നാൽ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതിന്റെ പ്രതികാരമായി കേന്ദ്ര ഏജൻസിയെക്കൊണ്ട് ബിജെപി നടത്തിയതാണ് അറസ്റ്റെന്ന് നേതാക്കൾ പറയുന്നു.

എറ്റവും രസകരം ബിജെപി നേതാവ് ഫഡ്വീസാണ് ഈ ആരോപണം ഉന്നയിച്ചത് എന്നാണ്. ദാവൂദിന്റെ സഹായിയിൽനിന്ന് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മാലിക് ഭൂമി വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. ഭൂമി വിറ്റവരിൽ ഒരാൾ 1993ലെ ബോംബെ സ്ഫോടനക്കേസ് പ്രതിയാണ്. രണ്ടാമത്തെയാൾ ദാവൂദിന്റെ സഹോദരി ഹസീനയുടെ സഹായിയും. കുർളയിലെ എൽബിഎസ് മാർഗിലെ 2.80 ഏക്കർ വരുന്ന സ്ഥലം വെറും 30 ലക്ഷം രൂപയ്ക്ക് സോളിഡസ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് തെളിയുകയാണ്.

അതായത് ഹസീനയുടെ സ്വത്തുക്കളുടെയും സഹായികളുടെയും അന്വേഷണത്തിലുടെ ദാവുദിനെ തന്നെയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഹസീനയുടെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്തുവരും എന്നാണ് കരുതുന്നത്.

വാൽക്കഷ്ണം: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ദാവൂദ് ഇബ്രാഹീം വെറ്റ് ഹൗസിൽ ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലല്ല. കറാച്ചിയിലെ തന്റെ ആഡംബര വീടിന് ദാവൂദ് ഇട്ടിരിക്കുന്ന പേരും വൈറ്റ് ഹൗസ് എന്നാണ്. അവിടെ ദാവൂദിനെ പാലൂട്ടി വളർത്തിയാണ് പാക്കിസ്ഥാൻ ലോക സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത്. ബിൻലാദനെ അമേരിക്ക കൊന്നപോലെയുള്ള ഒരു സർജിക്കൽ ഓപ്പറേഷൻ നടത്താതെയൊന്നും ഈ കൊടും ക്രിമിനലിനെ കിട്ടില്ലെന്ന് ഉറപ്പാണ്.