മനാമ:ആഗോള സാഹോദര്യത്തിന്റെ വിളംബരവുമായി അറഫ സംഗമം തുടങ്ങി. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നെത്തിയ പത്തു ലക്ഷം ഹജ്ജ് തീർത്ഥാടകർ അറഫ മൈതാനിയിൽ സംഗമിച്ചു. തമ്പുകളുടെ നഗരിയായ മിനായിൽ രാപാർത്ത തീർത്ഥാടകർ വെള്ളിയാഴ്ച പുലർച്ചെ സുബഹി നമസ്‌കാരന്തരം അറഫ മൈതാനിയിലേക്ക് നീങ്ങി. ബസിലും മെടോയിലുമായാണ് ഹാജിമാർ അറഫയിലേക്ക നീങ്ങിയത്. പത്തോടെ എല്ലാ തീർത്ഥാടകരെയും അറഫയിൽ എത്തിച്ചു. ഏഴ് പാതകളിലൂടെ എട്ട് ലക്ഷം പേരെ 9,500 ബസുകളിലും രണ്ട് ലക്ഷം പേരെ മശാഇർ മെട്രോയിലുമാണ് എത്തിച്ചത്.

അറഫ സംഗമം ഹജ്ജിലെ സുപ്രധാനവും ഒഴിച്ചുകൂടാനാകാത്തതുമായ ചടങ്ങാണ്. ഇവിടെ തീർത്ഥാടകർ സൂര്യാസ്തമയം വരെ പ്രാർത്ഥനയിൽ മുഴുകും. വെള്ളിയാഴ്ച അറഫയിലെ നമീറ പള്ളിയിൽ ദുഹർ, അസർ നമസ്‌കാരങ്ങൾ ഒരുമിച്ചു നിർവ്വഹിക്കും. സൗദിയിലെ ഉന്നത പണ്ഡിതസഭ അംഗവും റാബിത്വ സെക്രട്ടറി ജനററുലമായ ഡോ. ഷെയ്ഖ് മുഹമ്മദ് അൽ ഈസ് ഖുതുബ നിർവ്വഹിക്കും.

അറഫയിൽനിന്നും സൂര്യാസ്തമയ ശേഷം തീർത്ഥാടകർ ഒൻപതു കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്ക് നീങ്ങും. മഗ്രിബ് നമസ്‌കാരവും ഇഷ നമസ്‌കാരവും അവിടെ ഒന്നിച്ചു നമസ്‌കരിക്കും. ജംറകളിൽ എറിയാനുള്ള കല്ലുകൾ പെറുക്കി ശനിയാഴ്ച പ്രഭാത നമസ്‌കാരാനന്തരം ആറു കിലോമീറ്റർ അകലെയുള്ള മിനായിൽ വീണ്ടും തിരിച്ചെത്തും.

സൗദിയടക്കം ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ചയാണ് ബലി പെരുന്നാൾ. ഹാജിമാർക്ക് ശനിയാഴ്ച വലിയ ജംറയിലെ കല്ലേറും ബലി അറുക്കലും മക്കയിൽ പോയി കഅബ പ്രദക്ഷിണവും നിർബന്ധം. മക്കയിൽ അനുഭവപ്പെടുന്ന ശക്തമായ ചൂടിനെ പ്രതിരോധിക്കാനും ചൂട് കുറയ്ക്കാനും അന്തരീക്ഷം മിതശീതോഷ്ണമാക്കാനും അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി. അന്തരീക്ഷത്തിൽ ജലം സ്പ്രേ ചെയ്യുന്നുണ്ട്. സൂര്യാഘാതം ഏൽക്കുന്നവരെയും കോവിഡ് രോഗികളെയും പരിചരിക്കാൻ പ്രത്യേകം സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഇന്ത്യൻ ഹാജിമാരെല്ലാം സുരക്ഷിതതും ആരോഗ്യവാന്മാരുമാണെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.

മക്ക- തായിഫ് റോഡിൽ രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സമതല പ്രദേശമാണ് അറഫ. ജബലുറഫ്മയും ഇവിടെയാണ്. പത്തുവർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വെള്ളിയാഴ്ചയും അറഫ ദിനം ഒന്നിക്കുന്ന എന്ന സവിശേഷതയും ഇന്നത്തെ ദിവസത്തിനുണ്ട്.