തിരുവനന്തപുരം: യുഎഡിഫ് നേതാക്കൾക്കെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച സരിത എസ് നായരെ നിശിതമായി വിമർശിച്ചും കളിയാക്കിയും ഉമ്മൻ ചാണ്ടിയെയുൾപ്പെടെ അനുകൂലിച്ചും വീഡിയോ പോസ്റ്റിട്ട പെൺകുട്ടികൾക്കെതിരെ കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത്. പെൺകുട്ടികളിൽ ചലച്ചിത്ര നടി കൂടിയായ കൊച്ചി സ്വദേശിനി ദയയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയും മറ്റുമാണ് വളരെ മോശമായ രീതിയിൽ ഇവരെ ചിത്രീകരിച്ചുകൊണ്ട് പ്രചരണം സജീവമാക്കിയിട്ടുള്ളത്. പെൺകുട്ടികൾ മോശം സ്വഭാവക്കാരാണെന്നും മറ്റും ചിത്രീകരിച്ചാണ് പ്രചരണം കൊഴുക്കുന്നത്. ഇതോടെ ഇത്തരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇന്നലെ പോസ്റ്റിട്ട പെൺകുട്ടികളിൽ ഒരാളായ ദയ.

കഴിഞ്ഞ ദിവസമാണ് ദയ അശ്വതിയും കൂട്ടുകാരിയും ചേർന്ന് സരിതയ്‌ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചും കളിയാക്കിയും വീഡിയോ പോസ്റ്റിലൂടെ പ്രതികരിച്ചത്. എന്തിനാണ് ചേച്ചീ..ലിസ്റ്റുമായി ഈ വൃത്തികെട്ട പരിപാടിക്കിറങ്ങുന്നതെന്നും ഈ പീഡനം..പീഡനം എന്ന് പറഞ്ഞാൽ അത്ര സുഖമുള്ള ഏർപ്പാടല്ലെന്നും മറ്റും പറഞ്ഞ് സരിത.എസ്.നായരെയും ചാനൽ ചർച്ചകളെയും പൊളിച്ചടുക്കി ഇരുവരും നൽകിയ വീഡിയോ വൈറലായി. എന്നെ പീഡിപ്പിച്ചു..പീഡിപ്പിച്ചുവെന്ന് പറയുന്നത് കേട്ടാൽ തോന്നുമല്ലോ, നിങ്ങൾക്ക് പതിനാറ് വയസേ ആയുള്ളുവെന്ന് എന്നെല്ലാം ചോദിച്ചുള്ള വീഡിയോ യൂട്യൂബിലും ഫേസ്‌ബുക്കിലും വലിയ ചർച്ചയാവുകയും ചെയ്തു. വീഡിയോയിലെ പരാമർശങ്ങളെ സ്വാഗതം ചെയ്തും എതിർത്തും ആയിരത്തിലേറെ കമന്റുകളും വന്നു. ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്ന പോസ്റ്റായതുകൊണ്ട് തന്നെ കോൺഗ്രസുകാരികൾക്ക് പൊള്ളി എന്ന മട്ടിലുള്ള കമന്റുകളും അന്നേരം തന്നെ ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് വ്യാജ പ്രൊഫൈലിലൂടെ പെൺകുട്ടികളെ അപമാനിക്കാനും നീക്കമുണ്ടായത്. സൈബർ സഖാക്കളാണ് ഇതിന് പിന്നിലെന്ന ആരോപണമാണ് ഉയരുന്നത്.

എന്നാൽ, തനിക്കെതിരെ വ്യാജപ്രചാരണവുമായി ഇറങ്ങിയവരെ ഭയക്കുന്നില്ലെന്നും ഇവർക്കെതിരെ ശക്തമായി നീങ്ങുമെന്നും വ്യക്തമാക്കി ദയ അശ്വതി ഫേസ്‌ബുക്ക് ലൈവ് നൽകിയിരിക്കുകയാണ് ഇപ്പോൾ. എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവുമെന്ന് കരുതിയാണ് സരിതയ്‌ക്കെതിരെ പ്രതികരണം നൽകിയതെന്ന് ദയ പറയുന്നു. എന്നാൽ എതിർ പ്രചരണം ഉണ്ടായതിൽ മനംനൊന്ത് പെൺകുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

എന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരിക്കലേ വിളിച്ചിട്ടുള്ളൂ. എന്റെ പാസ്‌പോർട്ട് തരാൻ വേണ്ടി മാത്രം. ഞാൻ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി വർക്കു ചെയ്യുന്ന ആളാണ്. രാവിലെ ഏഴുമണിക്ക് കോ-ഓർഡിനേറ്റർ വിളിച്ചുകഴിഞ്ഞ് സെറ്റിലെത്തിയാൽ അവർ പറയുന്നതുപോലെ നിക്കണോ.. ഓടണോ ചാടണോ എന്നൊക്കെ ഡയറക്ടർമാർ പറയുന്നതുപോലെ ജോലി ചെയ്ത് ജീവിക്കുന്നയാളാണ്. ഉമ്മൻ ചാണ്ടിയെ പോലുള്ള ഒരാളെ ഇങ്ങനെ അപമാനിച്ചപ്പോൾ അതിനെതിരെ സത്യമായി പ്രതികരിക്കുക മാത്രമേ ചെയ്തുള്ളു. സരിതയുടെ നുണപറച്ചിലും മറ്റും കേട്ടപ്പോഴാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

എന്നാൽ ഇപ്പോൾ ഓരോരുത്തർ കാട്ടുന്നത് മനസ്സിലെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്ന് ദയ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. എനിക്ക് വീട്ടിൽ അമ്മയും അച്ഛനുമില്ല. എന്നാൽ എനിക്ക് അമ്മയുടെ അനുജത്തിമാരും മറ്റെല്ലാവരും ഉണ്ട്. ജനങ്ങളായ നിങ്ങൾ എനിക്കെതിരെ ഇപ്പോഴുണ്ടാകുന്ന കുപ്രചരണം കാണുന്നുണ്ടെങ്കിൽ എനിക്കെതിരെ ഉള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് ഇറങ്ങണം. ദയ അശ്വതി എന്നല്ലാതെ എനിക്ക് വേറെ അക്കൗണ്ടില്ല. ഇതിൽ എന്തെങ്കിലും വൃത്തികെട്ട എഴുത്തുമായി വന്നാൽ നേരിടും.

ഞാൻ ഭാര്യ അത്ര പോരാ എന്നു പറഞ്ഞ് സിനിമയുടെ ലൊക്കേഷനിൽ ആലുവയ്ക്കടുത്ത് അബാദ് പ്‌ളാസയിൽ ഷൂട്ടിങ് സമയത്ത് ചെയ്ത വേഷം ഉൾപ്പെടെ പ്രചരിപ്പിച്ചാണ് എന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നത്. ഓരോ സിനിമയിലും വേഷങ്ങൾ തരുന്നത് ഡയറക്ടർമാരാണ് അതിനനുസരിച്ച് അഭിനയിക്കുന്നു ജീവിക്കാനായി എന്നേയുള്ളൂ. അല്ലാതെ എനിക്ക് ഒരു തട്ടിപ്പും അറിയില്ല. ഞാനൊരു തട്ടിപ്പുകാരിയും അല്ല. ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചാണ് ജീവിക്കുന്നത്. തുച്ഛമായ പൈസ കിട്ടുന്ന.. അന്നന്നത്തെ ആവശ്യത്തിനുള്ള പ്രതിഫലം കിട്ടുന്ന ആളാണ് ഞാൻ. ഞാൻ പറഞ്ഞത് നല്ലതാണെന്ന് തോന്നുന്നുണ്ടെങ്കിൽ ആ വ്യാജ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾ സഹായിക്കണം.

ഞാനൊരു ബ്യൂട്ടിഷ്യനാണ്. വൈറ്റിലയിൽ ഒരു ബ്യൂട്ടി പാർലർ നടത്തിയിട്ടുണ്ടായിരുന്നു. 18,500 രൂപ വാടകയാണ്. അവിടെ ആൾക്കാർ അധികം വരുന്നില്ല. താങ്ങാൻ കഴിയുന്നില്ലെങ്കിലും ഒന്നൊന്നര കൊല്ലം കൊണ്ടുനടന്നു. എന്റെ കൂടെ ഒരുത്തനും ഉണ്ടായിരുന്നു. കാമുകനാന്നും പറഞ്ഞിട്ട്. അങ്ങേര് തേച്ച്.. എന്നെ ഇട്ടേച്ചു പോയി.. ഞാനെന്തു ചെയ്യണം. ഈ വാടകകൊടുക്കാൻ ഞാൻ കണ്ടവന്റെ കൂടെ കെടന്നു ജീവിക്കണോ?.. ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഞാൻ എവിടെയോ എത്തിയേനേ. ഇന്ന് ഞാൻ വട്ടപ്പൂജ്യത്തിൽ നിൽക്കുന്നത് ഞാൻ അങ്ങനെയൊന്നും ചെയ്യാത്ത ഒരു പെൺകുട്ടിയായതുകൊണ്ടാണ് - തന്നെ ക്രൂശിക്കുന്നവരുടെ കണ്ണുതുറക്കാനായി കരഞ്ഞുകൊണ്ട് ദയ പറയുന്നു.

ദയ ഇന്ന് നൽകിയ പോസ്റ്റ്

ഇതൊന്നും കേട്ടിട്ട് ഞാൻ ചാവാനൊന്നും നിൽക്കില്ല. എന്നാൽ ഇത് കേട്ടാൽ എനിക്ക് സങ്കടം വരും.. ഞാൻ പ്രതികരിക്കും.. എന്റെ തൊലി കണ്ടാമൃഗത്തിന്റെ തോലുപോലെയല്ല.. എന്തു വന്നാലും ഞാൻ ശക്തമായി പ്രതികരിക്കുമെന്നും ദയ പറയുന്നു.

താൻ എറണാകുളത്ത് വന്നിട്ട് ആറുവർഷമായെന്നും ദയ പറയുന്നു. എന്റെ വീട്ടിൽ എന്റെ കാരണവന്മാർ പണിയെടുക്കുന്ന കാലത്ത് നല്ലോണം കഷ്ടപ്പെട്ട്, മുണ്ടുമുറുക്കിയുടുത്ത് അധ്വാനിച്ച് ഉണ്ടാക്കിയിട്ടുണ്ട് എനിക്കുവേണ്ടി. അല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തിയല്ല. അതുകൊണ്ട് അശ്വനി ദയ എന്നു പറയുന്ന അക്കൗണ്ട് തന്റെയല്ലെന്നും ആ അക്കൗണ്ട് ഇല്ലാതാക്കാൻ എല്ലാവരും കൂടെ നിൽക്കണമെന്നും ധൈര്യം ചോർന്നുകൊണ്ടതല്ല സങ്കടപ്പെട്ടതെന്നും ദയ പറയുന്നു.

അതേസമയം ദയയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും അശ്ലീലപരാമർശങ്ങളുടെയും കുത്തൊഴുക്കാണ് സി.പി.എം അനുകൂല പേജുകളിൽ നിറയുന്നത്. ഉമ്മൻ ചാണ്ടി സരിതയെ പീഡിപ്പിച്ചിട്ടില്ല എന്ന് വീഡിയോയുടെ ഒരു ഭാഗത്തിൽ പെൺകുട്ടി പറയുന്നുണ്ടായിരുന്നു. ഇതിൽ പ്രകോപിതരായാണ് ഒരുകൂട്ടം ആളുകൾ ഈ പെൺകുട്ടികൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സി.പി.എം അനുകൂല ഫേസ്‌ബുക്ക് പേജായ പോരാളി ഷാജിയിൽ വന്ന ഒരു പോസ്റ്റിൽ വളരെ മോശമായാണ് ഈ പെൺകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ പുറത്തു വന്നതിൽ പിന്നെ വധഭീഷണി ദയയ്ക്കു നേരേയുണ്ടായി. തന്റെ ഫോട്ടോ വച്ച് പല തവണയായും ഫെയ്ബുക്കിൽ പ്രചരണം നടത്തുന്നുവെന്ന് ദയ പറയുന്നുണ്ട്. എന്റെ പേര് ദീപ എന്നാണ് വീട്ടിൽ വിളിക്കുന്നത് ദയ എന്നും അതിനാലാണ് ദയ അശ്വതി എന്ന പേര് ഫേസ്‌ബുക്കിൽ സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

സരിതയെ വിമർശിച്ചുകൊണ്ട് ദയയും കൂട്ടുകാരിയും നൽകിയ വീഡിയോ