ലണ്ടൻ: ചാൾസ് രാജകുമാരനെ കാമിലയിൽനിന്നും അകറ്റുന്നതിന് ഡയാന രാജകുമാരി പതിനെട്ടടവും പയറ്റിയിരുന്നുവെന്നതിന് പുതിയ തെളിവുകൾ. കാമിലയുടെ സഹോദരി അനബൽ എലിയറ്റിന്റെ 40-ാം പിറന്നാൾ പാർട്ടിയിൽ ഡയാന പങ്കെടുക്കാനെത്തിയത് അത്തരമൊരു അടവുമായിട്ടായിരുന്നു. പ്രകോപനപരമായ അടിവസ്ത്രങ്ങളാണ് ഡയാന പാർട്ടിക്കായി തിരഞ്ഞെടുത്തത്.

വിരുന്നിന് ചാൾസ് രാജകുമാരനെ കാമില ക്ഷണിച്ചിരുന്നു. കാമിലയും ചാൾസുമായുള്ള ഇടപാടുകൾ അറിയാമായിരുന്ന ഡയാന, വിരുന്നിന് മനപ്പൂർവം എത്തുകയായിരുന്നു. ഡയാന എത്തുന്നത് കാമിലയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് തന്റെ പുതിയ പുസ്തകത്തിൽ റിച്ചാർഡ് കേ വെളിപ്പെടുത്തുന്നു. മുറിയിലൂടെ അസ്വസ്ഥയായി നടക്കുകയും ഡയാനയെ ചീത്ത വിളിക്കുകയുമായിരുന്നു കാമിലയെന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

1989-ലായിരുന്നു അത്. ചാൾസിന്റെയും ഡയാനയുടെയും ദാമ്പത്യജീവിതം തകർച്ചയിലേക്ക് നീങ്ങുകയാണന്ന ജനങ്ങൾ അക്കാലത്ത് അറിഞ്ഞിരുന്നില്ല. ചാൾസും ഡയാനയും മക്കളായ പ്രിൻസും ഹാരിയുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ബ്രിട്ടീഷുകാരുടെ മാതൃക. എന്നാൽ, ആ ബന്ധം അവസാനത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഡയാനയിൽനിന്ന് അകന്ന് കാമിലയിലേക്ക് ചാൾസ് അടുത്തുകൊണ്ടിരുന്ന കാലം. ഡയാന തന്റെ സുരക്ഷാഭടൻ ജയിംസ് ഹെവിറ്റിലേക്കും.

സൈനികോദ്യോഗസ്ഥനായ ആൻഡ്രു പാർക്കർ ബൗൾസിന്റെ ഭാര്യയായിരുന്നു കാമില അപ്പോൾ. എങ്കിലും അവർ ചാൾസുമായി അടുപ്പത്തിലായിരുന്നു. ചാൾസിന്റെയും കാമിലയുടെയും അവിഹിത ബന്ധത്തെക്കുറിച്ച് ഗോസിപ്പുകൾക്ക് തുടക്കമിട്ടത് അനബെലിന്റെ ഈ പിറന്നാൾ പാർട്ടിയായിരുന്നു. ഭാര്യയും കാമുകിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് അന്ന് ചാൾസ് അവിടെ കണ്ടത്.

തന്റെ ഭർത്താവിന്റെ സ്‌നേഹം തിരിച്ചുപിടിക്കുകയെന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു ഡയാനയ്ക്ക് അന്ന്. ചാൾസും ഡയാനയും തമ്മിൽ കിടപ്പറബന്ധം പോലും വർഷങ്ങളായി നിലച്ചിരുന്നു. കാമുകിയിൽനിന്ന് ഭർത്താവിനെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഡയാന വിരുന്നിന് പോകാൻ കാരണമതാണ്.

തന്നെക്കാൾ 14 വയസ്സിന് മൂത്ത കാമിലയെ സൗന്ദര്യംകൊണ്ടും മാദകത്വംകൊണ്ടും തോൽപിക്കാമെന്ന് ഡയാന കരുതി. അതിനായാണ് ഹാരോഡ്‌സിന്റെ അടിവസ്ത്രശാലയിൽപ്പോയി ശരീരത്തിന്റെ അഴകളവുകൾ കൂടുതലായി പ്രദർശിപ്പിക്കുന്ന തരം അടിവസ്ത്രങ്ങൾ ഡയാന തിരഞ്ഞെടുത്തു. അവയാണ് വിരുന്നിന് പോകുമ്പോൾ ഡയാന ധരിച്ചിരുന്നത്. ഭർത്താവിൽനിന്ന് സ്‌നേഹപൂർണമായ പെരുമാറ്റം പ്രതീക്ഷിച്ച് വസ്ത്രം ധരിച്ചെത്തിയ ഡയാനയോട്, ചാൾസ് പറഞ്ഞത് 'നിന്നെക്കാണാൻ യാതൊരു ഭംഗിയുമില്ലെ'ന്നായിരുന്നുവെന്ന് റിച്ചാർഡ് കേ വെളിപ്പെടുത്തുന്നു.

ചാൾസിന്റെ വാക്കുകൾ ഡയാനയുടെ സമനില തെറ്റിക്കുന്നതായിരുന്നു. കെൻസിങ്ടൺ പാലസിൽനിന്ന് വിരുന്ന് നടക്കുന്ന റിച്ച്മണ്ട് പാർക്കിലേക്ക് വരുമ്പോൾത്തന്നെ ചാൾസ് അസ്വസ്ഥനായിരുന്നു. ഡയാന ഒപ്പം വരുന്നതായിരുന്നു അതിന് കാരണം. വിരുന്നിനെത്തുമ്പോഴേക്കും ഇരുവരും വഴക്കിന്റെ വക്കിലെത്തിയിരുന്നു. വിരുന്നിന് ശേഷം മറ്റ് അതിഥികളെല്ലാം മുകൾനിലയിലേക്ക് പോയപ്പോഴും ചാൾസും കാമിലയും താഴത്തെ നിലയിൽ സംസാരിച്ചിരുന്നതും ഡയാനയെ അരിശംപിടിപ്പിച്ചുവെന്നും റിച്ചാർഡ് കേ പറയുന്നു.