ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരുമിച്ച് ഒരു യോഗത്തിൽ പങ്കെടുത്ത് മണിക്കൂറുകൾക്കുള്ളിൽ വിമാനത്തിൽ ക്യാപ്റ്റന്റെ വേഷത്തിൽ രാജീവ് പ്രതാപ് റൂഡിയെ കണ്ടതിന്റെ അമ്പരപ്പ് തുറന്ന്‌പറഞ്ഞ് ഡിഎംകെ എംപി ദയാനിധി മാരൻ.

ഡൽഹിയിൽ നിന്നും ചെന്നൈയിലേക്കു പോകാനായി ഇൻഡിഗോ വിമാനത്തിൽ കയറിയ ദയാനിധി മാരന്, രാഷ്ട്രീയ സുഹൃത്തായ റൂഡിയെ ക്യാപ്റ്റന്റെ വേഷത്തിൽ കണ്ടതിന്റെ അമ്പരപ്പാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ആദ്യം മനസ്സിലാകാതിരുന്ന മാരൻ പിന്നീട് സുഹൃത്തിനെ തിരിച്ചറിഞ്ഞപ്പോൾ പരസ്പരം സ്‌നേഹം പങ്കിട്ടു. 'ഓർമിക്കേണ്ട ഒരു വിമാനയാത്ര' എന്ന തലക്കെട്ടോടെ ഇതേപ്പറ്റി സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചു.

വിമാനത്തിന്റെ ആദ്യ നിരയിൽ ഇരുന്നപ്പോൾ ക്യാപ്റ്റൻ മാരനോട് ചോദിച്ചു: 'താങ്കൾ ഈ വിമാനത്തിലും യാത്ര ചെയ്യുന്നു?'. മാസ്‌ക് ധരിച്ചിരുന്നതിനാൽ ക്യാപ്റ്റനെ മനസ്സിലാവാതെ മാരൻ തലയാട്ടി. 'താങ്കൾ എന്നെ തിരിച്ചറിഞ്ഞില്ല' പരിചിതമായ ശബ്ദത്തിൽ ക്യാപ്റ്റൻ വീണ്ടും പറഞ്ഞു. മാരൻ ആശയക്കുഴപ്പത്തിലായി. എന്നാൽ, ആ ശബ്ദവും മാസ്‌കിനു പിന്നിലെ പുഞ്ചിരിയും തിരിച്ചറിയാൻ മാരന് അധികസമയം വേണ്ടിവന്നില്ല.

'എന്റെ സഹപ്രവർത്തകനും നല്ല സുഹൃത്തും പാർലമെന്റിലെ മുതിർന്ന അംഗവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി ആയിരുന്നു അത്' മാരൻ പറഞ്ഞു. പാർലമെന്ററി എസ്റ്റിമേറ്റ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനാണു മാരൻ ഡൽഹിയിലെത്തിയത്. വിമാന യാത്രയ്ക്കു രണ്ടു മണിക്കൂർ മുൻപ്, മാരനും റൂഡിയും ഈ യോഗത്തിലുണ്ടായിരുന്നു. 'രാഷ്ട്രീയക്കാരനിൽനിന്നു പൈലറ്റായി അദ്ദേഹം മാറിയത് എന്റെ കണ്ണുകൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല' എന്നായിരുന്നു മാരന്റെ വാക്കുകൾ.

പൈലറ്റ് ലൈസൻസ് നിലനിർത്താൻ നിശ്ചിത കാലയളവിനുള്ളിൽ വിമാനങ്ങൾ പറത്തണം. ഇതിനു വേണ്ടിയാണു റൂഡി ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ പൈലറ്റായത്.മുൻ സിവിൽ ഏവിയേഷൻ മന്ത്രിയായ റൂഡി ബിഹാറിൽനിന്നുള്ള ലോക്‌സഭാ അംഗവും ബിജെപി ദേശീയ വക്താവുമാണ്. മാരന്റെ പിതാവ് മുരശൊലി മാരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ റൂഡി സഹമന്ത്രിയായിരുന്നു.

'ഒരു സിറ്റിങ് പാർലമെന്റ് അംഗം കൊമേഴ്‌സ്യൽ വിമാനത്തിന്റെ ക്യാപ്റ്റനാവുകയോ? വളരെക്കാലം ഞാനിതിനെപ്പറ്റി സംസാരിക്കും. ഞങ്ങളെ സുരക്ഷിതമായി എത്തിച്ചതിനു ക്യാപ്റ്റൻ രാജീവ് പ്രതാപ് റൂഡിക്ക് നന്ദി. സുഹൃത്തും സഹപ്രവർത്തകനുമായ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാനായതു ബഹുമാനമായി കാണുന്നു' മാരൻ വ്യക്തമാക്കി.