- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗംഗയിൽ മാത്രമല്ല കരയിലും മൃതശരീരങ്ങൾ; പ്രയാഗ് രാജിലെ ഗംഗാതീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതശരീരങ്ങൾ കണ്ടെത്തി
ഉത്തർപ്രദേശ്: കഴിഞ്ഞയാഴ്ച യു.പിയിലെ ഗസ്സിപൂരിലും ബിഹാറിലെ ബക്സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതശരീരങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയതിന്റെ ഞെട്ടൽ മാറും മുമ്പ് ഉത്തർപ്രദേശിൽ നിന്നും മറ്റൊരു വാർത്തകൂടി. പ്രയാഗ് രാജിൽ മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. പ്രയാഗ് രാജിലെ ഗംഗാതീരത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
ത്രിവേണി സംഗമത്തിനടുത്തും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരും ഇവിടെയെത്തി മൃതദേഹങ്ങൾ മണലിൽ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
ശക്തമായ കാറ്റിൽ മണൽ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ പുറത്തുവരുന്നത്. തൊട്ടുപിന്നാലെ നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുവലിക്കാനും തുടങ്ങി. ഇത് സമീപപ്രദേശത്തുള്ളവർക്ക് ബുദ്ധിമുട്ടായി മാറി. മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള നടപടികളുമായി അധികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തി.
അതിനിടെ, സംഭവത്തെപ്പറ്റി പ്രതികരിക്കാൻ ജില്ലാ അധികൃതർ തയ്യാറായില്ലെന്ന് എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെനന്ന് പ്രദേശവാസികൾ പറയുന്നു. അഴുകിയ മൃതദേഹങ്ങളുടെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഭക്തർ പലരും ഗംഗയിൽ സ്നാനം ചെയ്യുന്നത് നിർത്തിയെന്നും വാർത്തയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ