പത്തനംതിട്ട: ഒരു മരണത്തിൽ ദുരൂഹര ആരോപിച്ച് ബന്ധുക്കൾ കാട്ടിക്കൂട്ടുന്ന കോപ്രായം കാരണം ഒരു നാട് മുഴുവൻ ദുർഗന്ധം സഹിക്കുന്നു. കല്ലറ കെട്ടി സംസ്‌കരിച്ച മൃതദേഹം പുറത്തേക്ക് വന്നിട്ടും അത് സംസ്‌കരിക്കാൻ സമ്മതിക്കാതെ ബന്ധുക്കൾ. ദുരൂഹമരണത്തിൽ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ഇവർ പരാതി തുടരുമ്പോഴും മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ പൊലീസും മറ്റ് അധികാരികളും.

മറ്റെങ്ങും സ്ഥലമില്ലാത്തതിനാൽ പാറക്കൂട്ടങ്ങൾക്കിടയിൽ, അയൽവീടിന്റെ അടുക്കളയോട് ചേർന്ന് കല്ലറ കെട്ടി സംസ്‌കരിച്ച മൃതദേഹമാണ് ഒറ്റ മഴയ്ക്ക് തന്നെ പുറത്ത് വന്നത്. കഴിഞ്ഞ 26 ന് കോഴഞ്ചേരി ഗവ. യു.പി. സ്‌കൂളിന് സമീപത്തെ കുളത്തിൽ മരിച്ച നിയിൽ കാണപ്പെട്ട കോഴഞ്ചേരി ഈസ്റ്റ് കല്ലുപുരക്കൽ ബാബുവിന്റെ സംസ്‌കാരമാണ് വിവാദത്തിലായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹനും ജനപ്രതിനിധികളും ഇടപെട്ട് ആറന്മുള പൊലീസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. എന്നാൽ മൃതദേഹം സംസ്‌കാരിക്കാൻ വേണ്ടത്ര സൗകര്യമില്ലായിരുന്നു. അവിവാഹിതനായിരുന്നു ബാബു.

കുടുംബ വീടിനോട് ചേർന്ന് പിതാവിന്റെ കല്ലറ ഉണ്ടെങ്കിലും ഇവിടെ അടക്കം ചെയ്യുന്നത് ബന്ധുക്കളിൽ ചിലർ എതിർത്തു. മരണം ദുരൂഹമാണെന്നും വീണ്ടും പോസ്റ്റ് മോർട്ടം വേണ്ടി വരുമെന്നും അതിനാൽ ദഹിപ്പിക്കാൻ പാടില്ലെന്നും ചിലർ ആവശ്യപ്പെട്ടു. മഴക്കാലമായതിനാൽ സംസ്‌കാരം വൈകിപ്പിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ബാബുവിന്റെ തന്നെ സ്ഥലത്തു സംസ്‌കാരത്തിനുള്ള സൗകര്യമില്ലായിരുന്നു. തൊട്ടടുത്ത വീടിന്റെ അടുക്കളയോട് ചേർന്ന് ബാബുവിനുള്ള ഇത്തിരി സ്ഥലത്ത് സംസ്‌കാരം നടത്താൻ ഒടുവിൽ തീരുമാനമായി. കല്ലറ കെട്ടിയായിരുന്നു സംസ്‌കാരം.

എന്നാൽ പാറയ്ക്ക് മുകളിൽ കെട്ടിയ കല്ലറയ്ക്ക് വേണ്ടത്ര ഉറപ്പ് ഇല്ലായിരുന്നു. ദിവസങ്ങളായി പെയ്ത കനത്തമഴയിൽ കല്ലറയുടെ ഭാഗങ്ങൾ തകർന്നു. മൃതദേഹം പുറത്തേക്ക് പൊന്തിവരികയും ചെയ്തു. വെള്ളവും രൂക്ഷഗന്ധവും പുറത്തേക്ക് വമിച്ചതോടെ തൊട്ടടുത്ത വീട്ടുകാർക്ക് ഇവിടെ കഴിയാൻ പറ്റാത്ത അവസ്ഥയായി. ദുർഗന്ധം മൂലം അടുത്ത വീട്ടിലെ അടുക്കളയിൽ പാചകം നടക്കുന്നില്ല. ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി മറ്റെവിടെങ്കിലും വച്ചാണ് ഇവർ

കഴിക്കുന്നത്. ഇതിനിടെ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി .ഇതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കാതിരുന്നതെന്ന വിശദീകരണവും ഇവർ നൽകി. തഹസീൽദാർ, ഡി.വൈഎസ്‌പി, ഗ്രാമ പഞ്ചായത്ത് അധികൃതർ എന്നിവർ എത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ഇതോടെ തൊട്ടടുത്ത വീട്ടുകാർക്ക് ഇവിടെ നിന്നും മാറിത്താമസിക്കേണ്ടി വന്നിരിക്കുകയാണ്.

കൂടുതൽ ഉറപ്പിൽ പുതിയ കല്ലറ നിർമ്മിക്കാമെന്നാണ് ഇപ്പോഴത്തെ നിർദ്ദേശം. എന്നാൽ പാറയുടെ മുകളിൽ കല്ലറ പണിതാൽ നിൽക്കില്ലെന്നാണ് സമീപ വാസികൾ പറയുന്നത്. വീണ്ടും മഴ കനത്താൽ കല്ലറയുടെ ഭാഗത്തെ കയ്യാല ഇടിയുകയും മൃതദേഹമടക്കം തൊട്ടടുത്തവീടിന്റെ അടുക്കള ഭാഗത്തേക്ക് വീഴുകയും ചെയ്യും. ജില്ലാ കലക്ടർ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.