തിരുവനന്തപുരം: നിലയ്ക്കലിൽ പൊലീസ് ശിവദാസ് എന്ന അയ്യപ്പഭക്തനെ മർദ്ദിച്ചുക്കൊന്നുവെന്ന ബിജെപി ആരോപണം കള്ളമെന്ന് തെളിയുന്നു. ഒക്ടോബർ 16 നും 17 നുമാണ് നിലയ്ക്കലിൽ പൊലീസ് നടപടിയുണ്ടായത്. എന്നാൽ, പന്തളം സ്വദേശിയായ ശിവദാസിനെ( 60)കാണാതായത് 18 മുതലാണെന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പത്തനംതിട്ട ളാഹ പഞ്ചായത്തിലെ ളാഹയിലെ കുറ്റിക്കാട്ടിൽ നിന്നാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്.

ശിവദാസന്റെ മരണത്തിന് ഉത്തരവാദികൾ പൊലീസാണെന്നാണ് സംഘപരിവാർ സംഘടനകൾ ആരോപിക്കുന്നത്. പൊലീസ് ലാത്തി ചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപ്പെട്ടതെന്നാണ് ആരോപണം. ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മർദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് വച്ചൊഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ ബിജെപി ഹർത്താലിനും ആഹ്വാനം ചെയ്തു. എന്നാൽ, ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു.

ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. പൊലീസ് നടപടിയെ തുടർന്ന് ഇയാളെ കാണാതായി എന്ന പ്രചാരണം ശരിയല്ല. പത്തനംതിട്ട നിലക്കൽ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലിൽ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. പൊലീസ് നടപടി മുഴുവൻ നടന്നത് നിലക്കൽ- പമ്പ റൂട്ടിലാണ്. നിലക്കൽ - പമ്പ റൂട്ടിൽ നടന്ന പ്രശ്‌നത്തിൽ എങ്ങനെയാണ് ളാഹയിൽ ഒരാൾ മരിക്കുന്നത് എന്ന ചോദ്യം ഉയരുന്നു.

മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കിൽ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായതെന്ന ചോദ്യവും ഉയരുന്നു. 18 ന് രാവിലെ 8.30 ഓടു കൂടിയാണ് പന്തളം മുളമ്പുഴ മുറി.ിൽ ശരത് ഭവനിൽ, ശിവദാസൻ ശബരിമല ദർശനത്തിനായി പുറപ്പെട്ടതെന്ന് മകൻ ശരത് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എല്ലാ മലയാള മാസം ഒന്നാംതീയതിയും ശിവദാസൻ ദർശനത്തിനായി പോകാറുണ്ട്. 19 ന് രാവിലെ ശിവദാസൻ ഭാര്യയെ വിളിച്ച് സന്നിധാനത്ത് തൊഴുതിട്ട് നിൽക്കുകയാമെന്ന് പറഞ്ഞു. ഏതോ തമിഴ്‌നാട്ടുകാരുടെ ഫോണിൽ നിന്നാണ് വിളിച്ചുപറഞ്ഞത്. എല്ലാ പ്രാവശ്യവുെ ശബരിമലയ്ക്ക് പോയി മൂന്നു ദിവസത്തിനുള്ളിൽ ഇയാൾ തിരിച്ചുവരുന്നതാണ്. ലൂണ എക്‌സൽ വണ്ടിയിലാണ് ശിവദാസൻ ശബരിമലയ്ക്ക് പോകാറുള്ളത്. വണ്ടിയുടെ നമ്പർ കെഎൽ 26 ബി-4905.

ശിവദാസൻ മടങ്ങി വരാതിരുന്നതിനെ തുടർന്ന് പമ്പയിലും നിലയ്ക്കലിലും ളാഹയിലും സന്നിധാനത്തുമെല്ലാം കുടുംബക്കാർ അന്വേഷിച്ചിരുന്നു. ശിവദാസൻ ലോട്ടറി എടുക്കുന്ന കടയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശബരമില ദർശനത്തിന് പോകുമ്പോൾ ശിവദാസൻ ഫോൺ കൊണ്ടുപോയിരുന്നില്ല. ലോട്ടറി കച്ചവടം നടത്തിയാണ് ജീവിതം കഴിക്കുന്നത്. ക്ഷേത്രങ്ങളിൽ വിളക്ക് വൃത്തിയാക്കുന്ന ജോലിയായിരുന്നു. ഭാര്യ - ലളിത, മകൻ ശരത് ഓട്ടോ ഓടിക്കുകയാണ്.

അതേസമയം, പിണറായി പൊലീസ് വകുപ്പ് ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഇങ്ങനെ:

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മർദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് വച്ചൊഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ് ശ്രീധരൻ പിള്ള.കഴിഞ്ഞ പതിനേഴാം തീയതി മുതൽ കാണാതായ ശിവദാസൻ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ . ഇന്നാണ് പ്ലാപ്പള്ളി വനത്തിൽ നിന്നും കണ്ടെടുത്തത്. അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളിൽ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പൊലീസ് അക്രമിച്ചതും അടിച്ചു കൊന്നതും.

ഇദ്ദേഹത്തെ കാണാതായ നാൾ മുതൽ ഈ കേസ് ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം എന്ന് നേരത്തെ തന്നെ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാലിന്ന് ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ ഇനി ഒട്ടും അമാന്തിക്കരുത് എന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു.

അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിത്വത്തിൽ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ട് പിണറായി വിജയന് കൈകഴുകാൻ ആവില്ല. എത്രയുംവേഗം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പത്തനംതിട്ട ജില്ലയിൽ BJP ഹർത്താലിന് ആഹ്വാനം ചെയ്തു.