മാഡ്രിഡ്: ആരോരുമറിയാതെ സ്ത്രീയുടെ മൃതദേഹം താമസസ്ഥലത്ത് കിടന്നത് അഞ്ചു വർഷം. നാല്പത്തൊമ്പതുകാരിയായ നഴ്‌സിന്റെ മൃതദേഹം അവസാനം കണ്ടത് അപ്പാർട്ട്‌മെന്റ് ബിൽഡിങ് അറ്റകുറ്റപ്പണിക്കെത്തിയ ജോലിക്കാർ.

തെക്കൻ സ്‌പെയിനിലെ കാഡിസ് സെന്ററിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് പുറം ലോകമറിയാതെ അഞ്ചു വർഷത്തോളം സ്ത്രീയുടെ മൃതദേഹം കിടന്നിരുന്നത്. അപ്പാർട്ട്‌മെന്റിന്റെ പുറംപണിക്കായി എത്തിയ ജോലിക്കാർ പാതി തുറന്നു കിടന്നിരുന്ന ജനാലയിലൂടെയാണ് സ്ത്രീയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് പക്ഷികൾ ചുറ്റിലും കൂടിയിരിക്കുന്ന മൃതദേഹം കണ്ടെത്തുന്നത്. പാതി തുറന്നു കിടക്കുന്ന ജനാലയിലൂടെ തന്നെയാണ് പക്ഷികളും അപ്പാർട്ട്‌മെന്റിനുള്ളിൽ കയറിയത്.

1961-ൽ കാഡിൽ തന്നെ ജനിച്ച പിലാർ എം എന്ന സ്ത്രീയുടെതാണ് മൃതദേഹം എന്ന് സ്‌പെയിനിന്റെ സയന്റിഫിക് പൊലീസ് ബ്രിഗേഡിൽ നിന്നുള്ള സ്‌പെഷ്യൽ ടീം അംഗങ്ങൾ വ്യക്തമാക്കി. ഇവർ നഴ്‌സായി ജോലി ചെയ്തിരുന്നുവെന്നും 2010-ൽ ചില മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം ഇത്രയും നാളായിട്ടും ഇവരെ കാണാതായതിനെ കുറിച്ച് ആരും പരാതിപ്പെട്ടിരുന്നില്ലെന്നും മരണം പുറംലോകമറിയാതിരുന്നത് ഇതിനാലാണെന്നും പൊലീസ് വെളിപ്പെടുത്തി.

പിതൃസ്വത്തായി ലഭിച്ച അപ്പാർട്ട്‌മെന്റായിരുന്നു ഇവരുടെ താമസം. മാതാപിതാക്കൾ കുറച്ചുകാലം മുമ്പ് മരിച്ചുപോയിരുന്നുവെന്നും ഇവർ  അവരുടെ ഒറ്റക്കുട്ടിയായിരുന്നുവെന്നുമാണ് പറയുന്നത്. കാഡിസിനു പുറത്തുള്ള ഏതാനും ചില ബന്ധുക്കളല്ലാതെ മറ്റ് അടുത്ത ബന്ധുക്കൾ ഇവർക്കില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.  അപ്പാർട്ട്‌മെന്റിൽ അക്രമം നടന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും സ്ത്രീയുടെ മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.