ഷാൻഡോങ്: എത്ര കോടികളുണ്ടെങ്കിലും അത് ഇല്ലാതാകാൻ നിമിഷങ്ങൾ മതിയെന്നത് സത്യമാണെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും കേൾക്കുന്നത്. കോടികൾ ആസ്തിയുള്ള ഹോട്ട് സ്‌പോട്ട് എന്ന ഹോട്ടൽ ശൃംഗലയെ നഷ്ടത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത് വെറുമൊരു എലിക്കുഞ്ഞാണ്. ഗർഭിണിയായ യുവതിക്കാണ് ഭക്ഷണത്തിൽ നിന്നും ചത്ത എലിക്കുഞ്ഞിനെ കിട്ടിയത്. ഇത് 190 മില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടാക്കിയത്. ഇത് ഏകദേശം 1038 കോടി രൂപ വരും.

യുവതിക്കായി വന്ന പ്ലെറ്റിലെ രണ്ട് ചോപ്സ്റ്റിക്കുകൾക്കിടയിൽ ചത്തുകിടക്കുന്ന എലിക്കുഞ്ഞിന്റെ ചിത്രം ചൈനീസ് സോഷ്യൽ മീഡിയ വെയ്ബോയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.സിയാബു സിയാബു എന്ന ഹോട്ടലിന്റെ ദുരന്ത കഥ ഇങ്ങനെയാണ്. യുവതി തനിക്കേറ്റവും പ്രിയപ്പെട്ട ഷാൻഡോങിലെ ഹോട്ടലിൽ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കഴിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ചോപ്പ് സ്റ്റിക്കിൽ ചത്ത എലിക്കുഞ്ഞ് തടഞ്ഞത്. ഉടൻ തന്നെ ഛർദ്ദിച്ച അവർ ചികിത്സ തേടി. അതിനിടയിൽ തന്നെ പ്ലേറ്റിൽ ചോപ്സ്റ്റിക്കുകൾക്കിടയിൽ കിടക്കുന്ന എലിക്കുഞ്ഞിന്റെ ശവശരീരവും ഒപ്പം ബില്ലും ചേർത്ത ചിത്രങ്ങൾ വെയ്ബോയിൽ പ്രചരിച്ചു തുടങ്ങിയിരുന്നു.

കാര്യം കൈവിട്ടു പോകുന്നുവെന്നു കണ്ട ഹോട്ടൽ അധികൃതർ 5000 യുവാൻ (52000 രൂപ) നഷ്ടപരിഹാരമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അവരുടെ ഭർത്താവിനെ സമീപിച്ചു. അദ്ദേഹം അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, വിശദമായ ആരോഗ്യ പരിശോധന നടത്താൻ ഭാര്യയോട് പറയുകയും ചെയ്തു. എന്നിട്ടു മതി നഷ്ടപരിഹാരത്തിന്റെ കാര്യം തീരുമാനിക്കാനെന്നായിരുന്നു അദ്ദേഹം അവരോട് പറഞ്ഞത്.അതിന് പിന്നാലെ ഹോട്ടലിലെവനിതാ ജീവനക്കാരി ഗർഭിണിയായ യുവതിയെ കണ്ട് ഗർഭച്ഛിദ്രം നടത്തുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 20,000 യുവാൻ ആണ് (2.09 ലക്ഷം രൂപ) അവർ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.

സെപ്റ്റംബർ ആറിനായിരുന്നു സംഭവം. കാര്യം പുറത്തറിഞ്ഞതോടെ ഷാൻഡോങിലെ റസ്റ്റോറന്റ് അവർ അടച്ചു. എന്നാൽ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സിയാബു സിയാബു കമ്പനിയുടെ ഓഹരി മൂല്യം ഇടിയാൻ തുടങ്ങിയിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ മൂല്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. അങ്ങനെയാണ് കമ്പനി 1038 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്.