തിരുവനന്തപുരം: മലയാളം വിനോദ ചാനൽ രംഗത്ത് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന സമയമാണ് ഇപ്പോൾ. ഏഷ്യാനെറ്റ് ചാനൽ ആർക്കും കവച്ചുവെക്കാൻ കഴിയാത്ത വിധത്തിൽ മുന്നിൽ നിൽക്കുമ്പോൾ തന്നെ രണ്ടാം സ്ഥാനത്തിന് കടുത്ത പോരാട്ടം നടക്കുന്ന സമയമാണ്. സൂര്യ ടിവി രണ്ടാം സ്ഥാനത്ത് തുടർന്ന കാലം മാറി. ഇപ്പോൾ, ഫ്‌ലവേഴ്‌സ്, മഴവിൽ മനോരമ, സൂര്യ ചാനലുകൾ രണ്ടാം സ്ഥാനത്തിനായി കടുത്ത പോരാട്ടത്തിലാണ്. ഒന്നാം സ്ഥാനത്തെ ലീഡ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ ഷോ അനൗൺസ് ചെയ്തിരുന്നു. സുരേഷ് ഗോപി അവതാരകന്റെ റോളിൽ എത്തുന്ന പരിപാടി ഹിറ്റാകുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഏഷ്യാനെറ്റ് കോടീശ്വരൻ അനൗൺസ് ചെയ്തതിന് പിന്നാലെ ഒരു മുഴം മുമ്പേ എന്ന വിധത്തിൽ സൂര്യ ടിവി പഴയ ഗെയിം ഷോ വീണ്ടും പൊടിതട്ടിയെടുത്തു. മുമ്പ് മുകേഷ് അവതരിപ്പിച്ചിരുന്ന ഡീൽ ഓർ നോ ഡീൽ എന്ന ഗെയിം ഷോയാണ് ക്രിസ്തുമസ് ദിനമായ ഇന്ന് ആരംഭിക്കുന്നത്.

മുകേഷ് അവതാരകനായിരുന്ന പരിപാടി വലിയ ഹിറ്റായിരുന്നു. എന്നാൽ, എംഎൽഎയായ മുകേഷിനെ മാറ്റി സുരാജ് വെഞ്ഞാറംമൂടിനെ അവതാരകനാക്കിയാണ് സൂര്യ ഡീൽ ഓർ നോ ഡീലുമായി രംഗത്തെത്തുന്നത്. ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തുന്നത് സിനിമയിലേക്ക് തിരിച്ചെത്തിയ നടി മീരാ ജാസ്മിനാണ്. നേരത്തെ ഏഷ്യാനെറ്റിൽ സെൽ മീ ദി ആൻസർ എന്ന പരിപാടിയിൽ മുകേഷിന് പകരക്കാരനായി സുരാജ് എത്തിയിരുന്നു. സുരാജിന്റെ കോമഡി കലർന്ന അവതരണത്തിൽ പരിപാടി ഹിറ്റായി നിൽക്കുന്ന വേളയിലാണ് മുകേഷ് വീണ്ടും ഷോയിൽ എത്തിയത്. ഇതോടെ സുരാജ് പുറത്താകുകയും ചെയ്തു.

ഇപ്പോൾ വീണ്ടും മുകേഷിന്റെ പകരക്കാരനായി സുരാജ് ഡീൽ ഓർ നോ ഡീലിൽ എത്തുമ്പോൾ സോഷ്യൽ മീഡിയ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. മുകേഷിനെ പോലെ ശോഭിക്കുമോ സുരാജ് എന്ന്. മാത്രവുമല്ല, ഷോ ഹിറ്റായാൽ വീണ്ടും മുകേഷ് അവതാരകനായി എത്തുമോ എന്ന ചോദ്യവുമാണ് സോഷ്യൽ മീഡിയയിൽ പരിപാടിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ഉയരുന്നത്. സുരാജിന് വീണ്ടും 'ശശി' ആക്കരുതേ മുകേഷേട്ടാ എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. സുരാജിന്റെ അവതരണം പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങി വേളയിലായിരുന്നു അന്ന് സെൽ മീ ദി ആൻസറിൽ മുകേഷ് അവതാരകനായി എത്തിയത്. ആ പഴയ ചരിത്രം ഇവിടെ ആവർത്തിക്കുമോ എന്ന സംശയമാണ് സുരാജിന്റെ ആരാധകർക്ക്.

മുകേഷ് കൊല്ലം മണ്ഡലത്തിൽ മുകേഷ് മത്സസിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സെൽമീ ദ ആൻസർ പരിപാടിയിൽ ആങ്കറായി സുരാജ് എത്തിയത്. മുകേഷ് കൊല്ലത്ത് രാഷ്ട്രീയരംഗത്ത് സജീവമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പകരം സുരാജിനെ യുണൈറ്റഡ് മീഡിയ സെൽ മീ ദ ആൻസർ പരിപാടിയുടെ ആങ്കറാക്കിയത്. ഫ്‌ലവേഴ്‌സ് ചാനലിൽ കോമഡി പ്രോഗ്രാം അവതരിപ്പിച്ച് കയ്യടി നേടിയിരുന്ന സുരാജ് ആങ്കറെന്ന നിലയിൽ വിജയമാണെന്നു കണ്ടാണ് സെൽ മീ ദ ആൻസറിൽ മുകേഷിന് പകരക്കാരനായത്.

പരിപാടിയുടെ നിർമ്മാതാക്കളെപ്പോലും ഞെട്ടിച്ച് ആദ്യ ഷൂട്ടിങ് വേളയിൽത്തന്നെ സുരാജ് താരമായി. സെറ്റിൽ കളിതമാശകൾ പറഞ്ഞ് പിരിമുറുക്കം കുറയ്ക്കുന്ന സുരാജ് മുകേഷിനെക്കാൾ എല്ലാവർക്കും സ്വീകാര്യനായി. സെൽ മീ ദ ആൻസറിന് മുകേഷിന്റെ കാലത്തേതിനേക്കാൾ മൈലേജ് ലഭിച്ചതോടെ സുരാജ് ഫ്‌ളവേഴ്‌സിലെ പ്രോഗ്രാം നിർത്തി സെൽ മീ ദ ആൻസറിലേക്ക് ചേക്കേറി. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ താൻ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായിരിക്കും എന്ന് നേരത്തേ തന്നെ മുകേഷ് പ്രഖ്യാപിച്ചിരുന്നതിനാൽ ഇനി സെൽ മീ ദ ആൻസറിൽ ആങ്കറായി തുടരാമെന്ന പ്രതീക്ഷയിലായിരുന്നു സുരാജ്. കൊല്ലത്ത് മുകേഷിന്റെ വിജയം ഉറപ്പിക്കാൻ സുരാജും മുകേഷിനൊപ്പം ബഡായി ബംഗ്‌ളാവിൽ അവതാരകനായ രമേശ് പിഷാരടിയും പ്രചരണത്തിനെത്തുകയും ചെയ്തിരുന്നു.

പക്ഷേ തിരഞ്ഞെടുപ്പു കഴിഞ്ഞ് എംഎൽഎ ആയതിനു പിന്നാലെ മുകേഷ് സെൽ മീ ദ ആൻസർ പ്രോഗ്രാമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ ഫ്‌ളവേഴ്‌സിൽ നല്ല നിലയിൽ പോയിരുന്ന കോമഡി സൂപ്പർനൈറ്റ് വിട്ട് ഏഷ്യാനെറ്റിലേക്ക് ചേക്കേറിയ സുരാജ് കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന നിലയിലായിരുന്നു. കോമഡി സൂപ്പർനൈറ്റാകട്ടെ സുരാജ് പോയശേഷം മറ്റുപലരേയും ആങ്കറാക്കി നോക്കിയെങ്കിലും ക്ലിക്കായതുമില്ല. ഇടയ്ക്കിടെ കോമഡി പറഞ്ഞും ട്രേയ്‌ഡേഴ്‌സിനെ കയ്യിലെടുത്തും അവരുടെ പ്രകടങ്ങൾ കൊഴുപ്പിച്ചുമെല്ലാം സുരാജ് മുകേഷിനെക്കാൾ തകർപ്പൻ പെർഫോമൻസ് ആയിരുന്നു സെൽമീദി ആൻസറിൽ കാഴ്‌ച്ച വച്ചത്.

ഇപ്പോൾ ഡീൽ ഓർ നോ ഡീലിലൂടെ സുരാജ് വീണ്ടും താരമാകുമെന്ന കാര്യം ഉറപ്പാണ്. പരിപാടി ഹിറ്റാകുമെന്ന് തന്നെയാണ് അണിയറക്കാരുടെയും വിശ്വാസം. 20 സുന്ദരികൾ ബോക്‌സുമായി നിൽക്കുമ്പോൾ ഓരോ ബോക്‌സ് സെലക്ട് ചെയ്യുന്ന ചൂതാട്ടത്തിന്റെ മാതൃകയിലുള്ള ഷോയാണ് ഡീൽ ഓർ നോ ഡീൽ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് മാത്രമാണ് മുകേഷ് ഇപ്പോൾ അവതാരകനായി എത്തുന്നത്. എംഎൽഎയെന്ന നിലയിലുള്ള തിരക്കുകൾ പരിഗണിച്ചു തന്നെയാണ് മുകേഷിന് പകരം സുരാജിനെ രംഗത്തിറക്കിയത്. എന്തായാലും ഈ മാറ്റം ഹിറ്റാകുമോ എന്നറിയാൻ കാത്തിരിക്കയാണ് ആരാധകർ.