- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ആശുപത്രികളിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി പ്രത്യേകം സെല്ലുകൾ ഒരുക്കണം; കേന്ദ്രത്തിന് കത്തയച്ച് ഡീൻ കുര്യാക്കോസ് എംപി
ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി പ്രത്യേകം സെല്ലുകൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീൻ കുര്യാക്കോസ്. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലും സേവനം ഒരുക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാറിനാണ് ഡീൻ ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചത്.
ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യപ്പെട്ടെത്തുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മാനസികമായ പിന്തുണ നൽകാനാവശ്യമായ സൈക്കോളജിക്കൽ കെയർ സേവനങ്ങളും ഈ ആശുപത്രികളിലുണ്ടാവണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ പാളിച്ചകളെ തുടർന്ന് ട്രാൻസ് വ്യക്തിയായ അനന്യ കുമാരി അലക്സ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഡീൻ കുര്യാക്കോസ് കത്തയച്ചിരിക്കുന്നത്.
രാജ്യത്ത് നടക്കുന്ന എല്ലാ ലിംഗമാറ്റ ശസ്ത്രക്രിയകൾ സുരക്ഷിതമായിരിക്കണമെന്നും അവ കൃത്യമായ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.'ഡബ്ല്യു.പി.എ.ടി.എച്ച് (വേൾഡ് പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്ത്) പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങളെല്ലാം പാലിച്ചായിരിക്കണം രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്,' ഡീൻ കുര്യാക്കോസ് പറഞ്ഞു.
ജൂലൈ 20നായിരുന്നു കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ആർ.ജെയും കേരള നിയമസഭയിലേക്ക് മത്സരിക്കാൻ ആദ്യമായി നാമനിർദേശ പത്രിക സമർപ്പിച്ച ട്രാൻസ്ജെൻഡർ മത്സരാർത്ഥിയുമായ അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു.
എറണാകുളം റെനെ മെഡിസിറ്റിയിൽ നിന്നാണ് ചെയ്തതെന്നും എന്നാൽ ശസ്ത്രക്രിയയിൽ പിഴവുണ്ടായതായും അനന്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശസ്ത്രക്രിയയിൽ പിഴവുണ്ടായിരുന്നതായി ഡോക്ടർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു. സർജറിക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നിൽക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പിൽ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കൽ നെഗ്ലിജൻസ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.
വലിയ ചർച്ചകൾക്കായിരുന്നു ഈ സംഭവം വഴിവെച്ചത്. തുടർന്ന് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സുരക്ഷിതമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.