- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീട് വാഗ്ദാനം ചെയ്ത് ഡീൻ കുര്യാക്കോസ് എംപി വഞ്ചിച്ചു; പഴയ വീട് കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് പൊളിച്ചുമാറ്റിയതോടെ തങ്ങൾ പെരുവഴിയിലായെന്നും ദളിത് കുടുംബം; ഇപ്പോൾ കഴിയുന്നത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരയിൽ; ആരോപണത്തിൽ ഡീൻ കുര്യാക്കോസിന്റെ വിശദീകരണം ഇങ്ങനെ
കോതമംഗലം: വീട് നിർമ്മിച്ചുനൽകാമെന്ന് ഉറപ്പുനൽകി ഡീൻ കുര്യാക്കോസ് എംപിയും പ്രാദേശിക നേതൃത്വവും കബളിപ്പിച്ചെന്ന് ദളിത്കുടുംബം. എംപിയുടെയുടെ പാർട്ടിക്കാർ തന്നെ നിലവിൽ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റിയെന്നും ഇപ്പോൾ വീട് നിർമ്മിച്ചു നൽകില്ലെന്ന് പാർട്ടി നേതാവ് അറിയിച്ചെന്നുമാണ് പരേതനായ കോൺഗ്രസ് പ്രവർത്തകന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നത്.പരേതനായ പ്ലാമുടി കല്ലുമല കൊറ്റംമ്പിള്ളി കുമാരന്റെ മകൾ ഉണ്ണിമായയും കുടുംബാംഗങ്ങളുമാണ് ഇക്കാര്യം ഇന്ന് മാധ്യമങ്ങളുടെ മുമ്പാകെ വ്യക്തമാക്കിയത്.
ഇപ്പോൾ തങ്ങൾ പെരുവഴിയിലെന്നും ഇക്കാര്യത്തിൽ എം പി ഇടപെട്ട് തീരുമാനം ഉണ്ടാക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പിതാവിന്റെ മരണത്തെ തുടർന്നുള്ള വീട് സന്ദർശനവേളയിലാണ് എംപി വീട് നിർമ്മിച്ചുനൽകാമെന്ന് ഉറപ്പു നൽകിയതെന്നും പിന്നീട് ഇക്കാര്യത്തിൽ നീക്കമൊന്നും ഉണ്ടായില്ലെന്നും മാസങ്ങൾ പിന്നിട്ടപ്പോൾ എം പി തങ്ങളെ കൈയൊഴിഞ്ഞതായി ബോദ്ധ്യപ്പെട്ടു എന്നുമാണ് ഉണ്ണിമായയുടെ വെളിപ്പെടുത്തൽ.
പാർട്ടിയുടെ പ്രാദേശിക നേതാക്കളായ മൈതീനും അനസ് കാസിമും നിലവിലെ വീട് പൊളിച്ചു മാറ്റുന്നതിന് നിർദ്ദേശിച്ചെന്നും ഇവരിൽ മൈതീനെത്തി, നിലം പൊത്താറായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയെന്നും പിന്നീട് സ്ഥാനക്കാരനെ വരുത്തി സ്ഥല നിർണ്ണയം നടത്തിയെന്നും ഇതിനായി മൈതീനാണ് പണം ചിലവഴിച്ചതെന്നും ഉണ്ണിമായ പറയുന്നു. പാർട്ടിയിലെ ചില പ്രശ്നങ്ങളാണ് വീട് നിർമ്മാണം മുടങ്ങാൻ കാരണമെന്നാണ് മൈതീൻ ഇക്ക പറഞ്ഞത്. ഇക്കാര്യത്തിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഇക്ക പറയുന്നത്. വീട് നിർമ്മാണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഇപ്പോൾ ഞങ്ങൾ .ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ്. ഒരു ഷെഡിലാണ് ഇപ്പോൾ താമസിക്കുന്നത്. ഒരു മഴ വന്നാൽ അത് അപ്പാടെ നിലം പതിക്കും.ഉണ്ണിമായ പറഞ്ഞു.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരയിലാണ് ഇന്ന് ഈ കുടുംബം കഴിയുന്നത്. കുമാരന്റെ ഭാര്യ ചിന്നു കുമാരനും ഉണ്ണിമായയ്ക്കാപ്പമെത്തിയിരുന്നു. റബ്ബർ ടാപ്പിംങ് തൊഴിലാളി ആയിരുന്ന കുമാരൻ അർബുദരോഗബാധിതനായിരുന്നു. ചികത്സയ്ക്കിടെ 9 മാസങ്ങൾക്ക് മുമ്പാണ് മരണമടഞ്ഞത്. കുമാരന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന കാര്യത്തിൽ പ്രാദേശിക നേതൃത്വത്തോട് അന്വേഷിക്കാൻ പറഞ്ഞിരുന്നെന്നും അവർ നടത്തിയ അന്വേഷണത്തിൽ ഭൂമി സംബന്ധിച്ച് ചില തർക്കങ്ങളും സാങ്കേതികമായി ചില പ്രശ്നങ്ങളും നിലനിൽക്കുന്നതായി അറിയിച്ചെന്നും ഇത് പരിഹരിക്കുന്ന മുറയ്ക്ക് വീട് നിർമ്മിച്ചു നൽകുമെന്നും ഡീൻ കുര്യക്കോസ് എം പി മറുനാടനോട് പ്രതികരിച്ചു.
എം പി പങ്കു വച്ച വിവരം പ്രാദേശിക കോൺഗ്രസ് നേതാവ് അനൂപ് കാസിമും ശരിവച്ചു. പിതാവിന്റെ മരണശേഷം മകൻ മനുവിന് ഓൺലൈൻ വിദ്യാഭ്യാസത്തിനായി എം പി വീട്ടിലെത്തി ടി വി നൽകയിരുന്നു. ഈ അവസരത്തിൽ ടി.വിയല്ലാ, അടച്ചുറപ്പുള്ള വീടാണ് തങ്ങൾക്കാവശ്യമെന്ന് കുടുംബം എംപിയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വീടുനിർമ്മാണത്തിനുള്ള സാധ്യതകളെകുറിച്ച് അന്വേഷിക്കാൻ പ്രാദേശിക നേതൃത്തെ എം പി ചുമതലപ്പെടുത്തി. അന്വേഷണത്തിൽ സ്ഥലത്തിന് 4 അവകാശികളുണ്ടെന്നും, അതിൽ ഒരവകാശിയായ കുമാരന് മാത്രമായി തന്നെ വീട് നിർമ്മിച്ചുനൽകാനാവില്ലെന്നും മറ്റുള്ളവർ അറിയിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബന്ധുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്ന മുറക്ക്, വാഗ്ദാനം പാർട്ടി പാലിക്കും.അനൂപ് കാസിം വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം വീട് നിർമ്മിച്ചുനൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയാൽ പാർട്ടി വീട് നിർമ്മിച്ചുനൽകാൻ തയ്യാറെന്ന് സി പി എം പ്രദേശിക നേതാവ് അഷറഫ് ചക്കര മാധ്യമങ്ങളോട് പ്രതികരിച്ചു.
മറുനാടന് മലയാളി ലേഖകന്.