ജിദ്ദ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി സൗദിയിൽ നിര്യാതയായി; റിയാദ് ഇന്റർനേഷനൽ ഇന്ത്യൻ സ്‌കൂൾ മുൻ അദ്ധ്യാപികയും കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയുമായ വിത്തുപുരയിൽ ബ്യൂല ഏബ്രഹാം ആണ് മരിച്ചത്. പരേതയ്ക്ക് 38 വയസായിരുന്നു പ്രായം.

റിയാദിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഏതാനും ദിവസങ്ങൾക്കു മുൻപു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബ്യൂല.

ഉപരി പഠനാർഥം കാനഡയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. കഴിഞ്ഞ 12 വർഷമായി സൗദിയിലുള്ള ബ്യൂല മൂന്നു വർഷം അദ്ധ്യാപികയായിരുന്നു. എംബിഎ ബിരുദമുള്ള ഇവർ ഒരുവർഷം മുൻപ് ജോലി രാജി വച്ചു കാനഡക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

തൃശൂർ ആൽപ്പാറയിലെ ഇടപ്പാറ വീട്ടിൽ ബിജു ഐസക്കിന്റെ ഭാര്യയാണ്. സതേൺ ഏജി സൂപ്രണ്ടും മലബാർ ഏജി ഡിസ്ട്രിക്റ്റ് സൂപ്രണ്ടുമായ പാസ്റ്റർ വിത്തുപുരയിൽ വി.ടി ഏബ്രഹാമിന്റെയും തങ്കമ്മ എബ്രഹാമിന്റെയും മൂത്ത മകളാണ് ബ്യൂല. തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക് ആണ് ഭർത്താവ്. മക്കൾ: ജോവൽ ബിജു (14), ജെറോം ബിജു (10 ).സഹോദരിമാർ: ബെറ്റ്‌സി,ബെനീറ്റ്.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.