റീഡ്സ്ബർഗ് (വിസ്‌കോൺസിൽ): മത വിശ്വാസത്തിന്റെ ഭാഗമായി മാതാപിതാക്കളും 15, 11 വയസ്സുള്ള രണ്ടു കുട്ടികളും നാല്പതു ദിവസത്തിലധികം ഉപവാസം അനുഷ്ഠിച്ചതിനെ തുടർന്ന് പതിനഞ്ചു വയസ്സുകാരൻ മരിക്കാനിടയായ സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റു ചെയ്തു കേസ്സെടുത്തതായി റീഡ്ബർഗ് പൊലീസ് ചീഫ് തിമൊത്തി ബക്കർ അറിയിച്ചു.

ജൂലൈ 19 മുതലാണ് ഭക്ഷണവും പാനീയവും ഉപേക്ഷിച്ചു ഉപവാസം ആരംഭിച്ചതെന്ന് പിതാവ് കെഹിൻഡി ഒമോസ്ബി (49) പറഞ്ഞു.സെപ്റ്റംബർ രണ്ട് ഞായറാഴ്ച പിതാവ് റീഡ്ബർഗ് പൊലീസ് സ്റ്റേഷനിലെത്തി മകൻ മരിച്ച വിവരം അറിയിച്ചു.

പൊലീസ് ഉടനെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ അവശനിലയിലായ ഭാര്യ റ്റിറ്റിലായ ഒമോസ്ബിയേയും പതിനൊന്ന് വയസ്സുള്ള കുട്ടിയേയും മലിനമായ ചുറ്റുപാടിൽ കണ്ടെത്തി. ഉടനെ മാതാവിനേയും കുട്ടിയേയും മാഡിസനിലെ ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കളോടൊപ്പം കുട്ടികളെ നിർബന്ധപൂർവ്വം ഉപവാസം അനുഷ്ഠിക്കുന്നതിന് പ്രേരിപ്പിച്ചതാണോ എന്ന് അന്വേഷിച്ചുവരുന്നു.

എന്നെ സഹായിക്കണം ഭക്ഷണമില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന് എഴുതിയ പതിനഞ്ചുകാരന്റെ കത്ത് പൊലീസ് കണ്ടെടുത്തു. ദൈവീക അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഉപവസിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു