സൗദിയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ജിദ്ദയിൽ ലിഫ്റ്റ് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയും ഹായിലിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയുമാണ് മരിച്ചത്. ഇതോടെ രണ്ടു ദിവസങ്ങൾക്കുള്ളിൽ മലയാളി സമൂഹത്തിനിടിയിൽ നിന്നും ഉണ്ടായ മരണങ്ങൾ മൂന്നായി.രണ്ടു ദിവസങ്ങൾക്കു മുമ്പ് ജിദ്ദയിൽ മറ്റൊരു യുവാവ് ഷോക്കേറ്റു മരിച്ചിരുന്നു.

ജിദ്ദയിൽ ലിഫ്റ്റ് കൺവെയർ ദേഹത്തേക്ക് വീണു മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. ഇരുപത്തി എട്ടു വയസായിരുന്നു പ്രായം. സാധനങ്ങൾ മാറ്റാനുപയോഗിക്കുന്ന ലിഫ്റ്റ് കൺവയർ കേടുപാടുകൾ തീർക്കുന്നതിനിടയിൽ മുകളിൽനിന്നും ദേഹത്ത് പതിക്കുകയായിരുന്നു. സനാഇയയിലെ ബിൻസാഗർ കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയിരുന്നു.

9 വർഷങ്ങളായി സൗദിലുള്ള ഹാരിസ് യൂത്ത് ഇന്ത്യ സജീവ പ്രവർത്തകനായിരുന്നു. ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ വളണ്ടിയർ സേവനത്തിനു മുൻനിരയിലുണ്ടായിരുന്നു ഹാരിസ്. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയത്. അടുത്ത മാസം ഭാര്യയെയും ഒന്നര വയസുള്ള മകളെയും ജിദ്ദയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം.

ഹായിൽ-റിയാദ് ഹൈവേ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മറ്റൊരു മലയാളിയുടെ മരണം. കണ്ണൂർ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി 42 കാരൻ മീത്തലെപുരയിൽ അബ്ദുൽ റസാക്കാണ് മരിച്ചത്.അൽ ഖസീം ഹൈവയിൽ നിന്നും റിയാദിലേക്കുള്ള യാത്രയിൽ 120 കി.മീ ബാക്കിയുള്ളപ്പോഴാണ് അപകടം. ഹായിലിൽ ദാറുഷമാൽ എന്ന പേരിൽ മൊത്തക്കച്ചവട സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം തുമീർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.